കൊച്ചി: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം ജില്ലയിൽ വിപുലമായി നടത്തുവാൻ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ശ്രീകൃഷ്ണജയന്തിദിനത്തിൽ ജില്ലയിലെ നാനൂറിലധികം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ശോഭായാത്രകൾ സംഘടിപ്പിക്കും. ബാലഗോകുലത്തിന്റെ സുവർണ്ണജയന്തിവർഷമായ ഇത്തവണ ശ്രീകൃഷ്ണജയന്തിദിനത്തിൽ ജില്ലയിൽ നടക്കുന്ന ശോഭായാത്രകളിൽ ആയിരക്കണക്കിന് ശ്രീകൃഷ്ണഭക്തരുടെ പങ്കാളിത്തം ഉണ്ടാകുമെന്നും ബാലഗോകുലം കൊച്ചി മഹാനഗർസമിതിയും ശ്രീകൃഷ്ണജയന്തി ബാലദിനാ ഘോഷസമിതിയും സംയുക്തമായി എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നാളെ സംസ്ഥാന വ്യാപകമായി പതാകദിനം നടക്കും. ജില്ലയിൽ അഞ്ഞൂറ് കേന്ദ്രങ്ങളിൽ കാവി പതാക ഉയർത്തി പതാകദിനം ആചരിക്കും. “ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ” എന്നതാണ് ബാലഗോകുലം മുന്നോട്ട് വച്ചിട്ടുള്ള ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി സന്ദേശം. ഈ സന്ദേശത്തെ മുൻനിർത്തി ജില്ലയിലെ ഗോകുലഗ്രാമങ്ങളിലും പ്രധാനനഗര ങ്ങളിലും സാംസ്കാരികസമ്മേളനങ്ങളും കുടുംബസംഗമങ്ങളും നടന്നു വരികയാണ്.
സെപ്റ്റംബർ 12 വെള്ളിയാഴ്ച എറണാകുളം ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ നടക്കുന്ന കുടുംബസംഗമം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ എം.ജി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗായിക മൃദുലവാര്യർ പങ്കെടുക്കും. അഖിലഭാരതീയ പ്രജ്ഞാപ്രവാഹ് സംയോജകൻ ജെ നന്ദകുമാർ കുടുംബസംഗമത്തിൽ ശ്രീകൃഷ്ണജയന്തി സന്ദേശം നൽകും. ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ നൂറോളം കേന്ദ്രങ്ങളിൽ ഗോപൂജ ചടങ്ങും അനുബന്ധമായി ഉറിയടി, നാമാർച്ചന എന്നിവ സെപ്റ്റംബർ 14 വരെ നടക്കും.
ശ്രീകൃഷ്ണജയന്തിദിനമായ സെപ്റ്റംബർ 14 ഞായറാഴ്ച വൈകുന്നേരം 4 മണിയ്ക്ക് ജില്ലയിൽ നാനൂറിലധികം ക്ഷേത്രങ്ങളിൽ നിന്നും പുറപ്പെടുന്ന ശോഭായാത്രകൾ വിവിധ സ്ഥലങ്ങളിൽ സംഗമിച്ച് മഹാശോഭായാത്രയായി പ്രധാനക്ഷേത്രങ്ങളിൽ ദീപാരാധനയ്ക്ക് മുൻപ് എത്തിച്ചേരുകയും പ്രസാദവിതരണത്തോടെ സമാപിക്കുകയും ചെയ്യും.
എറണാകുളം പരമാര ദേവി ക്ഷേത്രം, അയ്യപ്പൻ കാവ് ക്ഷേത്രം, എറണാകുളം തിരുമല ദേവസ്വം ക്ഷേത്രം, രവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ശ്രീ കുമാരേശ്വര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം (കെ.എസ്.ആർ.ടി.സി, എറണാകുളം) എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ജോസ് ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി എറണാകുളം ശിവ ക്ഷേത്രത്തിൽ ദീപാരാധനയ്ക്ക് മുൻപായി സമാപിക്കുമെന്ന് ബാലഗോകുലം കൊച്ചിമഹാനഗർ സമിതിയും ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷസമിതിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷസമിതി അദ്ധ്യക്ഷനും പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റുമായ സി വേണുഗോപാൽ ഗോവിന്ദ്, ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം പ്രോഗ്രാം കോർഡിനേറ്റർ പി.വി.അതികായൻ, ജനറൽ കൺവീനർ ബി പ്രകാശ് ബാബു, സെക്രട്ടറി കെ.ജി.ശ്രീകുമാർ, ബാലഗോകുലം ജില്ല അദ്ധ്യക്ഷൻ പി സോമനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Discussion about this post