പാലക്കാട്: അക്കാദമിക ബ്രാഹ്‌മണ്യം അടിച്ചേല്‍പ്പിക്കാനാണ് ചില പണ്ഡിതന്മാരെന്നവകാശപ്പെടുന്നവര്‍ ശ്രമിക്കുന്നതെന്ന് കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു അഭിപ്രായപ്പെട്ടു. രാമായണം കീഴാളര്‍ വായിക്കാന്‍ പാടില്ലെന്ന് പ്രസംഗിച്ച് നടക്കുന്നവരാണ് ഇതിനുപിന്നില്‍. എന്നാലിവര്‍ക്ക് രാമായണമെന്തെന്നോ രാമന്‍ ആരെന്നോ അറിയില്ല. ഗണേശോത്സവ ശോഭായാത്ര ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സനാതന ധര്‍മ്മത്തെ തകര്‍ക്കാനാണ് ചില ഹിന്ദുനാമധാരികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
ശബരിമലയും ഗുരുവായൂരും ശ്രീപത്മനാഭസ്വാമി ക്ഷേത്രവും തകര്‍ക്കാന്‍ ശ്രമിച്ച ശക്തികളാണിപ്പോള്‍ അയ്യപ്പസംഗമം നടത്താന്‍ ശ്രമിക്കുന്നത്. സനാതന ധര്‍മ്മത്തിനെതിരെ വാതോരാതെ ശബ്ദിക്കുന്നവരെ അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. എന്നാല്‍ അതിലൊന്നും തകരുന്നതല്ല ആയിരക്കണക്കിനുവര്‍ഷങ്ങളുടെ പൈതൃകമുള്ള ഹൈന്ദവധര്‍മ്മം. സനാതനധര്‍മ്മം തുലയട്ടെയെന്ന് മുദ്രാവാക്യം മുഴക്കുന്നവര്‍ ജിഹാദികള്‍ക്കും ഭീകരവാദത്തിനുമെതിരെ ഇത്തരമൊരു ശബ്ദമുയര്‍ത്താന്‍ കഴിയുമോയെന്നദ്ദേഹം ചോദിച്ചു.
ആറായിരത്തിലധികം ജാതികളും എണ്ണൂറോളം ഭാഷകളുമുള്ള ഭാരതം ഒറ്റക്കെട്ടായി നില്‍ക്കുന്നത്, ഇത്തരമൊരു ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഓര്‍ക്കണം. ജിഹാദികളുടെയും മതപരിവര്‍ത്തനശക്തികളുടെയും സംഘടിതവോട്ടാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഗുരുപൂജ ചെയ്താല്‍ കേസെടുക്കുന്ന സംസ്ഥാനമാണ് കേരളം. അതേസമയം ഗുരുക്കന്മാര്‍ക്ക് കുഴിമാടം സൃഷ്ടിക്കുന്നവരെ ആരാധിക്കുകയും ചെയ്യുന്ന ഒരുവിഭാഗവും ഇവിടെയുണ്ട്. മതഭീകരവാദികള്‍ക്കുമുമ്പില്‍ മുട്ടിലിഴയുകയാണ് ചില രാഷ്‌ട്രീയ ഭിക്ഷാംദേഹികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുഞ്ചത്തെഴുത്തച്ഛന്റെ പേരിലുള്ള സര്‍വ്വകലാശാലയില്‍ അദ്ദേഹത്തിന്റെ പ്രതിമവക്കാന്‍ പോലും മതേതരവാദികളെന്ന് അവകാശപ്പെടുന്നവര്‍ക്ക് ധൈര്യമില്ല. ഭാഷാപിതാവിന്റെ പ്രതിമ ചാക്കില്‍ കെട്ടിവച്ച് അദ്ദേഹത്തെ അപമാനിക്കുകയാണ് കേരളം ഭരിക്കുന്നവരെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തെ മധുരതരമാക്കി മാറ്റുന്ന ക്ഷിപ്രപ്രസാദിയായ ഭഗവാന്‍ ഗണപതിയുടെ അനുഗ്രഹാശിസ്സുകള്‍ ഏവര്‍ക്കുമുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Discussion about this post