ചെന്നൈ: വ്യക്തികളും സംഘടനകളും കൈയേറിയ ക്ഷേത്രഭൂമികള്‍ തിരിച്ചുപിടിക്കാന്‍ പുതുച്ചേരി സര്‍ക്കാര്‍ പ്രത്യക സമിതി രൂപീകരിക്കും. ലഫ്. ഗവര്‍ണര്‍ കെ. കൈലാസനാഥന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. ഡെപ്യൂട്ടി കളക്ടര്‍, ഹിന്ദു റിലിജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് കമ്മീഷണര്‍, തഹസില്‍ദാര്‍, പോലീസ് സൂപ്രണ്ട്, ഇന്‍സ്‌പെക്ടര്‍, സര്‍വേയര്‍ എന്നിവരടങ്ങിയതാണ് സമിതി. ക്ഷേത്രസ്വത്തുക്കള്‍ കൈയേറിയത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ അത് നീക്കുന്നതിനുള്ള അധികാരം ഈ സമിതിക്കുണ്ടാകും.
കൈയേറ്റങ്ങളുടെ വ്യക്തമായ ചിത്രം ലഭിക്കുന്നതിന് ക്ഷേത്ര ഭൂമികളുടെ പുനര്‍നിര്‍ണയം ഉടന്‍ ആരംഭിക്കുമെന്ന് പുതുച്ചേരി ഹിന്ദു റിലിജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്(എച്ച്ആര്‍ഐ) അധികൃതര്‍ വ്യക്തമാക്കി. എച്ച്ആര്‍ഐയുടെ പരിധിയില്‍ 243 ക്ഷേത്രങ്ങളുണ്ട്. പല ഭൂമികളും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍, ഒരു പുനര്‍സര്‍വേ ആവശ്യമാണെന്നും ഇതിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
2017ലെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രകാരം 200 ഏക്കര്‍ ക്ഷേത്രഭൂമി കൈയേറിയിട്ടുണ്ട്. എച്ച്ആര്‍ഐ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രസ്വത്തുക്കളുടെ വിശദാംശങ്ങള്‍ ഇന്റഗ്രേറ്റഡ് ടെംപിള്‍ മാനേജ്മെന്റ് സിസ്റ്റം പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യാന്‍ പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസാമി നിര്‍ദേശിച്ചു.
ഈശ്വര ധര്‍മ്മരാജ് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള കാമാച്ചി അമ്മന്‍ കോവില്‍ സ്ട്രീറ്റില്‍ 30 വര്‍ഷമായി കൈയേറിയിരുന്ന മൂന്ന് കോടി രൂപ വില വരുന്ന ഭൂമി മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അടുത്തിടെ തിരിച്ചുപിടിച്ചിരുന്നു.
Discussion about this post