തിരുവനന്തപുരം: രണ്ടു വിസിമാരെ നിയമിച്ച് ഉത്തരവിറക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുന്‍ കെടിയു വിസിയും ഗവ. എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലുമായിരുന്ന ഡോ. സിസ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായും കുസാറ്റ് ഷിപ്പ് ടെക്‌നോളജി വകുപ്പിലെ പ്രൊഫസര്‍ ഡോ. കെ. ശിവപ്രസാദിനെ സാങ്കേതിക സര്‍വകലാശാല വിസിയായും ചുമതല നല്കിയാണ് ഗവര്‍ണറുടെ ഉത്തരവ്.
ഡോ. സജി ഗോപിനാഥ് വിരമിച്ചതിനെ തുടര്‍ന്ന് ഒരു മാസമായി ഡിജിറ്റല്‍ സര്‍വകലാശാലയിലും അദ്ദേഹം ചുമതല വഹിച്ചിരുന്ന സാങ്കേതിക സര്‍വകലാശാലയിലും വൈസ് ചാന്‍സലര്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. മുമ്പ് സിസ തോമസിനെ സാങ്കേതിക സര്‍വകലാശാല വിസിയായി ഗവര്‍ണര്‍ നിയമിച്ചതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ നല്കുന്ന പാനലില്‍ നിന്ന് താത്കാലിക വിസിയെ നിയമിക്കണമെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍, കണ്ണൂര്‍ സര്‍വകലാശാല വിസിയായിരുന്ന ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കിയുള്ള വിധിയില്‍ വിസി നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വിസിമാരെ നിയമിച്ചത്.
സര്‍ക്കാര്‍ അനുമതി കൂടാതെ സാങ്കേതിക സര്‍വകലാശാലയുടെ വിസിയായി ചുമതല ഏറ്റെടുത്തെന്നു പറഞ്ഞ് നിയമനം ശരിവച്ചുള്ള സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ഒന്നര വര്‍ഷം മുമ്പു വിരമിച്ച ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഗവര്‍ണറുടെ ഉത്തരവനുസരിച്ചതിനുള്ള പകപോക്കലായിരുന്നു ഇത്. ഇതിനിടെയാണ് സിസ തോമസിനു വീണ്ടും വിസിയായി നിയമനം നല്കി ഗവര്‍ണര്‍ ഉത്തരവിട്ടത്. ഈ നീക്കം ഹൈക്കോടതി വിധിക്ക് വിരുദ്ധമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ആര്‍. ബിന്ദു പ്രതികരിച്ചു.
Discussion about this post