ന്യൂദല്‍ഹി: അന്താരാഷ്ട്രതലത്തിലെ എല്ലാ വ്യവഹാരങ്ങളും സ്വന്തം ഇച്ഛയുടെ അടിസ്ഥാനത്തിലാവണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഏതെങ്കിലും സമ്മര്‍ദങ്ങളുടെ അടിസ്ഥാനത്തിലാകരുത്. സ്വയംപര്യാപ്ത ഭാരതത്തിനായി സ്വദേശിക്ക് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. സംഘ ശതാബ്ദിയുടെ ഭാഗമായി ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച സംഘയാത്രയുടെ 100 വര്‍ഷങ്ങള്‍ – പുതിയ ചക്രവാളങ്ങള്‍ എന്ന മൂന്ന് ദിവസത്തെ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക വീക്ഷണകോണില്‍, ചെറിയ പരീക്ഷണങ്ങള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ ദേശീയ തലത്തില്‍ സാമ്പത്തിക മാതൃക സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. സ്വാശ്രയത്വം, സ്വദേശി, പരിസ്ഥിതി എന്നിവയുടെ സന്തുലിതാവസ്ഥയുള്ള വികസന മാതൃക ലോകത്തിന് മുന്നില്‍ നാം അവതരിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സാമാജിക ജീവിതത്തില്‍ സന്തുലനം നിലനിര്‍ത്തി എല്ലാത്തരം തീവ്രവാദത്തില്‍ നിന്നും സംരക്ഷിക്കുന്നത് ധര്‍മ്മമാണെന്ന് മോഹന്‍ ഭഗവത് പറഞ്ഞു. ഭാരതീയ പാരമ്പര്യം ഇതിനെ മധ്യമാര്‍ഗ്ഗം എന്ന് വിളിക്കുന്നു, ഇതാണ് ഇന്നത്തെ ലോകത്തിന് ഏറ്റവും ആവശ്യം. ലോകത്തിന് മാതൃകയാകാന്‍, സാമൂഹിക പരിവര്‍ത്തനം വീട്ടില്‍ നിന്ന് ആരംഭിക്കണം. ഇതിനായി, കുടുംബ പ്രബോധനം, സാമാജിക സമരസത, പരിസ്ഥിതി സംരക്ഷണം, സ്വദേശി, പൗരബോധം എന്നിങ്ങനെ സംഘം അഞ്ച് ആശയങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
നമ്മുടെ പൂര്‍വികര്‍ പുഞ്ചിരിച്ചുകൊണ്ട് തൂക്കുമരത്തിലേക്ക് പോയി, എന്നാലിന്ന് നമ്മുടെ ദൗത്യം 24 മണിക്കൂറും രാജ്യത്തിനുവേണ്ടി ജീവിക്കുക എന്നതാണ്. ഏത് സാഹചര്യത്തിലും ഭരണഘടനയും നിയമങ്ങളും പാലിക്കണം. പ്രകോപനം ഉണ്ടായാല്‍, ടയറുകള്‍ കത്തിക്കുകയോ കല്ലെറിയുകയോ ചെയ്യരുത്. അത്തരം പ്രവൃത്തികള്‍ മുതലെടുത്ത് അക്രമാസക്തരായ ഘടകങ്ങള്‍ നമ്മെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. നമ്മള്‍ ഒരിക്കലും പ്രകോപിതരാകരുത്, നിയമവിരുദ്ധമായ ഒന്നും ചെയ്യരുത്. ചെറിയ കാര്യങ്ങളില്‍ പോലും, രാജ്യത്തെയും സമൂഹത്തെയും മനസ്സില്‍ കാണണം.
സംഘത്തിന്റെ പ്രവര്‍ത്തനം ശുദ്ധ സാത്വിക സ്‌നേഹത്തിലും സാമൂഹിക പ്രതിബദ്ധതയിലും അധിഷ്ഠിതമാണ്. സ്വയംസേവകര്‍ വ്യക്തിപരമായ നേട്ടമൊന്നും പ്രതീക്ഷിക്കുന്നില്ല. ഇവിടെ പ്രോത്സാഹനങ്ങളുമില്ല, മറിച്ച് കൂടുതല്‍ നിരുത്സാഹപ്പെടുത്തലുകളാണ്. ചെയ്യുന്ന കാര്യത്തില്‍ സന്തോഷം അനുഭവിച്ചുകൊണ്ടാണ് സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്നത്. ജീവിതത്തിന്റെസാര്‍ത്ഥകത നിസ്വാര്‍ത്ഥ സേവനത്തിലൂടെയാണ് അനുഭവപ്പെടുന്നത്. സജ്ജനങ്ങളുമായി സൗഹൃദം സ്ഥാപിക്കുക, ദുര്‍ജനങ്ങളെ അവഗണിക്കുക, ആരെങ്കിലും നന്മ ചെയ്യുമ്പോള്‍ ആനന്ദം പ്രകടിപ്പിക്കുക, ദുര്‍ജനങ്ങളോടുപോലും അനുകമ്പ കാണിക്കുക, ഇതാണ് സംഘത്തിന്റെ ജീവിത മൂല്യം. സംഘത്തിന്റെ വിശ്വാസ്യതയില്‍ ഇന്ന് സമൂഹത്തിന് ആദരവുണ്ട്. സംഘം പറയുന്നത് സമൂഹം ശ്രദ്ധിക്കുന്നു, സര്‍സംഘചാലക് പറഞ്ഞു.
