പൂനെ: വിദേശങ്ങളിലേക്ക് പോകുന്ന ഭാരതീയര്‍ നമ്മുടെ സംസ്‌കൃതിയുടെ ദൂതന്മാരാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. കൂടുതല്‍ ഭാരതീയര്‍ വിദേശങ്ങളില്‍ പോകുന്നത് മസ്തിഷ്‌ക ചോര്‍ച്ചയായി കാണുന്നവരുണ്ട്. എന്നാല്‍ അവരെ നമ്മുടെ സംസ്‌കാരത്തിന്റെ അംബാസഡര്‍മാരായി കാണുന്നതാണ് നല്ലത്. എവിടെ പോയാലും, ഹൃദയത്തില്‍ ഭാരതീയത ഉണ്ടായിരിക്കണം. കാരണം ലോകത്തിനാകെ ഇപ്പോള്‍ ഭാരതീയ നേതൃത്വത്തെ ആവശ്യമുണ്ട്, അദ്ദേഹം പറഞ്ഞു. പൂനെ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ എഴുത്തുകാരന്‍ ഡോ. നരേന്ദ്ര പഥക് നടത്തിയ അഭിമുഖഭാഷണത്തിലാണ് സുനില്‍ ആംബേക്കര്‍ ഇത് പറഞ്ഞത്.
കുട്ടികളുടെ എണ്ണത്തെക്കുറിച്ച് കുടുംബങ്ങള്‍ തീരുമാനിക്കട്ടെ എന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് തീരുമാനിക്കുമ്പോള്‍ രാജ്യത്തിന്റെ ആവശ്യവും സാഹചര്യവും തിരിച്ചറിയണം. അസന്തുലിത ജനസംഖ്യയുള്ള ഒരു രാജ്യത്തിന്റെ ഭാവി മാറുന്നു. ജനസംഖ്യ സന്തുലിതമാക്കാന്‍ നയങ്ങളിലും നിയമങ്ങളിലും മാറ്റങ്ങള്‍ അനിവാര്യമാണ്. പ്രസവ കാലയളവില്‍ സ്ത്രീകള്‍ക്ക് ശമ്പളത്തോടുകൂടിയ അവധികള്‍ മാത്രമല്ല, വര്‍ക്ക് ഫ്രം ഹോം എന്നതിനുള്ള അവസരവും നല്കണം. ദേശീയ വിദ്യാഭ്യാസ നയം പോലെ, സ്ത്രീകള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എക്‌സിറ്റ് ഓപ്ഷന്‍ നല്‍കേണ്ടത് ആവശ്യമാണ്, ഇത് ഭാവിയില്‍ കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ചുള്ള മാനസികാവസ്ഥയെ മാറ്റും, സുനില്‍ ആംബേക്കര്‍ പറഞ്ഞു.
ഭാരതീയരുടെ ബുദ്ധിയിലും കഴിവിലും ആര്‍എസ്എസിന് വിശ്വാസമുണ്ട്. അതുകൊണ്ടാണ് സാമൂഹ്യമാറ്റത്തില്‍ ആര്‍എസ്എസ് മാത്രമല്ല, എല്ലാവരും പങ്കാളികളാകണമെന്ന് സംഘം പറയുന്നത്. ആര്‍എസ്എസ് ശതാബ്ദിയെ മുന്‍നിര്‍ത്തി സംഘം സമാജത്തിന്‍ സമഗ്ര പരിവര്‍ത്തനത്തിന് അഞ്ച് മന്ത്രങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഒരുപോലെ ചെയ്യാവുന്ന പ്രവര്‍ത്തനമാണത്. പൗരധര്‍മ്മം, സാമൂഹിക സമരസത, കുടുംബ മൂല്യങ്ങളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, തനിമയിലുള്ള അവബോധം എന്നിവയാണ് ആ അഞ്ച് പ്രവര്‍ത്തനമന്ത്രങ്ങളെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു.
എല്ലാ സ്ഥലങ്ങളിലും ശാഖകള്‍ ആരംഭിച്ച് സംഘത്തിന്റെ സന്ദേശം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ആര്‍എസ്എസ് ഈ കാലയളവില്‍ ലക്ഷ്യമിടുന്നത്. സമൂഹത്തിലെ എല്ലാ സംഘടനകളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് സജ്ജനങ്ങളെ സാമൂഹിക മാറ്റത്തില്‍ പങ്കാളിയാക്കുകയാണ് പ്രവര്‍ത്തനം. എല്ലാവര്‍ക്കും വീടുകളില്‍, തൊഴിലിടങ്ങളില്‍, അവരവരുടെ തന്നെ പരിസരത്ത് മാറ്റം സൃഷ്ടിക്കാനാവും എന്ന സന്ദേശമാണ് സംഘം മുന്നോട്ടുവയ്ക്കുന്നത്.
ഹിന്ദുത്വം എന്ന വാക്ക് ഏകാത്മകതയെയാണ് മുന്നോട്ടുവയ്ക്കുന്നത്. ലോകത്ത് എല്ലാവരും സ്വന്തം തനിമ അന്വേഷിക്കുകയാണ്. എന്നാല്‍ എല്ലാവരിലും സാമ്യം ഉണ്ട്. കാഴ്ചയില്‍ വ്യത്യസ്തതയുണ്ടെങ്കിലും ആന്തരികമായി നമ്മള്‍ ഒന്നാണ്. ഇതാണ് ഭാരതീയ ചിന്തയിലെ ഏകത്വത്തിന്റെ ധാര. ഇതുതന്നെയാണ് ഹിന്ദുത്വം. കാലത്തിന്റെ കുത്തൊഴുക്കില്‍ ചിലര്‍ ഹിന്ദുത്വത്തെ മറന്നിട്ടുണ്ടാകും. എന്നാല്‍ കഴിഞ്ഞ 100 വര്‍ഷമായി സംഘം ജനങ്ങളെ അത് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്, സുനില്‍ ആംബേക്കര്‍ പറഞ്ഞു.
Discussion about this post