നാഗ്പൂര്‍: സംഘപ്രാര്‍ത്ഥന ഒരുമിച്ചുചേര്‍ന്നെടുക്കുന്ന ദൃഢനിശ്ചയമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. 1939 മുതല്‍, സ്വയംസേവകര്‍ ശാഖകളില്‍ നിത്യേന പ്രാര്‍ത്ഥനയിലൂടെ ദൃഢസങ്കല്പം ഉരുവിടുകയാണ്. ഇത്രയും വര്‍ഷത്തെ നൈരന്തര്യത്തിലൂടെ പ്രാര്‍ത്ഥനയ്ക്ക് ഒരു മന്ത്രത്തിന്റെ ശക്തി ലഭിച്ചു. വാക്കാല്‍ പറയുന്നതുകൊണ്ട് അത് മനസിലാക്കണമെന്നില്ല, അനുഭൂതിയിലൂടെ അറിയേണ്ടതാണ് ആ മന്ത്രശക്തി, സര്‍സംഘചാലക് പറഞ്ഞു.
സംഘപ്രാര്‍ത്ഥനയും ഗണഗീതങ്ങളും നവീന സംഗീത മാതൃകകളിലൂടെ അവതരിപ്പിച്ച് വിഖ്യാത സംഗീതജ്ഞന്‍ ശങ്കര്‍ മഹാദേവന്‍ തയാറാക്കിയ ഓഡിയോ വിഷ്വല്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹിന്ദുസമാജം ഒറ്റക്കെട്ടായി നേടിയെടുക്കേണ്ട ലക്ഷ്യമാണ് പ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത്. ഭാരതവന്ദനവും ശക്തിമാനായ ഈശ്വരനോടുള്ള ഗുണയാചനയുമാണ് പ്രാര്‍ത്ഥനയുടെ ആദ്യഭാഗം. എന്തെങ്കിലും ആവശ്യപ്പെടുകയല്ല, ഈ രാഷ്ട്രമാതാവിന് വേണ്ടി എല്ലാം സമര്‍പ്പിക്കാനുള്ള കരുത്ത് ഈശ്വരനോട് അഭ്യര്‍ത്ഥിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. പ്രാര്‍ത്ഥന കേവലം വാക്കുകളുടെ കൂട്ടമല്ല, ഭാരതമാതാവിനോടുള്ള വികാരങ്ങളാണ് അത് പ്രകടിപ്പിക്കുന്നത്.

സംഘത്തില്‍ ശിശുക്കള്‍ വരെയുള്ള സ്വയംസേവകരുണ്ട്. പ്രാര്‍ത്ഥന അവര്‍ക്ക് എങ്ങനെ മനസ്സിലാകും എന്ന് ചിലര്‍ ചോദിക്കുന്നു. വാക്കും അര്‍ത്ഥവും മനസിലാകുന്നില്ലെങ്കിലും ആ ഭാവം അവരും ഉള്‍ക്കൊള്ളും. നെഞ്ചില്‍ കൈവെച്ച് പ്രാര്‍ത്ഥന ചൊല്ലുന്ന ഒരു ശിശുസ്വയംസേവകന്‍ പോലും കാലില്‍ കൊതുകോ ഉറുമ്പോ കടിച്ചാലും ഭാവമാറ്റമില്ലാതെ അത് ചൊല്ലിപ്പൂര്‍ത്തിയാക്കുന്നത് അതുകൊണ്ടാണെന്ന് സര്‍സംഘചാലക് പറഞ്ഞു.
മാതൃഭൂമിയോടുള്ള ഭക്തിയുടെയും സ്‌നേഹത്തിന്റെയും ഭാവം മനസിലാക്കാന്‍ പാണ്ഡിത്യത്തിന്റെ ആവശ്യമില്ല. സ്വയംസേവകര്‍ അത് ഹൃദയത്തില്‍ സ്വീകരിച്ചവരാണ്. രാഷ്ട്രം പരമമായ ഉന്നതിയിലെത്തണമെങ്കില്‍ മുഴുവന്‍ സമൂഹവും പ്രവര്‍ത്തിക്കണം. അതിന് സമാജത്തിലുടനീളം ഇതേ ഭാവമുണ്ടാകണം. ദേശീയവികാരം ഉണ്ടായാല്‍പ്പിന്നെ പ്രാര്‍ത്ഥനയിലെ ഓരോ വാക്കും അര്‍ത്ഥപൂര്‍ണമാകും. ഒരു പ്രൈമറി സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകനായിരുന്ന കേശവചന്ദ്ര ചക്രബര്‍ത്തി സ്വയംസേവകനായതും ബംഗാളിലെ പ്രാന്തസംഘചാലകായതും ശാഖയില്‍ കുട്ടികള്‍ ചൊല്ലിയ പ്രാര്‍ത്ഥനയില്‍ ആകൃഷ്ടനായാണ്. രാഷ്ട്രസ്‌നേഹത്തിന്റെ ഈ പ്രവാഹം തുടരണം. വാക്കിനും അര്‍ത്ഥത്തിനും ഭാവത്തിനും ഒരുപോലെ യോജിക്കുന്ന സംഗീത സംയോജനം അപൂര്‍വമാണ്. സംഘഗീത് എന്ന പുതിയ സൃഷ്ടി ഉദാത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഗീതജ്ഞര്‍ ഹരീഷ് ഭിമാനി, രാഹുല്‍ റാനഡെ, ശങ്കര്‍ മഹാദേവന്‍ എന്നിവരെ സര്‍സംഘചാലക് ആദരിച്ചു.

പ്രാര്‍ത്ഥനയുടെ ഹിന്ദി, മറാഠി വിവര്‍ത്തനങ്ങളുടെ ഒരു ഹ്രസ്വചിത്ര പ്രദര്‍ശനം ചടങ്ങില്‍ നടന്നു. ലണ്ടനിലെ റോയല്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുമായി സഹകരിച്ചാണ് പ്രാര്‍ത്ഥന ചിത്രീകരിച്ചത്. ശങ്കര്‍ മഹാദേവന്‍ പ്രാര്‍ത്ഥന ആലപിച്ചു, ഹരീഷ് ഭീമാനി ഹിന്ദി വിവര്‍ത്തനവും പ്രശസ്ത നടന്‍ സച്ചിന്‍ ഖേദേക്കര്‍ മറാഠി വിവര്‍ത്തനവും നിര്‍വഹിച്ചു.

Discussion about this post