ന്യൂദൽഹി: ഉത്സവ സീസൺ അടുത്തതോടെ ദുർഗാപൂജ, ദീപാവലി, ഛാത്ത് ഉത്സവങ്ങൾക്കായി 6,000 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഈ സീസണിൽ ഒരു കോടിയിലധികം യാത്രക്കാരെ പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ 108 ട്രെയിനുകളിൽ അധിക ജനറൽ കോച്ചുകൾ കൂട്ടിച്ചേർക്കുകയും 12,500 കോച്ചുകൾ ഇതുവരെ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്കുള്ള നിരവധി ട്രെയിൻ റൂട്ടുകളിൽ ദുർഗാപൂജ, ദീപാവലി, ഛാത്ത് ഉത്സവങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഈ വർഷത്തെ ഫെസ്റ്റിവൽ സീസണിൽ ഇതുവരെ 5,975 പ്രത്യേക ട്രെയിനുകൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 4,429 ആയിരുന്നുവെന്ന് വൈഷ്ണവ് പറഞ്ഞു. ഈ പൂജാ തിരക്കിനിടയിൽ ഒരു കോടിയിലധികം യാത്രക്കാർക്ക് വീടുകളിലേക്ക് പോകാൻ ഇത് സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുർഗ്ഗാ പൂജ ഒക്ടോബർ 9 ന് ആരംഭിക്കും. ദീപാവലി ഒക്ടോബർ 31 ന് ആഘോഷിക്കും. ഛത്ത് പൂജ ഈ വർഷം നവംബർ 7, 8 തീയതികളിലാണ് നടക്കുന്നത്.
Discussion about this post