നാഗ്പൂര്‍: കലാപങ്ങളിലൂടെയല്ല, ജനാധിപത്യമാര്‍ഗങ്ങളിലൂടെയേ പരിവര്‍ത്തനം സാധ്യമാകൂ എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലുണ്ടായ സംഘര്‍ഷങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘശതാബ്ദി കാര്യക്രമങ്ങള്‍ക്ക് തുടക്കം കുറിച്ച് നാഗ്പൂരിലെ വിജയദശമി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമാസക്തമായ സന്ദര്‍ഭങ്ങളെ, ലോകത്തിലെ പ്രബല ശക്തികള്‍ അവരുടെ താല്പര്യങ്ങള്‍ നടപ്പാക്കാനുള്ള അവസരമാക്കും. ഈ അയല്‍ രാജ്യങ്ങള്‍ സംസ്‌കാരത്തിന്റെയും നിത്യസമ്പര്‍ക്കത്തിന്റെയും അടിസ്ഥാനത്തില്‍ ഭാരതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു തരത്തില്‍, അവര്‍ നമ്മുടെ സ്വന്തം കുടുംബത്തിന്റെ ഭാഗമാണ്. ഈ രാജ്യങ്ങളില്‍ ശാന്തിയും സ്ഥിരതയും സമൃദ്ധിയും ഉറപ്പാക്കേണ്ടത് സ്വാഭാവികമായും നമ്മുടെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തികമേഖലയെ ചൂഴ്ന്നുനില്‍ക്കുന്ന ദോഷങ്ങള്‍ നമ്മളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണം. സ്വാര്‍ത്ഥതയിലൂന്നിയ അമേരിക്കന്‍ താരിഫ് നയം ഒരു വെല്ലുവിളിയായിക്കൂടാ. അതിന് സ്വദേശിയുടെയും ആത്മനിര്‍ഭരതയുടെയും വഴി സ്വീകരിക്കണം. പരസ്പരാശ്രിതമാണ് ലോകക്രമം എന്നത് ഒരു ബാധ്യതയായി മാറരുത്. സാമ്പത്തിക രംഗത്തെ സൂചകങ്ങള്‍ പ്രകാരം രാജ്യം മെച്ചപ്പെട്ട നിലയിലാണെങ്കിലും ഇക്കാര്യങ്ങളില്‍ ശ്രദ്ധ വേണം. വിശ്വജീവിതത്തിന്റെ ഏകാത്മകയെക്കുറിച്ച് ബോധവാന്മാരാകുന്നതിലൂടെയും സ്വാശ്രയരാജ്യമാകുന്നതിലൂടെയും നമ്മുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനാകുമെന്ന് ഉറപ്പാക്കണം, മോഹന്‍ ഭാഗവത് പറഞ്ഞു.
ഇന്നത്തെ രീതിയില്‍ ഭൗതിക പുരോഗതിക്കൊപ്പം മാനസികവും ധാര്‍മികവുമായ വികാസമുണ്ടായിട്ടില്ല. അതുകൊണ്ടാണ് പുരോഗതിക്കൊപ്പം മനുഷ്യരാശിക്കും പ്രകൃതിക്കും പുതിയ പുതിയ പ്രശ്‌നങ്ങളും പ്രാണസങ്കടങ്ങളും ഉണ്ടാകുന്നത്.ഇന്നത്തെ ലോകത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതും ഇന്ന് മാനവികത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സ്ഥിരമായ പരിഹാരം നല്‍കുന്നതുമായ സമഗ്രവും സംയോജിതവുമായ വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മാതൃക ലോകത്തിന് ആവശ്യമാണ്. ഭാരതീയ പൗരന്മാര്‍ സ്വന്തം ഉദാഹരണത്തിലൂടെ അനുകരണീയമായ ഒരു മാതൃക ലോകത്തിന് നല്‍കണമെന്ന് നിയതി ആവശ്യപ്പെടുന്നു. ഭൗതിക ക്ഷേമത്തിനും ആഗ്രഹങ്ങള്‍ക്കും പിന്നാലെ അന്ധമായി ഓടുന്ന ലോകത്തിന് എല്ലാവരെയും കൂട്ടിയിണക്കുന്ന, ഒരുമിപ്പിക്കുന്ന, കൂട്ടായ പുരോഗതി ഉറപ്പാക്കുന്ന ധര്‍മ്മത്തിന്റെ പാത കാണിക്കേണ്ടതുണ്ടെന്ന് സര്‍സംഘചാലക് പറഞ്ഞു.
