പൂനെ: ഭരണഘടനയെ ബഹുമാനിച്ചും അനുസരിച്ചും മുന്നോട്ടു പോവുക എന്നത് എല്ലാ പൗരന്മാരുടെയും ധർമ്മമാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. നമ്മുടെ രാഷ്ട്രം പരോപകാരവും ജീവകാരുണ്യ പ്രവർത്തനവും ആദർശമാക്കിയ നാടാണ്. ഈ ആദർശം സനാതനമാണ്. നമ്മൾ മാത്രമാണ് ശരി എന്നത് ഭാരതത്തിൻ്റെ ഭാവമല്ല. എല്ലാ വിശ്വാസങ്ങളോടും വിചാരധാരകളോടും നമുക്ക് ബഹുമാനമുണ്ട്. എന്നാൽ അതിൻ്റെ അർത്ഥം മാനബിന്ദുക്കളായ ദേവതകളെ ആക്രമിക്കുന്നവരോട്, നിർബന്ധിത മതം മാറ്റം നടത്തുന്നവരോട് ഒരു തരത്തിലുള്ള സഹിഷ്ണതയും ഭാരതം കാട്ടില്ല , അദ്ദേഹം പറഞ്ഞു. പൂനെയിൽ സഹജീവൻ പ്രഭാഷണ പരമ്പരയിൽ വിശ്വഗുരു ഭാരതം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭവങ്ങളുമുണ്ടായിട്ടും ലോകത്ത് സമാധാനമില്ല. ലോകം ഇന്ന് ഒരു ഗുരുവിനെ ആഗ്രഹിക്കുന്നു. ആ ഗുരു ഭാരതമാകുമെന്നാണ് ലോകത്തിൻ്റെ പ്രതീക്ഷ. ഈ പ്രതീക്ഷ നിറവേറണമെങ്കിൽ നമ്മൾ നിലവാരം പുലർത്തുകയും അതനുസരിച്ച് പെരുമാറുകയും വേണം. ഇങ്ങനെ ചെയ്താൽ അടുത്ത 20 വർഷത്തിനുള്ളിൽ നമുക്ക് വിശ്വഗുരു സ്ഥാനത്തെത്താനാകും.
കുറച്ച് വർഷങ്ങളായി ഭാരതം ദ്രുതഗതിയിലുള്ള ഭൗതിക പുരോഗതി കൈവരിക്കുകയാണ്. ഇതോടൊപ്പം ധാർമിക പുരോഗതിയും ഉണ്ടാകണം. സ്വാമി വിവേകാനന്ദൻ സ്വപ്നം കണ്ടതുപോലെ ഭാരതം ലോകനേതാവാകുന്ന കാഴ്ച നമുക്ക് കാണാൻ കഴിയും, അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ മാർഗ്ഗനിർദ്ദേശ തത്വങ്ങളും പൗരന്മാരുടെ അവകാശങ്ങളും കടമകളും ആദരവോടെ പാലിക്കണം. ഈ കടമകൾ സമൂഹത്തിലും വീട്ടിലും ചർച്ച ചെയ്യണം. ട്രാഫിക് നിയമങ്ങൾ പാലിക്കൽ, പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, മാലിന്യ സംസ്കരണം തുടങ്ങിയ ചെറിയ കാര്യങ്ങൾ വ്യക്തിപരമായി പാലിക്കേണ്ടത് ആവശ്യമാണ്.
ശതാബ്ദിയോടനുബന്ധിച്ച്, സാമാജിക സമരസത, പരിസ്ഥിതി, കുടുംബ മൂല്യങ്ങളുടെ സംരക്ഷണം, സ്വദേശി, പൗരധർമ്മം എന്നീ അഞ്ച് തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് സംഘം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സർസംഘചാലക് പറഞ്ഞു.
റിട്ട: ജനറൽ വി.കെ. സിംഗ്, എക്‌സ്-സർവീസ്‌മെൻ സർവീസ് കൗൺസിൽ ദേശീയ പ്രസിഡൻ്റ് വിഷ്ണുകാന്ത് ചതുർവേദി, സാജിദ് യൂസഫ് ഷാ, സമ്രീൻ ഖാൻ, രവീന്ദ്ര ഖാരെ എന്നിവർ സംസാരിച്ചു.
Discussion about this post