തിരുവനന്തപുരം: ബംഗ്ലാദേശിലെ ഭരണമാറ്റത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന ഉണ്ടായിരുന്നതായി മാനേജ്മെൻറ് വിദഗ്ധനും കോളമിസ്റ്റുമായ പ്രൊഫസർ രാജീവ് ശ്രീനിവാസൻ. ജനാഭിലാഷങ്ങളെ മുൻനിർത്തിയുള്ള പ്രക്ഷോഭമാണ് അവിടെ നടന്നതെന്ന് പറയാൻ ആവില്ല. വിദ്യാർത്ഥി വിപ്ലവം പ്രൊഫഷണൽ കലാപകാരികൾ ഏറ്റെടുക്കുകയായിരുന്നു. സമരത്തിൻറ ആദ്യദിവസങ്ങളിൽ കൊല്ലപ്പെട്ട 204 പേരിൽ 53 പേർ മാത്രമായിരുന്നു വിദ്യാർത്ഥികൾ. ഇക്കാര്യം ദി ഡെയിലി സ്റ്റാർ എന്ന പത്രം റിപ്പോർട്ട് ചെയ്തിരുന്നു. പ്രക്ഷോഭം പെട്ടെന്ന് അക്രമാസക്തമായത് ജമാഅത്തെ ഇസ്ലാമിയുടെയും, ബിഎൻപിയുടെയും ഇടപെടലുകൾ മൂലമായിരുന്നു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഡോക്ടർ ബി. എസ് ഹരിശങ്കർ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബംഗ്ലാദേശിലെ ഭരണ മാറ്റം-ഭൂരാഷ്ട്ര തന്ത്രപരമായ വിവക്ഷകൾ എന്നതായിരുന്നു പ്രഭാഷണ വിഷയം. ഷേക്ക് ഹസീനയുടെ വിടവാങ്ങൽ ഭാരതത്തിന്റെ ഭൗമ രാഷ്ട്രീയ അഭിലാഷങ്ങൾക്ക് ഏറ്റ കനത്ത പ്രഹരമാണ്. ഭാരതത്തിനോട് ശത്രുത പുലർത്തുന്ന ശക്തികൾ അവിടെ സ്വാധീനം ഉറപ്പിക്കുകയാണ്. മേഖലയിൽ ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കാൻ പുതിയ സർക്കാരുമായുള്ള ബന്ധം ഭാരതം സന്തുലിതമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാനുമായി ശക്തമായി ബന്ധമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. സൈന്യത്തിന് മേലും അവർക്ക് സ്വാധീനമുണ്ട്. ചൈനയെ പോലെ തന്നെ ഭാരതത്തിൻറെ മുന്നേറ്റത്തെ പരിമിതപ്പെടുത്താൻ ആഗ്രഹിക്കുന്ന ശക്തിയാണ് അമേരിക്കയും. ഇവരുടെയൊക്കെ സ്വാധീനവും അവിടെ പ്രവർത്തിച്ചിട്ടുണ്ടാവാം. ഹിന്ദുക്കളെ ഭീകരമായി അടിച്ചൊതുക്കിയതിനെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങൾക്ക് ഒന്നും പറയാനില്ല എന്നത് ശ്രദ്ധേയമാണ്.
ഏഷ്യയെ ഉയർത്താൻ പോകുന്ന മാതൃകാ നേതാവാണ് ഹസീന എന്ന ആഖ്യാനം ചമച്ചിരുന്നവർ പൊടുന്നനെ അവരെ സേഛാധിപതി ആക്കി. അമേരിക്കയിലെ ഗൂഡ താൽപര്യക്കാരും മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന അവരുടെ പിണിയാളുകളുമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ 1971 ൽ 28 % ആയിരുന്നു. അതിപ്പോൾ 8% ആയി കുറഞ്ഞു. ചിറ്റഗോങ്ങ് മലയോരത്തിലെ ബുദ്ധമതക്കാരായ ചഗ്മകളും സമ്മർദ്ദത്തിലാണ്. ഭാരതം സി.എ.എ വിപുലപ്പെടുത്തണം. അല്ലെങ്കിൽ ബുദ്ധമതക്കാർക്കും ഹിന്ദുക്കൾക്കും ഭാരതത്തിലേക്ക് മടങ്ങിവരാനുള്ള നിയമം പാസാക്കണം. ഇത്തരമൊരു നിയമം ഇസ്രയേലിലും മറ്റു രാജ്യങ്ങളിലും നിലവിലുണ്ട്.
ചടങ്ങിൽ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ സഞ്ജയൻ അധ്യക്ഷത വഹിച്ചു. വിനോദ് കുമാർ, ഡോ. രാജി ചന്ദ്ര എന്നിവരും സംസാരിച്ചു.
Discussion about this post