തിരുവനന്തപുരം: രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകമായി മാറിയെന്നും അനിൽകുമാർ പ്രിൻസിപ്പലായിരുന്ന അയ്യപ്പകോളേജിൽ ആർട്സ് ക്ലബ് ഉദ്‌ഘാടനത്തിന് വേദിയിൽ ഭാരതാംബയുടെ ചിത്രമുപയോഗിച്ചപ്പോൾ ഇല്ലാതിരുന്ന എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് അനുഭവപ്പെട്ടതെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. 2020 ൽ അനിൽകുമാർ പ്രിൻസിപ്പൽ ആയിരിക്കെ ധ്വനി കലാലയ യൂണിയൻ നടത്തിയ പരിപാടികളിൽ ഭാരതാംബയുടെ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. അന്ന് പരിപാടിയുടെ ഉദ്ഘാടകൻ ആയിരുന്നു ഡോ കെ എസ് അനിൽകുമാർ.
ഇന്ന് ചട്ടവിരുദ്ധമായി രജിസ്ട്രാർ ആയപ്പോൾ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകമായി അദ്ദേഹം മാറി. സിപിഎം നേതാക്കൾ സെനറ്റ് ഹാളിന് പുറത്ത് പ്രശ്നം ഉണ്ടാക്കിയപ്പോൾ രജിസ്ട്രാർ ഹാളിനുള്ളിൽ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. ഗവർണർ പങ്കെടുക്കുന്ന, പ്രോട്ടോകോൾ അനുസരിച്ച് നടത്തുന്ന പരിപാടിയിൽ തടസ്സം സൃഷ്ടിച്ച് ചാൻസിലറായ ഗവർണറോട് അനാദരവ് കാണിക്കുകയാണ് രജിസ്ട്രാർ കെ എസ് അനിൽകുമാർ ചെയ്തത്. ആലപ്പുഴ ശ്രീ അയ്യപ്പ കോളേജിൽ നടന്ന പരിപാടിയിൽ ഉണ്ടായിരുന്ന അതേ ഭാരതാംബയുടെ ചിത്രം തന്നെയാണ് സെനറ്റ് ഹാളിൽ ഉണ്ടായിരുന്നതും. യഥാർത്ഥത്തിൽ രജിസ്ട്രാറുടെ പ്രശ്നം ഭാരതാംബയല്ല സിപിഎമ്മിനോടുള്ള വിധേയത്വവും കൂറും ആണ്. രജിസ്ട്രാറുടെ ചട്ടവിരുദ്ധ നിയമനത്തിന് പ്രതിഫലമെന്നോണം ഇടതുപക്ഷത്തിന്റെ ചട്ടുകമായി പ്രവർത്തികയാണെന്നും അദ്ദേഹം പറഞ്ഞു
Discussion about this post