തിരുവനന്തപുരം: വനവാസികൾക്ക് തുല്യഅവകാശങ്ങൾ ലഭിക്കണമെങ്കിൽ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കണമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വനവാസികൾക്ക് തുല്യഅവകാശം കൂടി ലഭിക്കാനുള്ളതാണ് ഏകീകൃത സിവിൽകോഡ്. അല്ലാതെ ഒരുവിഭാഗത്തെ മാത്രം ലക്ഷ്യം വച്ചുള്ളതല്ല. ഏകീകൃത സിവിൽകോഡിന്റെ പേരിൽ ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുന്നത് കുതന്ത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് വെള്ളയമ്പലം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എൻജിനിയേഴ്‌സ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പാലക്കാട് അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷന്റെ 20- ാം വാർഷികാഘോഷം ‘ഉത്കർഷ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ വർഷങ്ങളായി വനവാസി വിഭാഗങ്ങളുടെ ഉന്നമനത്തിന് 37,000 കോടിരൂപ നൽകിയിട്ടുണ്ട്. കേരളത്തിലെ ഊരുകളിൽ അത് ചെലവഴിച്ചതിന്റെ ഫലം എവിടെ? സുരേഷ്‌ഗോപി ചോദിച്ചു. വനവാസി വിഭാഗം ഗണ്യമായ വോട്ട് ബാങ്ക് അല്ലാത്തതിനാൽ അതിൽ ചർച്ചയില്ല. അട്ടപ്പാടിക്കാരുടെ ജീവൻ നിലനിർത്താൻ മില്ലറ്റ്‌സ് ആണ് വേണ്ടത്. അത് കൃഷി ചെയ്യാനുള്ള സ്ഥലത്ത് നിന്നും അവരെ കുടിയിറക്കി. അരയടി കുഴിച്ചാൽ പാറ കാണുന്ന സ്ഥലത്തേക്കാണ് ഇറക്കിവിട്ടത്. അതൊരു സമൂഹത്തിന്റെ ജീവിതത്തെ തകർത്തു. അതിനെതിരെ അവർ നടത്തിയ സമരത്തെ അടിച്ചമർത്തി.
മില്ലറ്റ്‌സിന്റെ ഉത്പാദനം തകർത്ത് കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകി. 40 വർഷം കൊണ്ട് മില്ലറ്റ് ഉത്പാദനം ഗോത്രവിഭാഗങ്ങൾക്ക് മാത്രമായി നൽകിയിരുന്നെങ്കിൽ ഇന്നത്തെ അന്താരാഷ്‌ട്ര കുത്തകളെ താങ്ങിനിർത്തുന്ന ശക്തിയായി വനവാസിവിഭാഗം മാറുമായിരുന്നു. കാട് പിടിച്ചെടുക്കാനും പതിപ്പിച്ച് നൽകാനും ആർക്കും അവകാശമില്ല. ആനുകൂല്യമല്ല, യോഗ്യമായ അവകാശങ്ങളുടെ നേടിയെടുക്കലിന് വേണ്ടിയുള്ള വ്യവസ്ഥയാണ് വേണ്ടത്. അതിനാണ് ഏകീകൃത സിവിൽ കോഡെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ പിൻഗാമികൾ രാജ്യത്താകമാനം ട്രൈബൽ റവല്യൂഷൻ സൃഷ്ടിക്കട്ടെയെന്നും സുരേഷ്‌ഗോപി ആശംസിച്ചു. മിഷന്റെ പ്രവർത്തനം സംബന്ധിച്ചുള്ള വീഡിയോയും സുരേഷ്‌ഗോപി പ്രകാശനം ചെയ്തു.
പാലിയം ഇന്ത്യ ചെയർമാൻ ഡോ. എം. ആർ. രാജഗോപാൽ മുഖ്യാഥിതിയായി. സംഘാടക സമിതി ചെയർമാനും കേരള സർവകലാശാല വൈസ് ചാൻസിലറുമായ ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷനായി. ക്‌സാർപി ലാബ് സിഇഒ ശ്രീകാന്ത്.കെ.അരിമണിത്തായാ മുഖ്യപ്രഭാഷണം നടത്തി. നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു. എൻ. കുറുപ്പ്, ടാറ്റാ എൽ എക്‌സി സംസ്ഥാന മോധാവി, ജിടെക് സ്‌റ്റേറ്റ് ഹെഡ് ശ്രീകുമാർ. വി, യങ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്ടർ പ്രസിഡന്റ് ശങ്കരി ഉണ്ണിത്താൻ, ദേശീയ സേവാഭാരതി കേരള ഘടകം പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയ് ഹരി, സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി. നാരായണൻ, ഉത്കർഷ് ജനറൽ കൺവീനർ ടി. അബിനു സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post