കൊട്ടാരക്കര: ലവ് ജിഹാദ് ശ്രമം നടത്തിയ പോക്സോ കേസ് പ്രതിയായ റോഡുവിളയിലെ 19 കാരനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ട് ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത് നേതൃത്വത്തിൽ കൊട്ടാരക്കര റൂറൽ എസ് പി ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ലവ് ജിഹാദ് ലക്ഷ്യമിട്ട് വിദ്യാർത്ഥിനിയെ ഭീഷണി പെടുത്തി മതം മാറ്റാൻ ശ്രമിച്ച പ്രതിയെ കൊട്ടാരക്കര പോലീസ് പിടികൂടാതെ സംരക്ഷിക്കുന്നു വെന്നും നിരവധി തവണ പോലീസ് സ്റ്റേഷൻ പരിസരത്തു എത്തിയ പ്രതിയെ അറസ്റ്റ് ചെയ്യാനോ ഉചിതമായ നടപടി സ്വീകരിക്കാനോ പോലീസ് തയ്യാറായില്ല എന്ന് പ്രതിഷേധ മാർച്ച് ആരംഭത്തിൽ ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപാറ സുരേഷ് പറഞ്ഞു. മണികണ്ഠൻ ആൽത്തറയിൽ നിന്നും ആരഭിച്ച മാർച്ച് ഗാന്ധിമുക്കിൽ എസ് പി ഓഫിസിന് സമീപം പോലീസ് ബാരിക്കേട് വച്ചു തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹൻ ഉദ്ഘാടനം ചെയ്തു.
ഹിന്ദു ക്രിസ്ത്യൻ സമുദായങ്ങളെ ബലിയാടാക്കി കേരളത്തിൽ മത പ്രീണനം നടക്കുന്നു വെന്ന് മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹൻ പറഞ്ഞു. പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു ബിന്ദു മോഹൻ. ഈ മതപ്രീണനത്തിന്റെ ഭാഗമായി കേരളത്തിൽ സർക്കാരും ഇടതു വലത് മുന്നണിയും പോലീസും മാറി കഴിഞ്ഞിരിക്കുന്നു. മൊഴിയിൽ പോലും നിർബന്ധിത പരിവർത്തനം എന്ന് പോലും എഴുതാൻ മടിക്കുന്ന പോലീസ് മാറി എന്നതിന്റെ തെളിവാണ് കൊട്ടാരക്കരയിലും കോതമംഗലത്തും കാണാൻ സാധിക്കുന്നത്. ലവ് ജിഹാദ് നിയമം മൂലം നിരോധിക്കുകയും കൊട്ടാരക്കരയിലെ സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു നിയമ നടപടി ഉണ്ടാകണമെന്ന് ബിന്ദു മോഹൻ ആവശ്യപ്പെട്ടു.
സമീപകാലത്ത് ഏറ്റവും കൂടുതൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സ്ഥലമായി കേരളം മാറിയതായി ബിജെപി ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് പറഞ്ഞു. അതിൽ പ്രധാനം സ്നേഹം നടിച്ചശേഷം നിർബന്ധിച്ചും ഭീഷണി പെടുത്തിയും ഗാർഹിക പീഡനവഴിയും ഉള്ള നിർബന്ധിത മത പരിവർത്തന ശ്രമമാണ്. കേരളത്തിൽ ലവ് ജിഹാദ് സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ ധനകാര്യ മന്ത്രി ഉൾപ്പടെയുള്ളവർ പറയുന്നത് അങ്ങനെ ഒരു സംഭവമേ ഇല്ല എന്നാണ്. കൊട്ടാരക്കരയിലെ സംഭവത്തിൽ പ്രതിയെ കൂടാത്ത പോലീസ് നടപടിക്കെതിരെ ഉണ്ടാകുന്ന എല്ലാ പ്രക്ഷോഭങ്ങൾക്കും ബിജെപി പിന്തുണ നൽകുമെന്നും രാജി പ്രസാദ് പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപാറ സുരേഷ് അധ്യക്ഷനായ പ്രതിഷേധ യോഗത്തിൽ വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സംഘടന സെക്രട്ടറി സുധാകരൻ മാരൂർ, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദർശൻ, സംസ്ഥാന സമിതി അംഗം തലവൂർ ഗോപാലകൃഷ്ണൻ, ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ്, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി അലീല പൊന്നു, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് ഡോ ഹരി റാം തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് വി എച് പി ജില്ലാ സെക്രട്ടറി വിളക്കുടിസോമൻ, ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര,പെട്രിയോട്ടിക് ഫോറം ഓഫ് ഇന്ത്യ പ്രസിഡന്റ് അഡ്വ കെ വി രാജേന്ദ്രൻ, ഹിന്ദു ഐക്യ വേദി നേതാക്കളായ ഹരിശങ്കർ, ഓച്ചിറ രവി കുമാർ, പുത്തൂർ തുളസി, ബിനു എം എൽ, അണ്ടൂർ രാധാകൃഷ്ണൻ, ദിലീപ് ചടയമംഗലം, വി എച് പി നേതാക്കളായ ദിലീപ് ഇഞ്ചാകാട്, സുദർശൻ, വിജയകുമാർ മൈലം എന്നിവർ നേതൃത്വം നൽകി.



Discussion about this post