തിരുവനന്തപുരം: ആവിഷ്‌കാര സ്വതന്ത്ര്യം പറയുന്നവര്‍ മൗലിക ഉത്തരവാദിത്തം കൂടി പാലിക്കണമെന്നും കേരളത്തില്‍ പ്രത്യേകതരം ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്ര്യമാണുള്ളതെന്നും പ്രജ്ഞാവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന്റെ സങ്കീര്‍ണനതകളും അതിന്റെ പരിധികളും ചര്‍ച്ചചെയ്യാന്‍ നേതി നേതി സംവാദവേദി സംഘടിപ്പിച്ച ‘ഡ്രോയിംഗ് ദ ലൈന്‍’ സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുനമ്പത്തെ വാര്‍ത്താസമ്മേളനത്തില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സംസാരിച്ച കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനെ അവഹേളിക്കുന്നതാണ് പത്രധര്‍മം എന്ന രീതിയിലായിരുന്നു മാധ്യമങ്ങളുടെ സമീപനം. പാലക്കാട് നൈപുണ്യവികസന കേന്ദ്രത്തിന് പേരിടലുമായി ബന്ധപ്പെട്ടുള്ള എംഎല്‍എയുടെ വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഹെഡ്‌ഗേവാറിനെ അവഹേളിച്ച് സംസാരിച്ചതും അഭിപ്രായസ്വാതന്ത്ര്യം എന്നാണ് അവകാശപ്പെടുന്നത്. അല്‍പം ചരിത്രം പഠിച്ചാല്‍ ഹെഡ്‌ഗേവാറിന്റെ സ്വാതന്ത്ര്യസമരവും ജയില്‍വാസവും മനസിലാകും. തന്നെ വിമര്‍ശിച്ച സിനിമയും ജീവചരിത്രവും നിരോധിക്കുകയും മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെ ഓര്‍ഗനൈസര്‍ നിയമപോരാട്ടത്തില്‍ വിജയിച്ചപ്പോള്‍ അതിനെതിരെ നിയമനിര്‍മാണം നടത്തുകയും ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പിന്‍തലമുറക്കാരാണ് ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് വാചാലരാകുന്നത്. സുപ്രീം കോടതി വരെ ഗുജറാത്ത് കലാപത്തിന്റെ യഥാര്‍ത്ഥചിത്രം ജനങ്ങള്‍ക്ക് നല്‍കിയിരിക്കെ, ഭരണഘടനാ പദവിയിലുള്ളവരെയും അന്വേഷണ ഏജന്‍സികളെയും അവഹേളിക്കുന്നിടത്തുവരെ എത്തിയിരിക്കുകയയാണ് എംപുരാന്‍ സിനിമയിലൂടെയുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം. എന്നിട്ടും എംബുരാന്‍ സിനിമയെ ഒരു സംഘടനയും എതിര്‍ത്തിട്ടില്ല. എന്നാല്‍ സത്യത്തെ ആധാരമാക്കിയുള്ള കേരള സ്‌റ്റോറിയെയും കാശ്മീരി ഫയല്‍സിനെയും ഉറിയെയും കേരളത്തില്‍ കൈകാര്യം ചെയ്തതെങ്ങനെയാണെന്ന് നാം കണ്ടതാണ്. മലബാറിലെ മാപ്പിള ലഹളിയിലെ കൂട്ടക്കൊല കണ്ടശേഷം കുമാരനാശാന്‍ എഴുതിയ ദുരവസ്ഥയ്‌ക്കെതിരെ ഒരു സംഘടിത സമൂഹം വിളിച്ച മുദ്രാവാക്യം ഭീകരമായിരുന്നു. എന്നാല്‍ നട്ടെല്ലുള്ള കുമാരനാശാന്‍ തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഉറച്ചു നിന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം വിട്ട് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ എ. കസ്തൂരിയെ ജെ. നന്ദകുമാര്‍ ആദരിച്ചു.
കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.എം. അബ്ദുള്‍ സലാം ആമുഖ പ്രഭാഷണം നടത്തി. നേതി നേതി സംവാദവേദി പ്രസിഡന്റ് റിട്ട. ഐജി എസ്. ഗോപിനാഥ് അധ്യക്ഷനും അഡ്വ. മഞ്ജു മോഡറേറ്ററുമായി.
Discussion about this post