പന്തളം: പുണ്യപൂങ്കാവനത്തിന്റെ സംരക്ഷണത്തിനായി അയ്യപ്പന്റെ മണ്ണില്‍ നിന്നുയര്‍ന്നത് ശബരിമല സംരക്ഷണത്തിന്റെ ശരണമന്ത്രധ്വനികള്‍. ആചാര സംരക്ഷണത്തിനായി പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിലേക്ക് ഒഴുകിയെത്തിയത് അരലക്ഷത്തോളം ഭക്തര്‍. ഇരുപതിനായിരത്തിലധികം പേര്‍ക്ക് ഇരിക്കാന്‍ തയ്യാറാക്കിയ പന്തല്‍ നിറഞ്ഞ് എംസി റോഡില്‍ കിലോമീറ്ററുകളോളം ഭക്തര്‍ നിറഞ്ഞു.
കിലോമീറ്ററുകള്‍ക്കപ്പുറത്ത് വാഹനത്തില്‍ നിന്നിറങ്ങി ഭക്തസംഗമ നഗറിലേക്ക് ഭജനകള്‍ പാടിയും ശരണം വിളിച്ചും എത്തിയ ഭക്തര്‍ക്ക് ഒരേയൊരു ലക്ഷ്യം ‘ശബരിമല’യും ഒരേയൊരു മന്ത്രം ‘സ്വാമിയെ ശരണമയ്യപ്പ’ എന്നതുമായിരുന്നു. പന്തളം കൊട്ടാരം നിര്‍വാഹകസമിതിയംഗം നാരായണ വര്‍മയുടെ അധ്യക്ഷതയില്‍ തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ ഭക്തസംഗമം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ നാസ്തികനായ നാടകക്കാരനെന്ന് അണ്ണാമലൈ പറഞ്ഞു. 2018ല്‍ അയ്യപ്പഭക്തരെ ക്രൂരമായി മര്‍ദ്ദിച്ച സര്‍ക്കാരാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ശബരിമല സ്ത്രീ പ്രവേശനത്തെ നാമജപ സമരത്തിലൂടെ പ്രതിരോധിച്ച അയ്യപ്പഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാതെയണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ സംഗമം സംഘടിപ്പിച്ചത്.
തേജസ്വി സൂര്യ എംപി മുഖ്യപ്രഭാഷണം നടത്തി. നവരാത്രി ഉത്സവത്തിന്റെ തുടക്കത്തില്‍ ധര്‍മസംരക്ഷണത്തിനാണ് പന്തളത്ത് തുടക്കം കുറിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. ചെകുത്താന്‍ വേദം ഓതുന്നപോലെയാണ് ഇവര്‍ ധര്‍മ്മത്തെ കുറിച്ചു പറയുന്നത്. ആഗോള അയ്യപ്പസംഗമം കമ്മ്യൂണിസ്റ്റു സര്‍ക്കാരിന്റെ ഒരു നാടകമായിരുന്നു. ഇത് തിരിച്ചറിഞ്ഞതോടെ ഭക്തര്‍ തള്ളിക്കളഞ്ഞു. ഇപ്പോഴാണ് യഥാര്‍ത്ഥ അയ്യപ്പഭക്തര്‍ സംഗമിച്ചിരിക്കുന്നത്.
കേരളം, തമിഴ്നാട്, കര്‍ണാടക മുഖ്യമന്ത്രിമാരായ പിണറായി വിജയനും സ്റ്റാലിനും സിദ്ധരാമയ്യയും ഹിന്ദുവിരുദ്ധതയുടെ ത്രിമൂര്‍ത്തികളാണ്. കര്‍ണാടകയിലെ ധര്‍മ്മസ്ഥല തകര്‍ക്കാന്‍ ശ്രമിച്ചതുപോലെയുള്ള ഗൂഢാലോചനയാണ് ശബരിമലയിലും ഇവര്‍ നടപ്പാക്കുന്നത്. ക്ഷേത്രങ്ങളെ തകര്‍ക്കാനാണ് മൂവര്‍ സംഘം ശ്രമിക്കുന്നത്. ക്ഷേത്രങ്ങളും ആചാരങ്ങളും ആഘോഷങ്ങളും സംരക്ഷിക്കപ്പെണം. ഇതിനായി ഭക്തര്‍ സംഗമിക്കണം.
