തളിപ്പറമ്പ്: ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍. തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രാങ്കണത്തിന് മുന്നില്‍ 16 അടി ഉയരത്തില്‍ 4200 കിലോ വെങ്കലം കൊണ്ട് പ്രശസ്ത ശില്‍പി ഉണ്ണി കാനായി നിര്‍മിച്ച പൂര്‍ണകായ ശിവരൂപം നാടിന് സമര്‍പ്പിക്കുകയായിരുന്നു ഗവര്‍ണര്‍.
സനാതന ധര്‍മത്തിന്റെ പ്രചരണത്തിനായി ഒരോ ക്ഷേത്രത്തോടുമനുബന്ധിച്ച് ഗോശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ മാത്രമേ സനാതന ധര്‍മം പുതു തലമുറയ്‌ക്ക് കൈമാറാനാവൂ. സനാതന ധര്‍മമെന്നത് മതമെല്ലന്നും ഭാരതത്തിന്റേതായി ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന മനോഭാവവും വ്യവഹാരവുമാണെന്നും അദ്ദേഹം പറഞ്ഞു. മാനവസേവ തന്നെയാണ് മാധവ സേവയെന്ന തത്വം ക്ഷേത്രങ്ങളില്‍ക്കൂടി സമാജത്തില്‍ പ്രാവര്‍ത്തികമാക്കണം. ലോകത്തിന് മുഴുവന്‍ ഐശ്വര്യം പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണം. സമൂഹത്തിന് വഴികാട്ടിയാവണം ക്ഷേത്രങ്ങള്‍. മാനവസേവ എന്നത് പരമമായ ധര്‍മമാണ്. സമാജത്തിന് വേണ്ടി വല്ലതും ചെയ്യുകയെന്ന സന്ദേശമാണ് ശിവഭഗവാന്‍ നല്‍കുന്ന സന്ദേശം. മറ്റുളളവര്‍ക്ക് വേണ്ടിയാണ് ശിവന്‍ ജീവിച്ചതെന്നും അതു പോലെ മറ്റുളളവര്‍ക്ക് വേണ്ടി ജീവിക്കുകയാണ് താനടക്കമുളള ഒരോരുത്തരും ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഓം നമഃ ശിവായ മന്ത്രം ചൊല്ലി ഭദ്രദീപം കൊളുത്തിയാണ് ഗവര്‍ണറും പത്‌നി അനഘ ആര്‍ലേക്കറും ചേര്‍ന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. നേരത്തെ ക്ഷേത്രത്തിലെത്തി രാജരാജേശ്വരന് പൊന്നുംകുടം വെച്ച് തൊഴുത ശേഷമാണ് ക്ഷേത്രത്തിന് മുന്നില്‍ പൂര്‍ണകായ ശിവരൂപം ഗവര്‍ണര്‍ നാടിന് സമര്‍പ്പിച്ചത്. അനാച്ഛാദന ചടങ്ങില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബിജു ടി. ചന്ദ്രശേഖരന്‍ എന്നിവരും സംബന്ധിച്ചു. ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു.
കോ- ഓര്‍ഡിനേറ്റര്‍ കമല്‍ കന്നിരാമത്ത്, ദേവസ്വം എക്‌സി. ഓഫീസര്‍ ടി.എസ്. സുരേഷ്‌കുമാര്‍, വിജയ് നീലകണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. മൊട്ടമ്മല്‍ രാജന്‍, ശില്പി ഉണ്ണി കാനായി, കമല്‍ കന്നിരാമത്ത് എന്നിവരെ ഗവര്‍ണര്‍ ആദരിച്ചു.
വ്യവസായി മൊട്ടമ്മല്‍ രാജനും ഭാര്യ രജിത രാജനുമാണ് പ്രതിമ ക്ഷേത്രത്തിന് സമര്‍പ്പിച്ചത്. ഭിന്നശേഷിക്കാരനായ പത്തു വയസുകാരന്‍ ദേവദത്ത് വരച്ച ഗവര്‍ണറുടെ രേഖാചിത്രം ദേവദത്ത് ചടങ്ങില്‍ വച്ച് ആര്‍ലേക്കര്‍റിന് കൈമാറി. കമല്‍ കന്നിരാമത്ത് സ്വാഗതവും ദേവസ്വം എക്‌സി. ഓഫീസര്‍ ടി.എസ്. സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
Discussion about this post