കൊച്ചി: വിജയദശമിയോടെ തുടക്കം കുറിച്ച ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹര്‍ ഘര്‍ സമ്പര്‍ക്കത്തിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തൊട്ടാകെ 21 ദിവസം കൊണ്ട് അമ്പത് ലക്ഷം വീടുകള്‍ സമ്പര്‍ക്കം ചെയ്യും. സംസ്ഥാനത്തെ 10910 ഗ്രാമങ്ങളിലെ മുഴുവന്‍ വീടുകളിലും സംഘപ്രവര്‍ത്തകരെത്തും. ‘സംഘടനയുടെ നൂറ് വര്‍ഷം, സേവനത്തിന്റെയും’ എന്ന ലഘുലേഖയും ഭാരതമാതാവിന്റെ ചിത്രവും സംഘത്തിന്റെ ശതാബ്ദിയാത്ര വിവരിക്കുന്ന ചെറുപുസ്തകങ്ങളുമായാണ് ഓരോ വീട്ടിലേക്കും പ്രവര്‍ത്തകരെത്തുന്നത്. ഇതിനായി പ്രവര്‍ത്തകരെ അമ്പതിനായിരം ബാച്ചുകളായി വിന്യസിച്ചിട്ടുണ്ട്. എല്ലാ വീട്ടിലും എല്ലാ വ്യക്തികളിലേക്കും എത്തുക എന്നതാണ് ഈ മഹാസമ്പര്‍ക്കത്തിന്റെ ലക്ഷ്യം.
നഗരങ്ങളില്‍ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചും സമ്പര്‍ക്കം നടത്തും. സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ നേരിട്ട് കണ്ട് സംസാരിക്കുന്നതിനും പ്രത്യേക ബാച്ച് പ്രവര്‍ത്തിക്കും.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ദക്ഷിണ കേരള പ്രാന്തത്തിലെ മഹാസമ്പര്‍ക്ക പരിപാടി നാളെ ആരംഭിക്കും. 21 ദിവസത്തെ സമ്പര്‍ക്കം 26ന് അവസാനിക്കും. 5217 ഗ്രാമങ്ങളില്‍ ഈ കാലയളവിനുള്ളില്‍ സമ്പര്‍ക്കം ചെയ്യും. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഉത്തര കേരള പ്രാന്തത്തിലെ മഹാസമ്പര്‍ക്കം 11ന് തുടങ്ങി 30ന് പൂര്‍ത്തിയാകും. 5693 ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും സംഘസന്ദേശവുമായി പ്രവര്‍ത്തകരെത്തും.
Discussion about this post