കൊച്ചി: ആറന്മുള പാര്‍ത്ഥ സാരഥി കനിഞ്ഞരുളിയ പാട്ടു മിടുക്കനാണ് അര്‍ജുന്‍ സാരഥി. ആറന്മുള എന്ന നാടിന്റെ വലിയ പൈതൃകമാണ് വഞ്ചിപ്പാട്ട്, ഇന്ന് വഞ്ചിപ്പാട്ടിന്റെ ശീലുകള്‍ കേട്ടു വളര്‍ന്നവരുണ്ടെങ്കിലും അത് കൂടെ പാടുന്ന കുഞ്ഞുങ്ങള്‍ ചുരുക്കമാണ്. എന്നാല്‍ എല്ലാവരില്‍ നിന്നും വ്യത്യസ്തനായി അച്ഛന്റെയും മുത്തച്ഛന്റെയുമെല്ലാം വഞ്ചിപ്പാട്ടു ശീലുകള്‍ പകര്‍ന്ന് പാടി ജനഹൃദയം കീഴടക്കുകയാണ് ഈ കുഞ്ഞു കലാകാരന്‍.
മൂന്നര വയസുകാരന്റെ താളബോധമല്ല, ഇത് ആറന്മുളേശന്‍ കൈവച്ചനുഗ്രഹിച്ച ദിവ്യവൈഭവം തന്നെയാണ്. പാട്ടുമാത്രമല്ല കൃത്യമായ സമയ ഇടവേളകളില്‍ കുഞ്ഞുകൈകളില്‍ താളം പിടിക്കുന്നതും ആ വൈഭവത്തിന്റെ ബാക്കിയാണ്. ചെന്നിത്തല സൗത്തില്‍ കിണറുവിള നതോന്നതയില്‍ വിനീത് വി. നായരുടെയും വീണയുടെയും മകനാണ് അര്‍ജുന്‍ സാരഥി. എട്ടുമാസം പ്രായമുള്ളപ്പോള്‍ത്തന്നെ അച്ഛന്‍ വിനീതിനോടൊപ്പം ആറന്മുള പള്ളിയോടങ്ങളില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട് കുഞ്ഞര്‍ജുന്‍. ഗര്‍ഭാവസ്ഥയില്‍ ഉള്ളപ്പോള്‍ പോലും അച്ഛന്‍ പാടിക്കേള്‍പ്പിച്ചിരുന്ന പാട്ടുകള്‍ ഇന്നവന്‍ അച്ഛനോടൊപ്പം പാടുന്നു. ആറന്മുള ഗ്രാമത്തിലെ എല്ലാ കുഞ്ഞുങ്ങളും കേട്ടുറങ്ങുന്ന താരാട്ടുപാട്ട് ഈ വഞ്ചിപ്പാട്ടുകളാണ്.
അച്ഛന്‍ വിനീത് കുട്ടിക്കാലത്ത് മുതിര്‍ന്നവരില്‍ നിന്ന് കേട്ടറിഞ്ഞതും പാടിയറിഞ്ഞതുമായ ആറന്മുള പൈതൃകവും പാട്ടുകളും തന്റെ മകനിലേക്ക് പകര്‍ത്തി മാതൃകയാവുകയാണ്. നതോന്നത എന്ന് വീടിനു പേരിട്ടിരിക്കുന്നതുപോലും വഞ്ചിപ്പാട്ടു പൈതൃകം മുറുകെ പിടിക്കുന്ന കുടുംബമാണ് എന്നതിന്റെ മറ്റൊരു തെളിവാണ്. അവ്യക്തമെങ്കിലും ജനഹൃദയം കീഴടക്കാനുള്ള എല്ലാ പ്രാഗത്ഭ്യവും ഈ കുരുന്നിനുണ്ട്.
വഞ്ചിപ്പാട്ടു കൂടാതെ ചെട്ടിക്കുളങ്ങര ദേവിയുടെ കുത്തിയോട്ട പാട്ടിലും അര്‍ജുന്‍ തന്റെ പാട്ടിന്റെ കഴിവ് തെളിയിച്ചു. വഞ്ചിപ്പാട്ടില്‍ ഭഗവാന്റെ സ്തുതികളും കഥകളുമാണ് അര്‍ജുന്‍ പാടിക്കൊണ്ടിരിക്കുന്നത്. ചെട്ടിക്കുളങ്ങരയിലെ പ്രസിദ്ധനായ കലാകാരന്‍ വിജയരാഘവക്കുറുപ്പിന്റെ ചെട്ടികുളങ്ങര കലാക്ഷേത്രയിലും അംഗമാണ് ഈ കുഞ്ഞു കലാകാരന്‍.
Discussion about this post