സംഘം ഒരിക്കലും ക്രെഡിറ്റ് ബുക്കില്‍ വരാന്‍ ആഗ്രഹിക്കുന്നില്ല. ഭാരതം ഉയരുകയും ലോകമെമ്പാടും സന്തോഷവും സമാധാനവും സ്ഥാപിക്കാനുതകും വിധം ഒരു കുതിച്ചുചാട്ടം നടത്തുകയും വേണമെന്ന് സംഘം ആഗ്രഹിക്കുന്നു, സര്‍സംഘചാലക് പറഞ്ഞു.
സത്യം, സ്‌നേഹം, സ്വന്തമെന്ന ഭാവം എന്നിവയാണ് ഹിന്ദുത്വം. ജീവിതം നമുക്ക് വേണ്ടിയുള്ളതല്ലെന്ന് നമ്മുടെ ഋഷിമുനിമാര്‍ പഠിപ്പിച്ചു. ഒരു മുതിര്‍ന്ന സഹോദരന്റെ സ്ഥാനത്തുനിന്ന് ലോകത്തിന് പാത കാണിക്കേണ്ട ചുമതല ഭാരതം നിര്‍വഹിക്കേണ്ടത് ഇക്കാരണം കൊണ്ടാണ്. ഇതില്‍ നിന്നാണ് ലോകക്ഷേമം എന്ന ആശയം പിറവിയെടുക്കുന്നത്.
ലോകം മതഭ്രാന്തിലേക്കും വിയോജിപ്പിലേക്കും അശാന്തിയിലേക്കും നീങ്ങുകയാണെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മുന്നൂറ്റമ്പത് വര്‍ഷത്തിനിടയില്‍, ഉപഭോഗപരവും ഭൗതികവുമായ വീക്ഷണം കാരണം മനുഷ്യജീവിതത്തില്‍ മാന്യത കുറഞ്ഞു. ഗാന്ധിജി വിവരിച്ച ഏഴ് സാമൂഹിക പാപങ്ങള്‍, കഠിനാധ്വാനമില്ലാത്ത ജോലി, ജ്ഞാനമില്ലാത്ത സന്തോഷം, സ്വഭാവമില്ലാത്ത അറിവ്, ധാര്‍മ്മികതയില്ലാത്ത വ്യാപാരം, മനുഷ്യത്വമില്ലാതെ ശാസ്ത്രം, ത്യാഗമില്ലാത്ത മതം, തത്വങ്ങളില്ലാത്ത രാഷ്ട്രീയം എന്നിവ സമൂഹത്തിലെ അസന്തുലിതാവസ്ഥയെ കൂടുതല്‍ ആഴത്തിലാക്കിയിട്ടുണ്ടെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
സമന്വയമില്ലായ്മയുടെ കാഴ്ചപ്പാട് ലോകം മാറ്റേണ്ടിവരരും അതിന് ലോകം ധര്‍മ്മപാത പിന്തുടരണം.. ‘ധര്‍മ്മം ആരാധനയ്ക്കും ആചാരങ്ങള്‍ക്കും അപ്പുറമാണ്. ധര്‍മ്മം എല്ലാത്തരം മതങ്ങള്‍ക്കും മുകളിലാണ്. ധര്‍മ്മം നമ്മെ പഠിപ്പിക്കുന്നത് സന്തുലിതാവസ്ഥയാണ്. നമ്മള്‍ ജീവിക്കണം, സമൂഹം ജീവിക്കണം, പ്രകൃതിയും ജീവിക്കണം. എന്നതാണത്. ഈ കാഴ്ചപ്പാടിലൂടെ മാത്രമേ ലോകസമാധാനം സ്ഥാപിക്കാന്‍ കഴിയൂ.
