ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഭാരതത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനങ്ങളാണ് 1975 ജൂണ്‍ 25 മുതല്‍ 19 മാസക്കാലം അരങ്ങേറിയത്. അധികാരം അരക്കിട്ടുറപ്പിക്കാനും തന്നിലുറങ്ങിക്കിടന്ന ഏകാധിപതിയുടെ ലീലാവിലാസങ്ങളെ പുറത്തെടുക്കാനും അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കണ്ടെത്തിയ വഴിയായിരുന്നു അടിയന്തരാവസ്ഥ. 19 മാസക്കാലത്തെ കിരാതവാഴ്ചയില്‍ കോണ്‍ഗ്രസിതര പാര്‍ട്ടികളുടെയും സംഘടനകളുടെയും അനുഭാവികളടക്കമുള്ളവരെ അടിച്ചമര്‍ത്തി ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ ഭരണമായിരുന്നു നടന്നത്. രാജ്യത്തെ മുഴുവന്‍ ശിക്ഷിക്കാനായി ഇന്ദിര കാരണമാക്കിയതാകട്ടെ തനിക്കെതിരെയുള്ള കോടതിവിധിയും.
തിരഞ്ഞെടുപ്പില്‍ അഴിമതി കാണിച്ചതിനെതിരെ ഇന്ദിരയുടെ പാര്‍ലമെന്റ് അംഗത്വം അലഹബാദ് ഹൈക്കോടതി റദ്ദ് ചെയ്തു. ഇതിന് സുപ്രീംകോടതി ഭാഗികമായി സ്‌റ്റേ നല്‍കി. ഈ സ്‌റ്റേയുടെ മറപിടിച്ചാണ് അര്‍ധരാത്രിയില്‍ ഇന്ദിര രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പിന്നെ പൗരാവകാശങ്ങളുടെയും പത്രസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ വ്യവസ്ഥകളുടെയും കടയ്ക്കല്‍ കത്തിവച്ചു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന കാര്യങ്ങളൊഴിച്ച് ബാക്കിയൊന്നും പുറംലോകം അറിയാത്ത അവസ്ഥയാണ് സംജാതമായത്. ആര്‍എസ്എസ് അടക്കം 42 സംഘടനകള്‍ നിരോധിക്കപ്പെട്ടു. ഈ സംഘടനകളുടെ നേതാക്കളെ ജയിലിലടച്ചു. ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ എന്നായി മുദ്രാവാക്യം. നാടെങ്ങും പോലീസിന്റെ തേര്‍വാഴ്ച. ആര്‍ക്കും ചോദ്യം ചെയ്യാനാവാത്ത സ്ഥിതി. ഈ ഏകാധിപത്യത്തെ ചോദ്യം ചെയ്യാനും ജനാധിപത്യം പുനഃസ്ഥാപിക്കാനും, അതിനായി മരിക്കാന്‍ പോലും തയാറായി സമരത്തിനിറങ്ങിയത് ആര്‍എസ്എസ് ആയിരുന്നു. പരസ്യ പ്രവര്‍ത്തനത്തിന് ലോക് സംഘര്‍ഷ സമിതിരൂപീകരിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തനം രഹസ്യമായി നടത്തി. ‘ഏകാധിപത്യം ചെറുക്കണം. ജനാധിപത്യം പുനഃസ്ഥാപിക്കണം. അറസ്റ്റിലാകാം. ചിലപ്പോള്‍ മര്‍ദ്ദനമേല്‍ക്കാം. ജയിലില്‍ പോകേണ്ടിവരാം. അതിന് ഒരുങ്ങുക’ എന്നതായിരുന്നു സംഘത്തിന്റെ ആഹ്വാനം.
