ചെന്നൈ: മുന്‍ ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി നയിച്ച ജനചേതനാ രഥയാത്രയ്ക്കിടെ ബോംബ് ആക്രമണം ആസൂത്രണം ചെയ്ത കേസില്‍ തെങ്കാസി ഹനീഫ എന്ന മുഹമ്മദ് ഹനീഫയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. 2011ല്‍ മധുരയില്‍വച്ചാണ് ബോംബാക്രമണം നടന്നത്.
തെളിവുകളില്‍ വൈരുധ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നത്. എന്നാല്‍ കേസിന്റെ ഗൗരവം അതുകൊണ്ട് കുറയുന്നില്ലെന്ന് ജസ്റ്റിസ് പി. വേല്‍മുരുകന്‍, ജസ്റ്റിസ് എല്‍. വിക്ടോറിയ ഗൗരി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
മുഴുവന്‍ രേഖകളുടെയും തെളിവുകളുടെയും പ്രതിയുടെ മുന്‍കാല പശ്ചാത്തലത്തിന്റെയും അടിസ്ഥാനത്തില്‍ ഇയാളെ കുറ്റവിമുക്തനാക്കാനാവില്ല. വിചാരണക്കോടതി ചൂണ്ടിക്കാണിച്ച വൈരുദ്ധ്യങ്ങള്‍ നിസ്സാരമാണെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. പ്രതിയെ കുറ്റവിമുക്തനാക്കിയ ഡിണ്ടിഗലിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ ഉത്തരവിനെതിരെ സിബി-സിഐഡി വിഭാഗത്തിന്റെ പ്രത്യേക അന്വേഷണ വിഭാഗം സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ബെഞ്ചിന്റെ തീരുമാനം.
















Discussion about this post