വൈവിധ്യത്തെ അംഗീകരിക്കുകയും എല്ലാവരുടെയും നിലനില്‍പ്പിനെ ബഹുമാനിക്കുകയും ചെയ്യുന്ന ജീവിതത്തിലേക്ക് നമ്മെ നയിക്കുന്നതാണ് ധര്‍മ്മം. ആഗോള സാഹചര്യത്തില്‍, സമാധാനം, പരിസ്ഥിതി, സാമ്പത്തിക അസമത്വം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നു. എന്നാല്‍ പരിഹാരം വളരെ അകലെയാണ്. അതിന് ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ആദര്‍ശം ജീവിതത്തില്‍ വളരണം. സമതുലിതമായ ബുദ്ധിശക്തിയും ധാര്‍മ്മികമായ കാഴ്ചപ്പാടും വളര്‍ത്തിയെടുക്കണം.
ഭാരതം എന്നും നഷ്ടങ്ങളെ അവഗണിച്ചും സംയമനം പാലിച്ചിട്ടുണ്ട്. ദ്രോഹിച്ചവരെയും പ്രതിസന്ധി ഘട്ടങ്ങളില്‍ നമ്മള്‍ സഹായിച്ചിട്ടുണ്ട്. വ്യക്തികളുടെയും രാഷ്ട്രങ്ങളുടെയും അഹങ്കാരത്തില്‍ നിന്നാണ് ശത്രുത ഉണ്ടാകുന്നത്, പക്ഷേ ഹിന്ദുസ്ഥാന്‍ അഹങ്കാരത്തിന് അതീതമാണ്. ഭാരതീയ സമൂഹം അതിന്റെ പെരുമാറ്റത്തിലൂടെ ലോകത്തിന് ഒരു മാതൃക കാണിക്കേണ്ടതുണ്ട്, സര്‍സംഘചാലക് പറഞ്ഞു.
സംഘത്തിന്റെ ലക്ഷ്യം എല്ലാ സ്ഥലങ്ങളിലും, എല്ലാ തലങ്ങളിലും എല്ലാ വിഭാഗങ്ങളിലും എത്തിച്ചേരുക എന്നതാണ്. ഇതോടൊപ്പം, സമൂഹത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്ന സജ്ജനങ്ങളുടെ ശക്തിയും ഒരുമിക്കണം. ഇത് സമാജത്തെയാകെ സംഘത്തെപ്പോലെ സ്വഭാവ രൂപീകരണത്തിന്റെയും ദേശസ്നേഹത്തിന്റെയും വഴിയിലേക്ക് നയിക്കും. ഇതിനായി, സമൂഹത്തിന്റെ എല്ലാ കോണുകളിലും സംഘം എത്തിച്ചേരണം. അഭിപ്രായരൂപീകരണം നടത്തുന്ന സജ്ജനങ്ങളെ തുടര്‍ച്ചയായി സംഘം സമ്പര്‍ക്കം ചെയ്യും. അവര്‍ സമൂഹത്തിനായി പ്രവര്‍ത്തിക്കണം, ദുര്‍ബല വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ, സമൂഹത്തിന്റെയാകെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ സംഘം ആഗ്രഹിക്കുന്നു.
മതപരമായ ആശയങ്ങള്‍ പുറത്തുനിന്നുള്ള ആക്രമണത്തിലൂടെയാണ് ഭാരതത്തിലേക്ക് വന്നതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. എന്തുകൊണ്ടോ ചിലര്‍ അവരെ സ്വീകരിച്ചു. അവരെല്ലാം ഇവിടെ നിന്നുള്ളവരാണ്, എന്നാല്‍ വൈദേശിക ആശയങ്ങള്‍ മൂലമുണ്ടാകുന്ന അകലങ്ങള്‍ ഇല്ലാതാക്കേണ്ടതുണ്ട്. വൈവിധ്യങ്ങള്‍ക്കിടയിലും, ഒരു രാജ്യത്തിന്റെ, ഒരു സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍, പൊതുവായ സാംസ്‌കാരിക പൈതൃകവുമായും നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. ഏകതയ്ക്ക് ഇത് ആവശ്യമാണ്, സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
അയല്‍രാജ്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നദികളും പര്‍വതങ്ങളും ജനങ്ങളും ഒന്നുതന്നെയാണ്, ഭൂപടത്തില്‍ ചില വരകള്‍ മാത്രമേ വരച്ചിട്ടുള്ളൂ. മതങ്ങളും വിശ്വാസങ്ങളും വ്യത്യസ്തമായിരിക്കാം, പക്ഷേ സംസ്‌കാരത്തില്‍ നമുക്ക് അഭിപ്രായ വ്യത്യാസമില്ല, സര്‍സംഘചാലക് പറഞ്ഞു.
സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ഉത്തരക്ഷേത്ര സംഘചാലക് പ്രാന്ത സംഘചാലക് പവന്‍ ജിന്‍ഡാല്‍, ദല്‍ഹിയിലെ പ്രാന്ത സംഘചാലക് ഡോ. അനില്‍ അഗര്‍വാള്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.



Discussion about this post