ഇന്ദിര ജൂലൈ നാലിന് ആര്‍എസ്എസ് നിരോധിച്ചു. രാജ്യമെമ്പാടും സംസ്ഥാനത്തും കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്തു സീല്‍വച്ചു. അഡ്വ. കെ. രാംകുമാര്‍ മുന്നിട്ടിറങ്ങി. അതോടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ വ്യാപകമായി ഫയല്‍ ചെയ്യാന്‍ തുടങ്ങി. ഫോണ്‍ ബന്ധം പാടേ വേണ്ടെന്നുവച്ചു. തപാല്‍ മേല്‍വിലാസത്തിന് സംസ്ഥാന തലം മുതല്‍ താലൂക്ക് തലംവരെ സംവിധാനം ഉണ്ടാക്കി. ഏറ്റവും കൂടുതല്‍ കത്തിടപാടുകള്‍ നടത്തുന്ന കച്ചവട സ്ഥാപനം, ഓഫീസ് തുടങ്ങിയവ വിലാസമായി നിശ്ചയിച്ചു. കൊച്ചിയില്‍നിന്നുള്ള ‘രാഷ്ട്രവാര്‍ത്ത’, കോഴിക്കോട്ടുനിന്ന് സായാഹ്ന പത്രമായിരുന്ന ‘ജന്മഭൂമി’ തുടങ്ങിയവ നിരോധിച്ചു, പൂട്ടി. യഥാര്‍ഥ സംഭവങ്ങള്‍ പുറംലോകം അറിയുന്നില്ല. അറിയിക്കാന്‍ ‘കുരുക്ഷേത്രം’ എന്ന പത്രിക തുടങ്ങി. ലോക് സംഘര്‍ഷ സമിതിയെന്ന പേരില്‍ അഖിലേന്ത്യ തലത്തില്‍ സംഘടന ഉണ്ടാക്കി ലോക്മാന്യ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ വന്‍ രാഷ്ട്രീയ പ്രക്ഷോഭം നടന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ സംഘം നടത്തിയത് ഗാന്ധിയന്‍ സമരമായിരുന്നു. സത്യഗ്രഹം നടത്തി, പോലീസ് മര്‍ദിച്ചപ്പോള്‍ സഹന സമരം നടത്തി. പോലീസിനെ തിരിച്ച് ആക്രമിച്ചില്ല, ചെറുത്തില്ല. അതായിരുന്നു സംഘ നിര്‍ദ്ദേശം. സഹിക്കുക, ജീവന്‍ പോയാലും പ്രതിക്രിയ വേണ്ട. അത് പ്രവര്‍ത്തകര്‍ പാലിച്ചു.
പോലീസ് സംഘപ്രസ്ഥാനങ്ങളുടെ ചെറുത്തുനില്‍പ്പിനെ പേടിച്ചു. മന്ത്രിമാരും ഭരണകക്ഷി നേതാക്കളും വരുന്ന സ്ഥലങ്ങളില്‍ പങ്കെടുത്ത സ്ത്രീകളെ മുടികെട്ടിവയ്ക്കാന്‍ പോലും അനുവദിച്ചില്ല. മുടിക്കെട്ടില്‍ ബോംബുണ്ടാവുമെന്നായിരുന്നു പോലീസ് ഭയം! ഒടുവില്‍ അടിയന്തരാവസ്ഥ പിന്‍വലിക്കാതെ ചില നേതാക്കളെ മോചിപ്പിച്ചു. തിരഞ്ഞെടുപ്പു നടത്തിയാല്‍ വിജയിക്കുമെന്ന രഹസ്യപോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ദിര തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് ചില പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. പക്ഷേ, ആര്‍എസ്എസ് പറഞ്ഞു, ‘ഇത് അവസരമാണ്. തോല്‍വിയും ജയവുമല്ല പ്രശ്നം. നമുക്ക് പറയാനുള്ളത് നാടുനീളെ പറയാന്‍ അവസരമാണിത്. അതു വിനിയോഗിക്കണം,’ എന്ന്. അങ്ങനെ ജെപി ഡല്‍ഹിയില്‍ റാലി നടത്തി. ജനപങ്കാളിത്തംകൊണ്ട് അത് വന്‍വിജയമായി. പിന്നെ നാടെമ്പാടും ജനം ഇളകി. തിരഞ്ഞെടുപ്പില്‍ കേരളത്തിലൊഴികെ ഇന്ദിരയുടെ കോണ്‍ഗ്രസ് തോറ്റു.