ശബരിമയില്‍ ഭക്തര്‍ക്ക് ഒരു അടിസ്ഥാന സൗകര്യവുമില്ല. 1000 കോടി രൂപയില്‍ ശബരിമലയില്‍ 50 വര്‍ഷത്തെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നാണ് പിണറായി വിജയന്‍ പറയുന്നത്. ശബരിമലയില്‍ പ്രതിവര്‍ഷം നാനൂറ് കോടിയിലധികം രൂപ വരുമാനം ലഭിക്കുമ്പോഴാണ് 50 വര്‍ഷത്തേക്ക് 1000 കോടി രൂപ മാറ്റിവയ്‌ക്കുമെന്ന് പറയുന്നത്. ഈ തലമുറയ്‌ക്കോ, അടുത്ത തലമുറയ്‌ക്കോ ഇതിന്റെ പ്രയോജനം ലഭിക്കില്ലെന്നും ശബരിമലയുടെ സംരക്ഷണത്തിന് ഹിന്ദുവിരുദ്ധ സര്‍ക്കാരിനെ പിഴുതെറിഞ്ഞ് ഹിന്ദുസംരക്ഷണ സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കണമെന്നും തേജസ്വി സൂര്യ പറഞ്ഞു.
ശബരിമല സംരക്ഷണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അവതരിപ്പിച്ചു.
വേണ്ടത് വിശ്വാസത്തിലൂന്നിയുള്ള വികസനം: ശശികല ടീച്ചര്‍

പന്തളം: ശബരിമലയില്‍ വിശ്വാസത്തിലൂന്നിയുള്ള വികസനമാണ് വേണ്ടതെന്ന് ശബരിമല കര്‍മസമതി ചെയര്‍പേഴ്സണ്‍ കെ.പി. ശശികല ടീച്ചര്‍. ശബരിമല സംരക്ഷണ സംഗമ സെമിനാറിന്റെ ഉദ്ഘാടന സഭയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ടീച്ചര്‍. വര്‍ധിച്ചുവരുന്ന അയ്യപ്പ ഭക്തര്‍ക്ക് ആചാരലംഘനം ഉണ്ടാകാത്ത രീതിയില്‍ ദര്‍ശനം ഉറപ്പാക്കുന്ന വികസനം ഉണ്ടാകണം. വിശ്വാസത്തെ നശിപ്പിച്ചു കൊണ്ടുള്ള വികസനം ശബരിമലക്ക് ആവശ്യമില്ല. ക്ഷേത്രത്തിന്റെയും ഭക്തരുടെയെ സുരക്ഷയും പ്രധാനമാണ്. ആചാരലംഘനം വരാതെവേണം ഇതെല്ലാം നടപ്പാക്കേണ്ടത്.സനാതന ധര്‍മത്തെ നശിപ്പിക്കാന്‍ പ്രതിജ്ഞ ചെയ്തവര്‍ ലക്ഷ്യമിടുന്നത് മഹാക്ഷേത്രങ്ങളേയും ആചാര്യന്മാരേയുമാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
സനാതന ധര്‍മം നൂതനവും ശാശ്വതവുമാണ്. എതിര്‍ക്കുന്നവരെ പോലും സ്വീകരിപ്പിക്കുന്നതാണ് സനാതന ധര്‍മത്തിന്റെ ശക്തി. അതാണ് മുഖ്യമന്ത്രി പമ്പയില്‍ എത്തി നിലവിളക്ക് തെളിയിച്ച് ഗീതാ ശ്ലോകം ഉരുവിട്ടതില്‍ തെളിയുന്നതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കാന്‍ ബോധപൂര്‍വ ശ്രമം: സ്വാമി പ്രഞ്ജാനാനന്ദ തീര്‍ത്ഥപാദര്‍

പന്തളം: ശബരിമല ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസത്തെയും തകര്‍ക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നതായി വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രഞ്ജാനാനന്ദ തീര്‍ത്ഥപാദര്‍. ശബരിമല സംരക്ഷണ സംഗമത്തിന്റെ പ്രാരംഭ സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അയ്യപ്പ വിശ്വാസത്തെ മുറുകെപ്പിടിച്ചു മുന്നോട്ടു പോകുന്ന ഓരോ ഭക്തനും അയ്യപ്പന്റെ പൂര്‍ണ പിന്തുണയുണ്ടാകുന്നു. ഇതു ഭക്തരുടെ ജീവിതത്തില്‍ പ്രകടമാണ്. പരിപൂര്‍ണ ആചാരനുഷ്ഠാന സംരക്ഷണ പ്രതിജ്ഞ എടുക്കാന്‍ ഭക്തര്‍ക്കു സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പധര്‍മ്മ സംരക്ഷണം ഭക്തരുടെ കടമ: സ്വാമി അയ്യപ്പദാസ്
പന്തളം: ഓരോ തീര്‍ത്ഥാടന കാലത്തും കോടിക്കണക്കിന് ഭക്തരെത്തുന്ന ശബരിമല പോലെ വേറെ ഒരു പുണ്യക്ഷേത്രമില്ലെന്നും അതിനാല്‍ അയ്യപ്പധര്‍മ്മ സംരക്ഷണം ഭക്തരുടെ കടമയാണെന്നും സ്വാമി അയ്യപ്പദാസ്.

ശബരിമലയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് പതിറ്റാണ്ടുകളായി നടക്കുന്നത്. ഭക്തിയും വിശ്വാസവും പരസ്പര പൂരകമാണ്. ശബരിമല അയ്യപ്പ വിശ്വാസം എന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. വ്രതാനുഷ്ഠാനത്തോടെ ഓരോരുത്തരും അയ്യപ്പനായി മാറുകയാണ്. മറ്റു ക്ഷേത്രങ്ങളില്‍ എത്തുന്നവര്‍ ദേവനെയും ദേവിയെയും ദര്‍ശിക്കുമ്പോള്‍ ശബരിമലയില്‍ മാത്രമാണ് ഭക്തനും ഭഗവാനും ഒന്ന്(തത്ത്വമസി) എന്ന സന്ദേശം ഉള്ളത്. കേരളീയ ഹൈന്ദവ ജനതയുടെ ഏകതാ കേന്ദ്രമാണ് ശബരിമല. മാലയിട്ടുകഴിഞ്ഞാല്‍ ഭേദചിന്ത മാറ്റി എല്ലാവരും സ്വാമിമാരാകുന്നു.സനാതന ധര്‍മം സംരക്ഷിക്കാന്‍ കഴിയുന്ന ഒരു സര്‍ക്കാരും ഇതുവരെ കേരളത്തില്‍ അധികാരത്തില്‍ വന്നിട്ടില്ല. സനാതന ധര്‍മ്മത്തിന് എതിരായ ഒരു സംവിധാനത്തെയും അംഗീകരിക്കാനാകില്ല. സനാതനധര്‍മ്മ സംരക്ഷണത്തിന് എന്തു ത്യാഗവും സഹിക്കാന്‍ കഴിയുന്നവരായി ഓരോ വിശ്വാസിയും മാറണം. അയ്യപ്പസ്വാമിക്കെതിരെ ഒരു ശബ്ദവും ഉയരാതിരിക്കേണ്ടത് ഓരോ ഭക്തന്റെയും കടമയാണെന്നും സ്വാമി അയ്യപ്പദാസ് പറഞ്ഞു.
തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തകരുകയേ ഉള്ളൂ: പൂജപ്പുര കൃഷ്ണന്‍നായര്‍
പന്തളം: ശബരിമലയിലെ വിശ്വാസവും ആചാരവും ഉപിനിഷത്തുകളില്‍ അധിഷ്ഠിതമാണ്. സന്നിധാനത്തെ ആചാരാനുഷ്ഠാനങ്ങളില്‍ ഇത് വ്യക്തമാണ്. അയ്യപ്പ തത്ത്വത്തെ സാക്ഷാത്കരിക്കുമ്പോഴുണ്ടാകുന്നത് പ്രത്യേക ആനന്ദമാണ്. ശബരിമലയ്‌ക്ക് കോട്ടം വരുത്താന്‍ ഒരു ശക്തിക്കും സാധിക്കില്ല. ഇതിനായി ഇറങ്ങിത്തിരിക്കുന്നവര്‍ക്കാണ് കോട്ടം സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post