കൊച്ചി: 2025 ജനുവരി 3,4,5 തീയതികളിൽ എറണാകുളത്ത് നടക്കുന്ന എബിവിപി 40ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം എളമക്കര മാധവനിവാസിലെ മാധവജി മണ്ഡപത്തിൽ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
ജനസംഘത്തിന്റെ പോഷക സംഘടനയാണ് എബിവിപിയെന്ന് ആൾക്കാർ കരുതാറുണ്ട് എന്നാൽ മറ്റുള്ള വിദ്യാർത്ഥി സംഘടന പോലെ രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനയല്ല എബിവിപി. വിദ്യാർത്ഥികൾക്ക് ദേശീയ ബോധമുണർത്താൻ സംഘം തുടങ്ങിയ വിദ്യാർത്ഥി സംഘടനയാണ് വിദ്യാർത്ഥി പരിഷത്ത്. വിദ്യാർത്ഥി പരിഷത്ത് രൂപീകരിച്ച് കാലങ്ങൾക്ക് ശേഷം തുടങ്ങിയ സംഘടനയാണ് ജനസംഘമെന്ന് എസ്. സേതുമാധവന്‍ പറഞ്ഞു.
മറ്റു സംഘടനകൾ ചിന്തിക്കുന്നത് ഇന്നത്തെ വിദ്യാർത്ഥി നാളെത്തെ പൗരനെന്നാണ് എന്നാൽ എബിവിപി ചിന്തിക്കുന്നത് ഇന്നത്തെ വിദ്യാർത്ഥി ഇന്നത്തെ പൗരനെന്നാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.
എബിവിപി സംസ്ഥാന സെക്രട്ടറി ഇ. യു ഈശ്വരപ്രസാദ് ആമുഖം പറഞ്ഞ ചടങ്ങിൽ സ്വാഗതസംഘം ഭാരവാഹികളെ എബിവിപി സംസ്ഥാന ഉപാധ്യക്ഷൻ വി.യു ശ്രീകാന്ത് പ്രഖ്യാപിച്ചു.
മുഖ്യരക്ഷാധികാരിമാരായി ആർഎസ്‌എസ് എറണാകുളം വിഭാഗ് സംഘചാലക് ആമേട വാസുദേവൻ നമ്പൂതിരി, എംജിഎ രാമൻ (റിട്ട. ഡിജിപി), ജസ്റ്റിസ് പി. എൻ രവീന്ദ്രൻ (റിട്ട. കേരള ഹൈക്കോടതി), ഡോ. ആശ ലത എസ്. എ (സിഫ്റ്റ് പ്രിൻസിപ്പൽ സയന്റിസ്റ്), ഡോ. നമ്പൂതിരി (റിട്ട. പ്രൊഫസർ, കുസാറ്റ്), ചെയർമാൻ ധമോദരൻ (വൈസ് പ്രസിഡന്റ് ഫെഡറൽ ബാങ്ക്), ജനറൽ സെക്രട്ടറി എം. എ വിനോദ് (മുൻ എബിവിപി സംസ്ഥാന സംഘടന സെക്രട്ടറി), ട്രഷറർ ജോഷി ( മുൻ എബിവിപി എറണാകുളം വിഭാഗ് പ്രമുഖ്) തുടങ്ങി 60 പേർ അടങ്ങിയ സ്വാഗതസംഘ ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്.
കഴിഞ്ഞ വർഷം ദേശീയ സമ്മേളനത്തിനൊപ്പം ഡൽഹിയിൽ വെച്ചായിരുന്നു സംസ്ഥാന സമ്മേളനം നടന്നത്. നവംബര്‍ 22, 23, 24 തിയ്യതികളിലായി എബിവിപി എഴുപതാം ദേശീയ സമ്മേളനത്തിന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ വേദിയാകും.
Discussion about this post