അടിയന്തരാവസ്ഥയില്‍ കോണ്‍ഗ്രസുകാര്‍ ആര്‍എസ്എസ് ജനസംഘം പ്രവര്‍ത്തകരെ ഒറ്റുകൊടുത്തു. സിപിഎം നേതാക്കളില്‍ ചിലര്‍ ആദ്യംതന്നെ അറസ്റ്റുവരിച്ച് രാഷ്ട്രീയ തടവുകാരായി ജയിലില്‍ ഉണ്ടുറങ്ങി, വായിച്ച് സുരക്ഷിതരായി കഴിഞ്ഞു. മറ്റു ചിലര്‍ ഒളിച്ച് സുഖിച്ചു ജീവിച്ചു. ഇവരില്‍ ചില നേതാക്കളെ നേരില്‍ക്കണ്ട് സമരത്തിനിറങ്ങാന്‍ അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസില്‍ ഇന്ദിരാവിരുദ്ധരായ ചിലരേയും മറ്റു ചെറുപാര്‍ട്ടി നേതാക്കളോടും ചര്‍ച്ച നടത്തി. ”നിങ്ങളെപ്പോലെ സമരം ചെയ്യാനും മര്‍ദനം സഹിക്കാനുമൊന്നും ഞങ്ങളുടെ ആളുകളെ കിട്ടില്ല. അതിനാല്‍ പ്രതീക്ഷിക്കേണ്ട” എന്നായിരുന്നു പലരുടെയും മറുപടി. കൂടെയുള്ളവരെ ഒറ്റുകൊടുക്കാനും പലരും മറന്നില്ല.
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ തീപ്പൊരി നേതാവായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ നേതാക്കള്‍ ഒറ്റുകൊടുത്തെന്ന് ജനതാദള്‍ നേതാവ് തമ്പാന്‍ തോമസിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. ‘വീരേന്ദ്രകുമാറും അബു സാഹിബും തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുമ്പോള്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രച്ഛന്ന വേഷത്തില്‍ അടിയന്തരാവസ്ഥക്കെതിരെ പ്രക്ഷോഭം നയിക്കുകയായിരുന്നു. ബറോഡ ഡൈനാമിറ്റ് കേസ്, ചെന്നൈയില്‍ എല്‍ഐസി ഓഫീസ് കത്തിച്ച കേസ് തുടങ്ങി നിരവധി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ആരോപിതനായി. ഇന്ദിര ഗവണ്‍മെന്റ് ജോര്‍ജ്് ഫെര്‍ണാണ്ടസിന്റെ തലയ്ക്ക് വിലയിട്ടിരുന്നു. ജോര്‍ജ്് ഫെര്‍ണാണ്ടസിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വന്‍ പാരിതോഷികങ്ങളും സംരക്ഷണവും പ്രഖ്യാപിച്ചിരുന്നു. അടിയന്തരാവസ്ഥക്കെതിരെ ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രക്ഷോഭം നയിച്ചത് മദിരാശിയിലെ സാന്തോം കത്തോലിക്ക പള്ളിയില്‍ വൈദികനായി പ്രച്ഛന്നവേഷത്തിലിരുന്നുകൊണ്ടായിരുന്നു.
ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ ഒളിത്താവളത്തെക്കുറിച്ച് അറിയാവുന്ന ഒരാള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. അത് അപ്പറാവു ആയിരുന്നു. മദിരാശിയിലെ സ്വാധീനമുള്ള സോഷ്യലിസ്റ്റ് നേതാവും ധനാഢ്യനുമായിരുന്നു അദ്ദേഹം. വീരേന്ദ്രകുമാറും അബു സാഹിബും അപ്പറാവുവില്‍ നിന്നും ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ടെലിഫോണ്‍ നമ്പര്‍ കരസ്ഥമാക്കി ഒരു ദിവസം അദ്ദേഹത്തെ വിളിച്ചു. ഇത് സംബന്ധിച്ച് പിന്നീട് ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നോടു പറഞ്ഞത്, അന്ന് അവരുടെ ടെലിഫോണ്‍ വിളിയില്‍ എനിക്ക് പന്തികേട് തോന്നിയിരുന്നു എന്നാണ്. ഫോണില്‍ അവരുമായി സംസാരിച്ചയുടനെ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പാതിരിയുടെ വേഷത്തില്‍ പുറത്തിറങ്ങി. താമസിച്ചിരുന്ന മുറിയില്‍ നിന്നും പള്ളിയുടെ സമീപമുള്ള ലെറ്റര്‍ ബോക്സിനടുത്തേക്ക് വടിയും കുത്തിപ്പിടിച്ച് നടന്നെത്തി. ഒരു പ്രായമായ പാതിരി നടന്നുപോകുന്നതായാണ് ആളുകള്‍ കണ്ടത്. മുറിയില്‍ നിന്നിറങ്ങിയശേഷം നിമിഷങ്ങള്‍ക്കകം ജോര്‍ജ് താമസിച്ചിരുന്ന ഇടം പോലീസ് വളഞ്ഞു. നാളുകള്‍ക്കു ശേഷം വീരേന്ദ്രകുമാറും അബു സാഹിബും പോലീസില്‍ കീഴടങ്ങി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായി. പിന്നീട് അധികം വൈകാതെ അടിയന്തരാവസ്ഥ പിന്‍വലിച്ചു. വീരനും അബുസാഹിബും ജയില്‍ മോചിതരായി.’
സമരത്തിനു വേണ്ടി കൂടിയാലോചനയ്ക്കും യോഗങ്ങള്‍ക്കും വന്ന മറ്റു പാര്‍ട്ടിക്കാരില്‍ പലരേയും കരുതലോടെയാണ് കണ്ടത്. അത് ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. ചിലര്‍ സ്വരക്ഷയ്ക്ക് പോലീസിന് വിവരങ്ങള്‍ ചോര്‍ത്തിയ സംഭവങ്ങളുണ്ട്. നഷ്ടമായെന്ന് ഭയന്ന സ്വാതന്ത്ര്യം അതിവേഗം തിരികെക്കിട്ടിയത് രാഷ്ട്ര നേട്ടം. സമരത്തിലൂടെ സംഘത്തിനും നേട്ടമുണ്ടായി. രാജ്യമെമ്പാടും പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കേരളത്തില്‍ മാത്രം അയ്യായിരത്തോളം സംഘപ്രവര്‍ത്തകര്‍ അറസ്റ്റ് വരിച്ചു. അതിനെല്ലാം കൃത്യമായ രേഖകളുണ്ട്. അവരെക്കൂടാതെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ വേറെ. ആയിരക്കണക്കിന് പേര്‍ക്ക് കൊടും മര്‍ദ്ദനമേറ്റു, അവശരായി ഇന്നും ഏറെപ്പേര്‍ കഴിയുന്നു. ഇവര്‍ നടത്തിയ സഹന സമരം സംഘടനയ്ക്കുണ്ടാക്കിയ നേട്ടം ചെറുതല്ല. ഗാന്ധി