നാഗ്പൂർ: ഡോ. ഹെഡ്ഗേവാറും ഡോ. അംബേഡ്കറും വിഭാവനം ചെയ്തത് ഉച്ചനീച ഭേദഭാവനയില്ലാത്ത ഭാരതീയ സമൂഹമാണെന്ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആർഎസ്എസ് നാഗ്പൂരിൽ സംഘടിപ്പിച്ച വിജയദശമി മഹോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശതാബ്ദിയിലെത്തിയ ആർഎസ്എസ് ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്കൃതിയുടെ സംവാഹകരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡോക്ടർജിയും അംബേഡ്കറും എൻ്റെ ജീവിതത്തെ രൂപപ്പെടുത്തിയ ആദർശങ്ങളാണ്. ബാബാ സാഹബ് അംബേദ്‌കർ നിർമ്മിച്ച ഭാരത ഭരണഘടനയുടെ സാമൂഹ്യ നീതിയുടെ പിൻബലത്തിലാണ് എന്നെപ്പോലെയുള്ള സാധാരണ സാമ്പത്തിക, സാമൂഹിക ചുറ്റുപാടിൽ നിന്നുള്ള ഒരു വ്യക്തിക്ക് രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിച്ചേരാൻ കഴിഞ്ഞത്. ഡോക്ടർ ഹെഡ്ഗേവാർ മുന്നോട്ടുവച്ച ചിന്തകളുടെ ആഴങ്ങളിൽ നിന്നും രാഷ്ട്രത്തെയും സമൂഹത്തെയും അടുത്തറിയുവാൻ എനിക്ക് സാധിച്ചു. ഡോക്ടർജിയും അംബേഡ്കറും മുന്നോട്ടുവച്ച ദേശീയ ഐക്യത്തിന്റെയും സാമൂഹിക സമരസതയുടെയും ദർശനമാണ് എന്റെ ഉള്ളിൽ സാമൂഹിക ബോധവും സേവന മനോഭാവവും വളർത്തിയത്, അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലഘട്ടങ്ങളിൽ ഭാരതീയ സമൂഹത്തിൽ വിവിധ ഭിന്നതകൾ നിലനിന്നിരുന്നു. എന്നാൽ ഈ വിഭാഗീയതകളെ രാജ്യസ്നേഹം എന്ന ഒരേ ഒരാദർശം കൊണ്ട് മറികടക്കേണ്ടതുണ്ട്. സംഘം ജാതിവ്യവസ്ഥയിലും ഉച്ചനീചഭാവങ്ങളിലും അധിഷ്ഠിതമാണ് എന്ന ദുഷ്പ്രചാരണം എ നടക്കുന്നു. എന്നാൽ അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ചെങ്കോട്ടക്ക് സമീപം നടന്ന ദളിത് വിഭാഗങ്ങളുടെ റാലിയിൽ അദ്ദേഹം പ്രഖ്യാപിച്ചത് മനുസ്മൃതിയല്ല, ഭീമസ്മൃതി, അതായത് അംബേദ്കറുടെ ഭരണഘടനയെയാണ് നമ്മൾ അനുവർത്തിക്കുന്നത് എന്നാണ്. സ്വയംസേവകർ ചൊല്ലുന്ന ഏകാത്മതാ സ്തോത്രത്തെ പിൻതുടർന്നാൽ ഭിന്നതയുടെ ദുഷ്പ്രചാരണം പൊള്ളയാണെന്ന് നമുക്ക് മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പിറന്ന ആധ്യാത്മിക വിഭൂതി ശ്രീനാരായണ ഗുരുദേവൻ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്ന് പാടി. ഏകാത്മതാ സ്തോത്രത്തിൽ സംഘം ഗുരുദേവനെ അനുസ്മരിക്കുന്നുവെന്ന് രാം നാഥ് കോവിന്ദ് പറഞ്ഞു.


Discussion about this post