തിരുവനന്തപുരം: 2026-27 വര്‍ഷം പി.പരമേശ്വരന്‍ ജന്മശതാബ്ദിവര്‍ഷമായി വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം സ്ഥാപക ഡയറക്ടറായിരുന്ന പി. പരമേശ്വരന്റെ 99-ാം ജന്മദിനത്തോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച അനുസ്മരണചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം പി. പരമേശ്വരന്റെ കര്‍മഭൂമിയായിരുന്നുവെന്നും 1982ല്‍ ഭാരതീയ വിചാരകേന്ദ്രം സ്ഥാപിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പ്രവര്‍ത്തന കേന്ദ്രം തിരുവനന്തപുരമാക്കിയതെന്നും സഞ്ജയന്‍ പറഞ്ഞു.
ആഗമാനന്ദ സ്വാമികള്‍, ഗുരുജി, ദീനദയാല്‍ ഉപാദ്ധ്യായ തുടങ്ങിയ മഹാപുരുഷന്മാരുമായി അടുത്ത് ഇടപഴകിയത് പരമേശ്വരന്റെ ജീവിതത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തി. അദ്ദേഹത്തിന്റെ ജീവിതം രാഷ്‌ട്രീയ സ്വയംസേവക സംഘത്തിനായി സമ്പൂര്‍ണമായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. അസാമാന്യനായ ധിഷണാശാലിയായിരുന്നു പരമേശ്വരനെന്നും അദ്ദേഹം പറഞ്ഞു.
സ്മൃതി സംഗ്രഹാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന പി. പരമേശ്വരന്റെ അര്‍ദ്ധകായ പ്രതിമയ്‌ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അനുസ്മരണ ചടങ്ങുകള്‍ നടന്നത്.
സംസ്ഥാന സമിതി അംഗം കെ.വി. രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനീയ സമിതി പ്രസിഡന്റ് എം. വിനോദ് കുമാര്‍, ഡോ. ലക്ഷ്മിവിജയന്‍, വി. രഞ്ജിത്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post