കൊച്ചി : കണ്ണൂർ സർവകലാശാല യൂണിയൻ മുൻ ചെയർമാനും എസ് എഫ് ഐ കണ്ണൂർ ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായിരുന്ന സാരംഗ് കോട്ടായിക്കെതിരെയുള്ള പീഡന പരാതിയിൽ ഉടൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്.
സഹപ്രവർത്തകയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്ന ഗുരുതര പരാതിയാണ് സാരംഗിനെതിരെ നിലനിൽക്കുന്നത്. പരാതിക്കാരിയെ പ്രായപൂർത്തിയാകുന്നതിന് മുൻപ് പീഡനത്തിന് ഇരയാക്കിയ എസ് എഫ് ഐ നേതാവിനെതിരെ പോക്സോ കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.പാർട്ടി വക്കീലായ ഷാനവാസ് ആണ് തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യത്തിന് വേണ്ടി അപേക്ഷിക്കുന്നത്. പാർട്ടി സംരക്ഷണം നൽകുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന്റെ ഒപ്പം ജോയിന്റ് സെക്രട്ടറി ആയി പ്രവർത്തിച്ച ആളാണ് സാരംഗ്. മുൻ സംസ്ഥാന അധ്യക്ഷ അനുശ്രീ ആണ് അന്നത്തെ ജില്ലാ പ്രസിഡന്റ. വിഷയത്തിൽ പോലീസ് നടപടി സ്വീകരിക്കാൻ വിമുഖത കാണിക്കുന്നത് ദുരൂഹമാണ് എന്ന് എബിവിപി അഭിപ്രായപ്പെട്ടു.
പോക്സോ കേസ് പ്രതിയായ എസ് എഫ് ഐ നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി ആവശ്യപ്പെട്ടു. എസ്എഫ്ഐ നേതാവ് സാരംഗ് കോട്ടായി ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള പീഡന പരാതി വളരെ ഗൗരവമേറിയതാണ് എന്നും സർക്കാരും സിപിഎം നേതാക്കളും കുറ്റാരോപിതന് തണൽ ഒരുക്കുന്നു എന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഇയു ഈശ്വര പ്രസാദ് വ്യക്തമാക്കി.
ഇടത് പ്രസ്ഥാനങ്ങളിലെ നേതാക്കൾക്കെതിരെ വ്യാപകമായി ഉയർന്ന് വരുന്ന പീഡന പരാതികൾ പലതും സർക്കാർ ഒതുക്കി തീർക്കുന്നു എന്നും സാമൂഹിക വിരുദ്ധരായ ഇടത് ഗുണ്ടകൾ മൂലം കേരളത്തിലെ സഹോദരിമാർക്ക് വലിയ ബുദ്ധിമുട്ട് നേരിടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാരംഗ് കോട്ടായിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇരയ്‌ക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post