സമൂഹത്തിന്റെ ഇച്ഛാശക്തിയിലൂടെയാണ് പരിവര്‍ത്തനം വരുന്നത്. പെരുമാറ്റത്തില്‍ മാറ്റം വരണമെങ്കില്‍ ബോധവത്കരണം ആവശ്യമാണ്. ബോധവത്കരണം നടത്തുന്നവര്‍ ഇക്കാര്യത്തില്‍ മാതൃകകളാകണം. ലോകത്ത് മാറ്റം കൊണ്ടുവരാനുള്ള ശരിയായ വഴി വ്യക്തിനിര്‍മാണത്തിലൂടെ സമാജപരിവര്‍ത്തനവും സമാജപരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനവുമാണ്. ഇത് സംഘത്തിന്റെ അനുഭവമാണ്. പുരാതനകാലത്ത് ഭാരതത്തിലുണ്ടായിരുന്ന വ്യക്തിനിര്‍മാണ പ്രക്രിയ വീടുകളിലും വിദ്യാഭ്യാസ സമ്പ്രദായത്തിലും സമൂഹത്തിന്റെ വിവിധ മാനങ്ങളിലും കാലോചിതമായി പുനഃസ്ഥാപിക്കണം. ഈ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ കഴിവുള്ള വ്യക്തികളെ സൃഷ്ടിക്കുന്നതിനുള്ള സംവിധാനമാണ് ശാഖയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈവിധ്യങ്ങളെ സവിശേഷതകളായി കാണുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നതാണ് ഹിന്ദു സമൂഹത്തിന്റെ ശീലം. അതുകൊണ്ടാണ് അതിനെ സംസ്‌കൃതി എന്ന് പറയുന്നത്. വൈവിധ്യങ്ങള്‍ ഭേദഭാവത്തിന് കാരണമാകരുത്. വ്യത്യസ്തതകള്‍ ഉണ്ടെങ്കിലും നാമെല്ലാവരും ഒരു വലിയ സമൂഹത്തിന്റെ ഭാഗങ്ങളാണ്. സമാജം, രാഷ്ട്രം, സംസ്‌കാരം എന്ന നിലയില്‍ നമ്മള്‍ ഒന്നാണ്. ഓരോരുത്തര്‍ക്കും അവരുടേതായ വിശ്വാസങ്ങളും അടയാളങ്ങളും ആരാധനാലയങ്ങളും ഉണ്ട്. മനസാ വാചാ കര്‍മ്മണാ ഇവയെ അനാദരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈ രാഷ്ട്രത്തെപ്രതി ഉത്തരവാദിത്തമുള്ള സമൂഹമാണ് ഹിന്ദു സമൂഹം. ഭിന്നതകള്‍ സൃഷ്ടിക്കുന്ന ‘നമ്മളും അവരും’ എന്ന മാനസികാവസ്ഥയില്‍ നിന്ന് അത് മുക്തമാണ്. ശതാബ്ദിയില്‍, സംഘത്തിന്റെ വ്യക്തിനിര്‍മ്മാണ പ്രവര്‍ത്തനം രാജ്യമെമ്പാടും വ്യാപിക്കുന്നുണ്ടെന്നും സാസാമാജികമാറ്റം ലക്ഷ്യമിടുന്ന പഞ്ചപരിവര്‍ത്തനത്തില്‍ എല്ലാവരും മാതൃകകളാകുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണമെന്ന് സര്‍സംഘചാലക് പറഞ്ഞു.
പരിപാടിയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിശിഷ്ടാതിഥിയായി. ശതാബ്ദിക്ക് ആശംസകൾ നേർന്നുകൊണ്ട് ദലായ് ലാമ നല്കിയ സന്ദേശം പരിപാടിയിൽ വായിച്ചു. വിദര്‍ഭ പ്രാന്ത സംഘചാലക് ദീപക് താംശേട്ടിവാര്‍, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ എന്നിവരും പങ്കെടുത്തു.
Discussion about this post