കൊച്ചി: സര്‍ഗാത്മക യുവത്വത്തിലൂന്നി ലഹരിക്കെതിരെ മുന്നേറ്റത്തിനുള്ള ആഹ്വാനവുമായി സോഷ്യല്‍ മീഡിയ കോണ്‍ഫ്‌ളുവന്‍സ് ലക്ഷ്യ 2025 കൊച്ചിയില്‍ നടന്നു. എളമക്കര ഭാസ്‌കരീയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിശ്വസംവാദ കേന്ദ്രത്തിന്റെ വാര്‍ഷിക പരിപാടിയായ ലക്ഷ്യ മുന്‍ ഡിജിപി ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമ്പ്രദായത്തിലെ വൈകല്യമാണ് യുവജനതയില്‍ ലഹരി പടരാന്‍ കാരണമെന്നും ഇന്നത്തെ വിദ്യാഭ്യാസം കുട്ടികളെ അലസന്‍മാരാക്കിയെന്നും ജേക്കബ് തോമസ് പറഞ്ഞു.
പണ്ടുകാലത്ത് കുട്ടികള്‍ പഠിച്ചാലെ ഗ്രേഡും സ്ഥാനകയറ്റവും വിജയവും ലഭിക്കുമായിരുന്നുള്ളു. ഇപ്പോള്‍ പഠിച്ചില്ലെങ്കിലും എ പ്ലസ് കിട്ടും. ഭൗതികമായ വെല്ലുവിളിയുടെ അന്തരീക്ഷം വിദ്യാലയങ്ങളിലില്ല. കായികമായോ കലാപരമായോ ഒരു തരത്തിലുള്ള വെല്ലുവിളിയും ഇല്ലെന്നതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.സ്വാഭാവികമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള മോട്ടിവേഷനോ, ദിശാബോധം നല്കുന്നതിനോ സ്‌കൂളുകളില്‍ യാതൊരു സംവിധാനവുമില്ല. അദ്ധ്യാപകര്‍ സിലബസ് എന്താണോ അത് പഠിപ്പിച്ച് പോകുന്നു. കുട്ടികളെ നന്നാക്കാന്‍ പോയാല്‍ അദ്ധ്യാപകര്‍ക്കെതിരെ നടപടി വരുന്ന അവസ്ഥയാണുള്ളത്. കുട്ടികള്‍ അലസരായി, എതാണ് ശരി, എതാണ് തെറ്റ് എന്ന് അറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. സമൂഹവും അങ്ങനെയാക്കി മാറ്റി. തെറ്റിനെ തെറ്റാണെന്ന് പറയുന്ന അവസ്ഥ കേരളത്തിലില്ല. ചിലര്‍ തെറ്റ് ചെയ്താല്‍ തെറ്റല്ല, തെറ്റാണെന്ന് പറയുകയുമില്ല. ഹമാസ് ഇസ്രയേലില്‍ കയറി സ്ത്രീകളെ അതിക്രൂരമായി പീഡിപ്പിക്കുന്നതും കൊന്ന് നഗ്നയായി വണ്ടിയിലൂടെ തെരുവുകളില്‍ പ്രദര്‍ശിപ്പിക്കുന്നതും തെറ്റാണെന്ന് പറയാന്‍ തയ്യാറല്ല. കുറ്റമല്ല എന്ന നരേറ്റീവ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.
എന്നാല്‍ ഇസ്രയേല്‍ ഇതിനെതിരെ തിരിച്ചടി നടത്തിയപ്പോള്‍ മുറവിളികളുമായി രംഗത്തെത്തുകയും ചെയ്തു. കേരളത്തില്‍ എല്ലാ കാലിയാണ്. ഖജനാവ് കാലിയാണ്, ആശുപത്രി കാലിയാണ്, റേഷന്‍കട കാലിയാണ്, എല്ലാം കാലിയാണ്. കാലിയാണെന്ന് അറിയാതിരിക്കാന്‍ കള്ള നരേറ്റീവുകള്‍ കൊണ്ടുവരുന്നു. കൊവിഡിനുശേഷം ആരോഗ്യരംഗത്ത് നമ്പര്‍ വണ്‍ കേരളം എന്ന ഒരു നരേറ്റീവ് കൊണ്ടുവന്നു. കേരളമാണ് വ്യാവസായിക രംഗത്ത് മുന്നേറ്റം നടത്തുകയാണ് എന്ന നരേറ്റീവാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഈ പ്രചാരണത്തിനായി ലക്ഷങ്ങള്‍ മുടക്കി കേരളത്തിനുപുറത്തുള്ള ഒരു കമ്പനിയെ ഇതിനായി നിയോഗിച്ചിരിക്കുകയാണ്. ഇതൊരു നരേറ്റീവായി ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തിലിവിടെ ലഹരിക്കടിമപ്പെട്ട കുട്ടികള്‍, കൊലപാതകങ്ങള്‍ എന്നിവ അരങ്ങുതകര്‍ക്കുകയാണ്. ഭീതജനകമായ അവസ്ഥയാണ് കേരളത്തിലുള്ളത്. യാഥാര്‍ത്ഥ്യം തുറന്നുകാട്ടേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്, സോഷ്യല്‍ മീഡിയയ്ക്കുണ്ട്. പരിഹാരത്തിന്റെ ദിശയിലാണ് നമ്മള്‍ നില്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമാധാനവും ഐശ്വര്യവും അറിവും നിറവും ആത്മീയതയുമുള്ള യാത്രയില്‍ അതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ തുറന്നുകാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കെ.സി. നരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ആര്‍എസ്എസ് ദക്ഷിണ പ്രന്തസംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍, ക്ഷേത്രീയ പ്രചാര്‍ പ്രമുഖ് ജെ. ശ്രീറാം, വി. വിശ്വരാജ്, വി. പ്രജേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ചര്‍ച്ചകളില്‍ ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനേവാലാ, രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍, മുന്‍ കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍, മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്റര്‍ കെ.ജി. ജ്യോതിര്‍ഘോഷ്, അഡ്വ. ഒ.എം. ശാലീന തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post