കല്പറ്റ: വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി സേവാഭാരതി ഭൂമി കണ്ടെത്തി. കുപ്പാടി വില്ലേജില്‍, നൂല്‍പ്പുഴ ശ്രീനിലയത്തില്‍ എം.കെ. മീനാക്ഷിയുടെയും മൂന്നു മക്കളുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന 4.5 ഏക്കര്‍ സ്ഥലമാണ് സേവാഭാരതി വാങ്ങിയത്. വൈത്തിരി താലൂക്കിലെ മൂപ്പൈനാട് പഞ്ചായത്തിലാണ് ഈ സ്ഥലം. സേവാഭാരതിയുടെ മുതിര്‍ന്ന കാര്യകര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ തീറാധാരം എഴുതി രജിസ്റ്റര്‍ ചെയ്തു.
ദുരന്തം നടന്ന ദിവസം മുതല്‍ സേവാഭാരതിയുടെ ഓഫീസ് ദുരിതബാധിതര്‍ക്കായി പ്രവര്‍ത്തിച്ചുവരികയാണ്. സേവാഭാരതി പ്രവര്‍ത്തകര്‍ ഗ്രാമവാസികളെ അവരുടെ താല്‍ക്കാലിക വാസസ്ഥലങ്ങളില്‍ നേരിട്ട് സന്ദര്‍ശിച്ച് അവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റി വരുന്നു.
















