തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30,31, 2025 ജനുവരി ഒന്ന് തീയതികളില്‍ ശിവഗിരി മഠത്തില്‍. 30നു രാവിലെ 10ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍ 92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണവും സംസ്ഥാന പാര്‍ലമെന്ററി കാര്യമന്ത്രി എം.ബി. രാജേഷ് മുഖ്യപ്രഭാഷണവും നടത്തും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശൂഭാംഗാനന്ദസ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വ. അടൂര്‍ പ്രകാശ് എം.പി, മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിക്കും.
11.30നു നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷനായിരിക്കും. ചടങ്ങില്‍ നാരായണഗുരുകുല അധ്യക്ഷന്‍ മുനിനാരായണ പ്രസാദ് സ്വാമിയെ ആദരിക്കും.
മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എംഎല്‍എ വിശിഷ്ടാതിഥിയായിരിക്കും. ഉച്ചയ്‌ക്ക് 2ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ശാസ്ത്രസാങ്കേതിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. അനന്തരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് 5ന് നടക്കുന്ന ശുചിത്വം, ആരോഗ്യം, ഉന്നതവിദ്യാഭ്യാസം സമ്മേളനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഡോ. മാര്‍ത്താണ്ഡപിള്ള, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സിസ തോമസ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രദാസ് നാരായണ, മുന്‍ ഡിജിപി ഋഷിരാജ് സിങ് തുടങ്ങിയവര്‍ വിഷയാവതരണം നടത്തും. രാത്രി 7 ന് കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര താരം മല്ലിക സുകുമാരന്‍ നിര്‍വഹിക്കും.
31 ന് രാവിലെ 5.30 ന് ഗുരുദേവ മഹാസമാധിയില്‍ നിന്നും അലങ്കരിച്ച ഗുരുദേവ റിക്ഷയ്‌ക്ക് സന്യാസിമാരുടെയും പീതാംബരധാരികളായ പദയാത്രികരുടെയും തീര്‍ത്ഥാടകരുടെയും അകമ്പടിയോടെ തീര്‍ത്ഥാടനഘോഷയാത്ര പുറപ്പെടും. 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദസ്വാമി അധ്യക്ഷത വഹിക്കും. സ്വാമി സൂക്ഷ്മാനന്ദയും സ്വാമി ശാരദാനന്ദയും അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സഹകരണവകുപ്പ് മന്ത്രി വി.എന്‍.വാസവന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫ് അലി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ഉച്ചയ്‌ക്ക് 2നു ചേരുന്ന കൃഷി, കൈത്തൊഴില്‍, വ്യവസായം, ടൂറിസം സമ്മേളനം കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ജോസ് കെ.മാണി എംപി, ഡി.കെ. മുരളി എംഎല്‍എ, മുന്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. വൈകിട്ട് 5ന് നടക്കുന്ന ഈശ്വരഭക്തി സര്‍വമത സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ അധ്യക്ഷനായിരിക്കും.
പുതുവത്സര ദിനമായ ജനുവരി 1ന് രാവിലെ 8 ന് മഹാസമാധിയില്‍ ഗുരുദേവ പ്രതിമാ പ്രതിഷ്ഠാദിന വിശേഷാല്‍ പൂജകള്‍ നടക്കും. 10നു തുടങ്ങുന്ന വിദ്യാര്‍ത്ഥി യുവജന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി.ഖാദര്‍ മുഖ്യാതിഥിയായിരിക്കും. ഉച്ചയ്‌ക്ക് 2നു നടക്കുന്ന സാഹിത്യസമ്മേളനം നിരൂപകന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ ഫിഷറീസ് വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. തീര്‍ത്ഥാടന ദിവസങ്ങളില്‍ രാത്രി വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും.
Discussion about this post