ഇരിട്ടി: വെളിമാനം സെന്റ് സെബാസ്‌റ്റ്യൻസ് ഹയർ സെക്കന്ററി സ്‌കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി ആരോമൽ സുരേഷ് ആത്മഹത്യ ചെയ്‌തതിൽ അധ്യാപകർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനവ് തൂണേരി. സ്‌കൂളിലെ ജനൽ ചില്ല് പൊട്ടിയതുമായി ബന്ധപ്പെട്ട് ആരോമലിനെ സ്‌കൂൾ അദ്ധ്യാപകരും ഹെഡ്മാഷും വിളിച്ച് ശാസിക്കുകയും മറ്റു കുട്ടികളുടെ മുന്നിൽവെച്ചു നിരന്തരം മാനസികമായി തളർത്തുന്ന നടപടി ഉണ്ടായി. നഷ്ടപരിഹാരമായി പണം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തി മാനസിക ആഘാതം ഏൽപ്പിച്ചതിലൂടെ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. അധ്യാപകരുടെയും സ്‌കൂൾ അധികൃതരുടെയും ഭീഷണിമൂലം കുട്ടിയുടെ ഒരു സഹപാഠികളും സംഭവത്തിന് ദൃക്‌സാക്ഷി പറയാൻ തയാറാവുന്നില്ലെന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. മരണപ്പെട്ട ശേഷം മുൻകൂട്ടി തയാറാക്കിയ സ്ക്രിപ്റ്റിലെ കഥകൾ മാധ്യമങ്ങൾക്ക് മുൻപിൽ വിളമ്പുകയാണ് ഹെഡ്മാഷ് ജോഷി. കുട്ടിയുടെ ആത്മഹത്യക്ക് കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കാൻ സ്‌കൂൾ നിയന്ത്രിക്കുന്ന തലശ്ശേരി അതിരൂപത തയ്യാറാവണം.
സ്‌കൂൾ അധികൃതർ നടന്നെന്ന് പറയുന്ന സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പിടിഎ കമ്മിറ്റിയിൽ സജീവ അംഗമായിരുന്ന കുട്ടിയുടെ പിതാവിനെ അറിയിക്കാനുള്ള സാമാന്യ മര്യാദപോലും ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടയില്ല. സ്‌കൂളിൽ ഉണ്ടായ നിസ്സാര വിഷയത്തിന്റെ പേരിൽ കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്ന സമീപനമാണ് സ്‌കൂൾ അധികൃതർ ചെയ്തത്. ആരാലും സംഭവിക്കാവുന്ന പ്രശ്‌നത്തിന് കാരണം വിദ്യാർത്ഥിയാണെന്ന് മുദ്രകുത്തി നിരന്തരം മാനസികമായി തളർത്തിയ സ്‌കൂൾ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും നടപടി അങ്ങേയറ്റം അപലപനീയവും ഒരിക്കലും നീതികരിക്കാനാവാത്തതുമാണ്. സ്‌കൂളിൽ കുട്ടിയുടെ പൊതുദർശനം നടത്താനോ മരണ ദിവസം സ്‌കൂളിന് അവധി നൽകാനോ സ്‌കൂൾ അധികൃതർ തയ്യാറായില്ല. ഒരധ്യാപകനും വിദ്യാർത്ഥിയുടെ കുടുംബവുമായി ഇന്നുവരെ സംസാരിക്കാൻപോലും തയ്യാറയിട്ടില്ല. ഇതൊക്കെ വിരൽ ചൂണ്ടുന്നത് സ്‌കൂൾ അധികൃതരുടെ ധിക്കാരപരമായ സമീപനമാണ്. അത് കാരണം ഒരു വിദ്യാർത്ഥിയുടെ ജീവനാണ് പൊലിഞ്ഞു പോയത്. വിദ്യാർത്ഥിയുടെ ആത്മഹത്യയ്ക്ക് കാരണമായ സ്‌കൂൾ മാനേജ് മെൻ്റിനും അധ്യാപകർക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. കേസുമായി ബന്ധപ്പെട്ട് പോലീസ് ശക്തമായ നടപടി സ്വീകരിക്കണം. വിഷയത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
Discussion about this post