ചെങ്ങന്നൂര്‍: ക്ഷേത്ര പ്രാര്‍ത്ഥനയില്‍ ഗുരുദേവ കീര്‍ത്തനം ആര്‍എസ്എസ് വിലക്കിയെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് എസ്എന്‍ഡിപി ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍. കല്ലിശേരി മഴുക്കീര്‍മേല്‍ ക്ഷേത്രത്തില്‍ നടന്ന നാമജപത്തില്‍ ഗുരുദേവഗീതം ആര്‍എസ്എസ് തടഞ്ഞെന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാന രഹിതമാണ്. വിഷയത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് എസ്എന്‍ഡിപി യൂണിയന്‍ അഡ്മിനിസ്ട്രേറ്റര്‍ സുരേഷ് പരമേശ്വരന്‍ വ്യക്തമാക്കി. ക്ഷേത്രത്തില്‍ ഗുരുദേവകീര്‍ത്തനങ്ങള്‍ ആലപിക്കുന്നതിന് ഒരു തരത്തിലുള്ള എതിര്‍പ്പുകളുമില്ലെന്ന് ക്ഷേത്രോപദേശക സമിതിയും അറിയിച്ചു.
അതേസമയം ആര്‍എസ്എസിനെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ഹൈന്ദവ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു പിന്നില്‍ തത്പരകക്ഷികളുടെ ഗൂഢലക്ഷ്യങ്ങളുണ്ട്. വിഷയത്തില്‍ എസ്എന്‍ഡിപിയും ഹൈന്ദവ സംഘടനാ നേതാക്കളും നടത്തിയ ചര്‍ച്ചയില്‍ യാഥാര്‍ത്ഥ്യം വ്യക്തമായിട്ടുണ്ട്.
ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്കൊപ്പം എന്നും നിലകൊള്ളുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസും വിവിധക്ഷേത്ര സംഘടനകളും. സംഘത്തിന്റെ പ്രാതഃസ്മരണയില്‍ ഭാരതമാകെ നിത്യവും സ്മരിക്കുന്ന മഹത്തുക്കളില്‍ പ്രധാനിയാണ് ഗുരുദേവന്‍. മുഴുവന്‍ ഹിന്ദുസമൂഹത്തിലും ദൈവദശകം പഠിപ്പിക്കുകയും ആലപിക്കുകയും ചെയ്യുന്നതിന് സംഘവും നേതൃത്വം നല്കുന്നുണ്ട്. ശ്രീനാരായണീയ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് സ്വീകാര്യത വര്‍ദ്ധിക്കുന്നതില്‍ അസ്വസ്ഥരായവര്‍ നടത്തിയ ആസൂത്രിത ശ്രമത്തിന്റെ ഫലമാണ് ഈ വ്യാജപ്രചരണം.
Discussion about this post