തിരുവനന്തപുരം: പഹല്‍ഗാമില്‍ നിരപരാധികളെ മതം ചോദിച്ച് കൊന്ന ഭീകരര്‍ക്ക് സിന്ദൂറിലൂടെ ചുട്ട മറുപടി നല്കിയ ഭാരത സൈനികര്‍ക്കും നരേന്ദ്ര മോദി സര്‍ക്കാരിനും അഭിവാദ്യം അര്‍പ്പിച്ച് മഹിളാ സമന്വയവേദി സ്വാഭിമാനയാത്ര സംഘടിപ്പിച്ചു.
കോരിച്ചൊരിയുന്ന മഴയത്തും നൂറുകണക്കിന് മഹിളകള്‍ പങ്കെടുത്ത സ്വാഭിമാനയാത്ര പുളിമൂട് നിന്ന് ആരംഭിച്ച് രക്തസാക്ഷി മണ്ഡപത്തില്‍ സമാപിച്ചു. പൂര്‍വ സൈനിക് സേവാ പരിഷത്ത് ജില്ലാ പ്രസിഡന്റ് ലഫ്. കേണല്‍ ടി.പി. പൊന്നമ്മ സമാപനം ഉദ്ഘാടനം ചെയ്തു. പഹല്‍ഗാമില്‍ മതം ചോദിച്ച് കലിമ ചൊല്ലാന്‍ പറഞ്ഞ് നിരപരാധികളെ വെടിവച്ച് കൊന്നതിന് തിരിച്ചടികിട്ടില്ലെന്ന് വിചാരിച്ച പാകിസ്ഥാന്‍ ഓര്‍ക്കണമായിരുന്നു ഇത് പഴയ ഭാരതമല്ലെന്ന്… പൊന്നമ്മ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കുന്ന പുതിയ ഭാരതമാണിത്. ഭാരതത്തിന്റെ ധീരസൈനികര്‍ ഭീകരരെ അവരുടെ താവളത്തില്‍ തന്നെ തീര്‍ത്തു. നമ്മുടെ അമ്മമാരുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചു കളഞ്ഞ പഹല്‍ഗാം സംഭവത്തിന് അതേ പേരിട്ടു തന്നെ ഭാരതം പ്രതികാരം വീട്ടിയെന്നും പൊന്നമ്മ പറഞ്ഞു.
ഛത്തിസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഭാരതത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരസൈനികന്‍ പാലോട് വിഷ്ണുവിന്റെ അമ്മ അനിതകുമാരിയെ മഹിളാ സമന്വയ വേദി തിരുവനന്തപുരം വിഭാഗ് സംയോജിക ഡോ. ശ്രീകലാ ദേവി ആദരിച്ചു. അഡ്വ. അഞ്ജനാദേവി, കൗണ്‍സിലര്‍മാരായ സിമി ജ്യോതിഷ്, ആശാനാഥ്, മഞ്ജു പി.വി., സുമി ബാലു, പത്മ, മഞ്ജു ജി.എസ്., അഡ്വ. ഗീത പ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Discussion about this post