നാഗ്പൂർ: ആർ എസ് എസ് വിശേഷ കാര്യകർത്താ വികാസ് വർഗ് ദ്വിതീയയ്ക്ക് തുടക്കമായി. രേശിംഭാഗിൽ ഡോ. ഹെഡ്‌ഗേവാർ സ്മൃതി മന്ദിരത്തിലെ മഹർഷി വ്യാസ് സഭാ ഗൃഹത്തിൽ നടന്ന ഉദ്ഘാടന സഭയിൽ ശിക്ഷാർത്ഥികളെ അഭിസംബോധന ചെയ്ത് അഖില ഭാരതീയ സഹസേവാ പ്രമുഖും വർഗ് പാലക് അധികാരിയുമായ രാജ്കുമാർജി മടാലെ സംസാരിച്ചു. ഡോ.ഹെഡ്‌ഗേവാറിന്റെയും ശ്രീഗുരുജിയുടെയും തപോഭൂമിയിൽ ആരംഭിച്ച ഈ വിശേഷ വർഗ് ഐതിഹാസികമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘശിക്ഷാ വർഗിന്റെ പുതിയ ഘടനയനുസരിച്ച് ആദ്യമായി നടക്കുന്ന വിശേഷ വർഗാണിത്. വർഗ് ദേശീയ ഐക്യത്തിൻ്റെയും സഹവർത്തിത്വത്തിന്റെയും വികാരം നൽകുന്നു. സംഘത്തിന്റെ രീതിയനുസരിച്ച് പ്രശിക്ഷണ വർഗുകൾ പ്രധാനമാണ്. അതിനാൽ, വിവിധ പ്രാന്തങ്ങളിൽ പ്രശിക്ഷണ വർഗുകളുടെ പ്രവർത്തനം ആരംഭിച്ചു, അദ്ദേഹം പറഞ്ഞു.
1925യിൽ സ്ഥാപിതമായ സംഘം 1927ൽ പ്രശിക്ഷണ വർഗുകൾ ആരംഭിച്ചു. അന്ന് 17 ശിക്ഷാർത്ഥികളാണ് പ്രശിക്ഷണം നേടിയത്. അടിയന്തരാവസ്ഥക്കാലത്തും കൊവിഡ് കാലത്തും ഒഴികെ എല്ലാ വർഷവും സംഘത്തിൻ്റെ പ്രശിക്ഷണ വർഗുകൾ നടന്നിരുന്നു. കാലക്രമേണ പ്രശിക്ഷണ വർഗുകളുടെ ദൈർഘ്യവും പാഠ്യക്രമങ്ങളും മാറിയെന്ന് രാജ്കുമാർ മടാലെ ചൂണ്ടിക്കാട്ടി.
ആദ്യ സർസംഘചാലക് ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാർ മൊഹിതെ ശാഖയിൽ നിന്ന് ആരംഭിച്ച സംഘ പ്രവർത്തനം ഇന്ന് രാജ്യവ്യാപകമായി മാറിയിരിക്കുന്നു. സ്വാമി വിവേകാന്ദൻ പറഞ്ഞതുപോലെ ഏതൊരു വിശുദ്ധ ഗ്രന്ഥത്തെയും ആദ്യം അവഗണിക്കുകയും പരിഹസിക്കുകയും എതിർക്കുകയും പിന്നീട് അംഗീകരിക്കുകയും ചെയ്യുന്നു വെന്നതുപോലെ പ്രാരംഭ കാലഘട്ടത്തിൽ സംഘപ്രവർത്തനം അവഗണിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തു. ഇന്ന് സംഘപ്രവർത്തനത്തിന് എല്ലായിടത്തും സ്വീകാര്യത ലഭിക്കുന്നുണ്ട്. സംഘപ്രവർത്തനത്തെ പരസ്യമായി എതിർക്കുന്നവർ പോലും ഇന്ന് സ്വകാര്യമായി അതിനെ പ്രശംസിക്കുന്നു. പഞ്ചപരിവർത്തനത്തിലൂടെ സമാജത്തെ ഉണർത്തുകയും ഉയർത്തുകയുമാണ് ഇപ്പോഴത്തെ ഊന്നൽ. അതിന് ശേഷിയും വൈദഗ്ധ്യവും വർധിപ്പിക്കുന്നതുവഴി രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുകയാണ് വർഗ് ചെയ്യുന്നത്. രാജ്‌കുമാർ മടാലെ പറഞ്ഞു.
ഉദ്ഘാടന സഭയിൽ സഹസർകാര്യവാഹ് ഡോ. കൃഷണഗോപാൽ, രാജ്‌കുമാർ ജി മടാലെ, ജോധ്പൂർ പ്രാന്ത സംഘചാലകും വർഗ് സർവാധികാരിയുമായ ഹർദയാൽ വർമ എന്നിവർ പങ്കെടുത്തു. അവർ ഭാരത് മാതാ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി. സഹസർകാര്യവാഹുമാരായ സി.ആർ മുകുന്ദ, രാംദത്ത് ചക്രധർ എന്നിവർ സന്നിഹിതരായിരുന്നു.
രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ നിന്നുള്ള 40 വയസ്സിന് മുകളിലുള്ള 868 ശിക്ഷാർത്ഥികളാണ് 25 ദിവസത്തെ വർഗിൽ പങ്കെടുക്കുന്നത്. ഡിസംബർ 12നാണ് വർഗ് സമാപിക്കുന്നത്. പ്രശിക്ഷണ വർഗിൽ സാമാജിക ജാഗരൂകത, സാമാജിക പരിവർത്തനം തുടങ്ങിയ വിഷയത്തിൽ പ്രശിക്ഷണം നൽകും.
Discussion about this post