വധത്തില്‍ ഒരു പങ്കുമില്ലെന്നറിഞ്ഞിട്ടും സംഘത്തെ നിരോധിച്ചതിലൂടെ സംഘടനാ പ്രവര്‍ത്തനം ഏറെ പിന്നോട്ടു പോയി. പക്ഷേ രണ്ടു വര്‍ഷത്തെ അടിയന്തരാവസ്ഥ നിരോധനത്തിലൂടെ സംഘത്തിന് 20 വര്‍ഷത്തെ വളര്‍ച്ചയുണ്ടായി. ഗാന്ധിവധത്തില്‍ പ്രതിയാക്കുകവഴി സംഘത്തെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തി. പക്ഷേ, അടിയന്തരാവസ്ഥ നിരോധനത്തിലൂടെ സംഘത്തെ ജനങ്ങള്‍ ഏറ്റെടുത്തു എന്ന് സര്‍ സംഘചാലക് ബാലാ സാഹേബ് ദേവറസ്ജി പറഞ്ഞിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലും പുറത്തുമായി പല സംഘടനകളുടെയും നേതാക്കള്‍ ജനസംഘം- ആര്‍എസ്എസ് പ്രവര്‍ത്തകരുമായി സമ്പര്‍ക്കത്തിലെത്തി. അന്നാണ് അധികംപേരും സംഘ ആദര്‍ശവും നിലപാടുകളും നേരിട്ടറിഞ്ഞത്. ഒട്ടേറെപ്പേര്‍ക്ക് രാഷ്ട്രീയ തൊട്ടുകൂടായ്മ മാറി. ചിലര്‍ക്ക് രാഷ്ട്രീയം തന്നെ മാറി. ചിലര്‍ സംഘ പ്രവര്‍ത്തകരായി.
സംഘര്‍ഷങ്ങള്‍ നീങ്ങി. പക്ഷേ തിരഞ്ഞെടുപ്പു വന്നപ്പോള്‍ കോണ്‍ഗ്രസിനെതിരായ പ്രതിപക്ഷ സഖ്യത്തിലെ സിപിഎം നേതാക്കള്‍ കടുംപിടുത്തത്തിലായിരുന്നു- ഒ. രാജഗോപാലിനും കെ.ജി. മാരാര്‍ക്കും മത്സരിക്കാന്‍ സീറ്റുകൊടുക്കരുത്. പക്ഷേ സിപിഎം നേതാക്കളുടെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനു പോലും ജനസംഘം- ആര്‍എസ്എസ് പ്രവര്‍ത്തകരിറങ്ങി. പിണറായി ബൂത്തില്‍ സിപിഎം സ്ഥാനാര്‍ഥിയുടെ ഏജന്റായി പ്രവര്‍ത്തിച്ചത് സി.എച്ച്. ബാലന്‍ എന്ന സംഘ സ്വയസേവകനായിരുന്നു. പക്ഷേ, സംഘത്തെയും പ്രവര്‍ത്തകരേയും സിപിഎം അന്നും ശത്രുക്കളായിത്തന്നെ കണ്ടു, ഇന്നും കാണുന്നു. സംഘത്തെക്കുറിച്ച് കുപ്രചാരണങ്ങള്‍വഴി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിരുന്ന തെറ്റായ കാഴ്ചപ്പാട് മാറ്റാന്‍ നിരോധനം സഹായകമായി. അടിയന്തരാവസ്ഥയ്ക്കെതിരെയായിരുന്നു, സംഘടനാ നിരോധനത്തിനെതിരെ ആയിരുന്നില്ല സംഘത്തിന്റെ പ്രവര്‍ത്തനം. ജനാധിപത്യം പുനഃസ്ഥാപിച്ചാല്‍ സംഘടനാ പ്രവര്‍ത്തനം സാധാരണമട്ടിലാവുമെന്ന കൃത്യമായ ബോധം സംഘ നേതൃത്വത്തിനുണ്ടായിരുന്നു. അത് സത്യമാണെന്ന് തെളിഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘമെന്ന സംഘടനയുടെ രാഷ്ട്രത്തിനു വേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം അതായിരുന്നു. അങ്ങനെയായിരുന്നു സംഘടന ജനസമൂഹത്തെയും ജനങ്ങള്‍ സംഘടനയേയും സംരക്ഷിച്ച രീതി.
Discussion about this post