കൊച്ചി: മലയാള സാഹിത്യരംഗത്തെ കുലപതികളില്‍ പ്രമുഖനായിരുന്ന പ്രൊഫ. എം.കെ. സാനു (98) അന്തരിച്ചു. ഇന്നലെ വൈകിട്ട് 5.35ന് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞമാസം 25ന് വീട്ടില്‍ വീണ് ഇടുപ്പെല്ലിനു പരിക്കേറ്റ് ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും ശ്വാസതടസമുണ്ടായിരുന്നതുമൂലം തീവ്രപരിചരണവിഭാഗത്തിലായിരുന്നു. രണ്ടു ദിവസമായി സ്ഥിതി ഏറെ വഷളായിരുന്നു.
ഭൗതികശരീരം ഇന്ന് രാവിലെ 9ന് എറണാകുളം കാരിക്കാമുറി റോഡിലെ വസതിയായ സന്ധ്യയില്‍ എത്തിക്കും. രാവിലെ 10 മുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. സംസ്‌കാരം വൈകിട്ട് 4ന് രവിപുരം പൊതുശ്മശാനത്തില്‍. വൈകിട്ട് 5 ന് എറണാകുളം ടൗണ്‍ഹാളില്‍ അനുശോചന യോഗം ചേരും.
ഇന്നലെ രാത്രി അമൃത ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച സാനുമാഷിന്റെ ഭൗതികദേഹത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ബിജെപി സംസ്ഥാന സമിതിയംഗം സി.ജി. രാജഗോപാല്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
1928 ഒക്ടോബര്‍ 27ന് ആലപ്പുഴ തുമ്പോളിയില്‍ ജനിച്ച സാനു മാസ്റ്റര്‍ അദ്ധ്യാപകന്‍, ദേശസ്‌നേഹി, സാമൂഹിക പ്രതിബദ്ധതയുള്ള സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലുള്ള ഇടപെടലുകളിലൂടെ ജനമനസില്‍ ഇടംപിടിച്ചു. അദ്ധ്യാപകജീവിതം തികച്ചും സമര്‍പ്പണപൂര്‍ണമായിരുന്നു. ഭാഷയുടെയും സാഹിത്യത്തിന്റെയും സങ്കീര്‍ണതകളെ ലളിതമായി വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്‍കുന്ന ശൈലി അനേക തലമുറകള്‍ക്ക് അനുപമമായ പാഠമാണ് നല്‍കിയത്. മഹാരാജാസ് കോളജില്‍ മലയാളം അദ്ധ്യാപകനായിരിക്കെ അദ്ദേഹത്തിന്റെ ക്ലാസില്‍ കയറാന്‍ അവസരം കിട്ടിയത് ഭാഗ്യമാണെന്ന് പറയുന്ന പൂര്‍വ വിദ്യാര്‍ത്ഥികള്‍ ധാരാളമാണ്. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തുടങ്ങിയ കാലത്ത് സാനു മാഷിന്റെ മാര്‍ഗദര്‍ശനം നന്ദിയോടെ ഓര്‍ക്കുന്നവരുമുണ്ട്.
ശ്രീനാരായണ ഗുരുവിനോടുള്ള ആരാധനയാണ് മാഷിന്റെ സര്‍ഗവാസനയുടെ പ്രചോദനം. ഗുരുദര്‍ശനത്തിന്റെ സാമൂഹിക, രാഷ്‌ട്രീയ പ്രസക്തികളെ അനാവരണം ചെയ്ത നിരവധി രചനകളില്‍ ഇക്കാര്യം പ്രകടമാണ്. കൃതികള്‍ സാനുമാഷിന്റെ ചിന്താഗാംഭീര്യത്തിന്റെ തെളിവുകളാണ്. ജാതി, മതം, ഭാഷ എന്നിവയ്‌ക്ക് അപ്പുറം മനുഷ്യന്റെ അടിസ്ഥാന മൂല്യങ്ങളെ തലമുറകളിലേക്ക് പകരുന്നതിലായിരുന്നു മാഷിന്റെ പരിശ്രമം മുഴുവന്‍. ലളിതവും അര്‍ത്ഥവത്തുമായ ഭാഷ. ധാര്‍മികതയും സാമൂഹിക ബോധവും ചേര്‍ന്ന ആഖ്യാനം. ചരിത്രസഞ്ചിതവും സംസ്‌കാരബോധവുമുള്ള ആഴമേറിയ വിമര്‍ശനം. ഗുരുനാഥന്മാരോടുള്ള ആദരവും മാനവികതയും നിറഞ്ഞതായിരുന്നു എഴുത്ത്. 98-ാം വയസില്‍ നവോത്ഥാന നായിക തപസ്വനി അമ്മയുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചത് ചരിത്രസംഭവമായിരുന്നു.
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ക്ലാസുകളും നല്‍കുന്ന അനുഭവം രചനകള്‍ക്കപ്പുറമാണ്. എണ്‍പതിലേറെ പുസ്തകങ്ങള്‍ രചിച്ച മാഷിന് എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, പത്മപ്രഭാ പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചു. ഇടതുപക്ഷ സഹയാത്രികനായി ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ രചനകളുടെ ആഴത്തില്‍ നിഴലിച്ചിരുന്നത് ഭാരതീയ ദര്‍ശനമായിരുന്നു. വിശേഷിച്ച് ശ്രീനാരായണഗുരുദേവ ദര്‍ശനം. അതുകൊണ്ടുതന്നെ സക്കറിയ പോലുള്ളവര്‍ മൃദു ഹിന്ദുത്വവാദിയാണ് എന്ന് പറഞ്ഞു വിമര്‍ശിച്ചിരുന്നു.
പ്രൊഫ. എം.കെ. സാനു എന്ന പേര് കേട്ടാല്‍ മലയാളിയുടെ മനസില്‍ ഉണര്‍ന്നുയരുന്നത് സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും സമര്‍പ്പിച്ച അതുല്യജീവിതം തന്നെ.
ഭാര്യ: പരേതയായ എന്‍. രത്നമ്മ.മക്കള്‍: എം.എസ്. രഞ്ജിത് (റിട്ട. ഡപ്യൂട്ടി ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയര്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്), എം.എസ്. രേഖ, ഡോ. എം.എസ്. ഗീത (ഹിന്ദി വിഭാഗം റിട്ട. മേധാവി (സെന്റ് പോള്‍സ് കോളജ്, കളമശേരി), എം.എസ്. സീത (സാമൂഹികക്ഷേമ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ), എം.എസ്. ഹാരിസ് (മാനേജര്‍, എനര്‍ജി മാനേജ്‌മെന്റ് സര്‍വീസസ്, ദുബായ്). മരുമക്കള്‍: സി.വി. മായ, സി.കെ. കൃഷ്ണന്‍ (റിട്ട. മാനേജര്‍, ഇന്ത്യന്‍ അലുമിനിയം കമ്പനി), അഡ്വ. പി.വി. ജ്യോതി (റിട്ട. മുനിസിപ്പല്‍ സെക്രട്ടറി), ഡോ. പ്രശാന്ത് കുമാര്‍ (ഇംഗ്ലിഷ് വിഭാഗം മുന്‍ മേധാവി, കാലടി സംസ്‌കൃത സര്‍വകലാശാല), മിനി (ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍, ദുബായ്).
Discussion about this post