പത്തനംതിട്ട: ദേശീയ സേവാഭാരതി യുടെ പത്തനംതിട്ട ജില്ലാ വാർഷിക പൊതുയോഗം വേൾഡ് മലയാളി കൗൺസിൽ അഡ്വൈസറി ബോർഡ് (ഖത്തർ) മെമ്പറും, മുൻ ഗ്ലോബൽ പ്രവാസികാര്യ വകുപ്പ് ചെയർമാനും, ലോക കേരള സഭ അംഗവുമായിരുന്ന ജോസ് കോലത്ത് കോഴഞ്ചേരി ഉദ്‌ഘാടനം ചെയ്തു. ഈ ലോകത്ത് കേവലം കാഴ്ചക്കാരായ ആൾക്കൂട്ടവും നന്മയുടെ അംശമുള്ള സമൂഹവും ഉണ്ടെന്നും ദേശീയ സേവാ ഭാരതി നന്മ ചെയ്യുന്ന സമൂഹം ആണെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ ജോസ് കോലത്ത് പറഞ്ഞത് വൻ കരഘോഷത്തോടെയാണ് പ്രവർത്തകർ ഏറ്റുവാങ്ങിയത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 400 ഓളം പ്രധിനിധികൾ പങ്കെടുത്ത യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. ഡി. അശോക് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ. സന്തോഷ് കുമാർ വാർഷിക റിപ്പോർട്ടും,
ജില്ലാ ട്രഷറർ അനിൽ കുമാർ കഴിഞ്ഞ വർഷത്തെ വാർഷിക പൊതുയോഗത്തിന്റെ മിനിട്സും അവതരിപ്പിച്ചു.
ആർ. എസ്. എസ്. ദക്ഷിണ കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണൻ സേവാ സന്ദേശം നൽകി. ജില്ലാ വിദ്യാഭ്യാസ വിഭാഗം കൺവീനർ പി. പ്രസാദ് സ്വാഗതവും
ജില്ലാ സമിതി അംഗങ്ങളായ കെ.ജി. പ്രദീപ് കുമാർ ശ്രദ്ധാഞ്ജലിയും വിജയാനന്ദ വിദ്യാപീഠം സ്‌കൂൾ മാനേജർ അജയകുമാർ വല്ലിയുഴത്തിൽ, സേവാഭാരതി സംസ്ഥാന സെക്രട്ടറി പി ശ്രീജിത്ത് എന്നിവർ ആശംസ പ്രസംഗവും നടത്തി.
മഴക്കാലമായിരുന്നിട്ടും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉത്സാഹപൂർവ്വം അനേകം പ്രവർത്തകർ സമ്മേളന നഗരിയായ തിരുവാറന്മുളയിൽ ഇന്നലെ ഞായറാഴ്ച നടന്ന ചടങ്ങിലേക്ക് എത്തിച്ചേർന്നത് ദേശീയ സേവാ ഭാരതിയെന്ന സന്നദ്ധ സംഘടനയുടെ കെട്ടുറപ്പും സേവന മനോഭാവവും വെളിവാക്കുന്നു.

രാഷ്‌ട്രീയ സ്വയം സേവക സംഘത്തിൽ നിന്നും പ്രേരണയും പ്രചോദനവും ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സേവാ ഭാരതി, സേവന രംഗത്ത് ദേശീയ തലത്തിൽ ചിര പ്രതിഷ്ഠ നേടിയ പ്രസ്ഥാനമാണ്. കേരളത്തിലെ നിരാലംബരും നിർധനരുമായ സാധാരണക്കാരന്റെ കണ്ണീരൊപ്പാൻ സദാ സന്നദ്ധമായ ഈ പ്രസ്ഥാനത്തിന്റെ മേൽ നോട്ടത്തിൽ ജില്ലയിൽ 10 ആംബുലൻസ് സർവീസുകൾ, 10 പാലിയേറ്റീവ് കെയർ യൂണിറ്റുകൾ, 13 ചിതാഗ്നി ശവസംസ്കരണ യൂണിറ്റുകൾ, 7 മൊബൈൽ മോർച്ചറികൾ, യോഗാ സെന്ററുകൾ, സൗജന്യ ചികിത്സാ സഹായം, ഭവന നിർമാണം, വിദ്യാഭ്യാസ സഹായം തുടങ്ങി അനേകം സ്തുത്യർഹമായ സേവനങ്ങൾ കാഴ്ച വച്ചുകൊണ്ടിരിക്കുന്നു.
കൂടാതെ ലഹരിക്കെതിരെ സേവാ ഭാരതിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ ജനകീയ സഭ സ്തുത്യർഹമായ ബോധവത്കരണവും പ്രവർത്തനങ്ങളുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജില്ലാ സെക്രട്ടറി എസ് സരിതമോൾ കൃതജ്ഞത രേഖപ്പെടുത്തി.

Discussion about this post