ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ.
1888 നവംബർ 7-ന്, തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ, ചന്ദ്രശേഖര അയ്യരുടേയും പാർവതി അമ്മാളുടേയും രണ്ടാമത്തെ മകനായി ചന്ദ്രശേഖര വെങ്കിട്ടരാമൻ ജനിച്ചു. ചെറുപ്പത്തിൽതന്നെ രാമന് ഭൗതികശാസ്ത്രത്തിൽ ഏറെ താല്പര്യമുണ്ടായിരുന്നു. അദ്ദേഹം ഒരു ഡൈനാമോ അന്നേ സ്വയം നിർമ്മിച്ചു.
പതിനൊന്നാമത്തെ വയസ്സിൽ രാമൻ മെട്രിക്കുലേഷൻ ഒന്നാമനായി വിജയിച്ചു. പിന്നീടദ്ദേഹം അച്ഛൻ പഠിപ്പിച്ചിരുന്ന എ.വി.എൻ. കോളേജിൽനിന്ന് ഇന്റർമീഡിയേറ്റും വിജയിച്ചു.പ്രസിഡൻസി കോളേജിൽ ഭൗതികശാസ്ത്രം പഠിക്കാനായി എം.എ. യ്ക്കു ചേർന്നു. 1907-ൽ, രാമൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് തന്നെ എം.എ പാസ്സായി.
1907-ൽ എഫ്.സി.എസ്. പരീക്ഷ വിജയിക്കുകയും ചെയ്തു.
1907 ജൂണിൽ രാമൻ അസിസ്റ്റൻറ് അക്കൗണ്ടന്റ് ജനറലായി, കൽക്കട്ടയിൽ, ജോലിയിൽ പ്രവേശിച്ചു
രാമൻ തന്റെ ഗവേഷണഫലങ്ങൾ അപ്പപ്പോൾതന്നെ പ്രസിദ്ധീകരിച്ചിരുന്നു. തൽഫലമായി, 1912-ൽ കർസൺ റിസർച്ച് പ്രൈസും (Curzon Research Prize) 1913-ൽ വുഡ്‌ബേൺ റിസർച്ച് മെഡലും (Woodburn Research Medal) അദ്ദേഹത്തിനു ലഭിച്ചു.
ഇന്ത്യക്കാരനായ ആദ്യ സർവകലാശാല വൈസ് ചാൻസലർ സർ. അഷുതോഷ് മുഖർജിയുടെ ക്ഷണം സ്വീകരിച്ച് 1917ൽ സർക്കാർ ഉദ്യോഗം രാജിവെച്ച് കൽക്കത്ത യൂണിവേഴ്‌സിറ്റി സയൻസ് കോളേജിൽ ഭൗതികശാസ്ത്ര വിഭാഗം മേധാവിയായി രാമൻ സ്ഥാനമേറ്റു.
1921ൽ യൂറോപ്പിൽ നിന്നുള്ള കപ്പൽയാത്രയിൽ കടലിന്റെ നീലനിറം നിരീക്ഷിച്ചുകൊണ്ട് രാമൻ ആരംഭിച്ച പ്രകാശപഠനത്തിന്റെ തുടർച്ചയായാണ് അദ്ദേഹവും വിദ്യാർഥികളും ചേർന്ന് 1928ൽ ‘രാമൻ പ്രഭാവം’ കണ്ടുപിടിച്ചത്.
ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. കടലിന് നീലനിറം എങ്ങനെ ലഭിക്കുന്നു എന്ന ചോദ്യമാണ് ഈ പ്രതിഭാസത്തിന്റെ വിശദീകരണം കണ്ടെത്താൻ രാമനെ പ്രേരിപ്പിച്ചത്.
1928 ഫെബ്രുവരി 28 ന് ഇത് പ്രസിദ്ധീകരിക്കുകയുംചെയ്തു.
ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം ആയി ആചരിക്കുന്നു.
1930ൽ ഭൗതികശാസ്ത്രത്തിനുള്ള
നൊബേൽ പുരസ്‌കാരം നേടിയ രാമൻ, 1933ൽ ബാംഗ്ലൂരിലെ ‘ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസി’ന്റെ ഇന്ത്യക്കാരനായ ആദ്യ ഡയറക്ടറായി ചുമതലയേറ്റു. ആരോടും വിട്ടുവീഴ്ച ചെയ്യാത്ത സ്വാഭാവമായിരുന്നു രാമന്റേത്. അത് കൊൽക്കത്തയിൽ ഒട്ടേറെ ശത്രുക്കളെ ഉണ്ടാക്കി. അതൊടുവിൽ കൊൽക്കത്തയുമായുള്ള ബന്ധം തന്നെ പൂർണമായും വിടർത്തുന്ന അവസ്ഥയിലായി.1933-ൽ കൊൽക്കത്ത വിട്ട് ബാംഗ്ലൂരിലേക്ക് രാമൻ ചെക്കേറുമ്പോൾ ഭൗമശാസ്ത്രജ്ഞൻ സർ എൽ.എൽ. ഫെർമോർ ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘കൽക്കത്തയുടെ നഷ്ടം ബാംഗ്ലൂരിന്റെ നേട്ടമാകും
1930കളുടെ തുടക്കംവരെ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ബാംഗ്ലൂർ ഇന്ന് ഇന്ത്യയുടെ ‘ശാസ്ത്ര തലസ്ഥാനം’ എന്ന വിശേഷണം പേറുന്നത് രാമന്റെ സാന്നിധ്യമാണ്.
1948 നവംബറിൽ ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് വിരമിച്ച രാമൻ, അതിനടുത്തു തന്നെ തന്റെ സ്വന്തം സ്ഥാപനമായ ‘രാമൻ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട്’ (RRI) സ്ഥാപിച്ച് ഗവേഷണം തുടർന്നു.
1954-ൽ അദ്ദേഹത്തിനു ഭാരതരത്നം പുരസ്കാരം ലഭിച്ചു.
മരിക്കും വരെയും പ്രകൃതിരഹസ്യങ്ങൾ തേടാനുള്ള ജിജ്ഞാസ അദ്ദേഹം കാത്തുസൂക്ഷിച്ചു.
1970 നവംബർ 21 ശനിയാഴ്ച വെളുപ്പിന് 82-മത്തെ വയസ്സിൽ സി .വി. രാമൻ മരണമടഞ്ഞു.
Discussion about this post