തിരുവനന്തപുരം: ഏഴ് ദിവസങ്ങളിലായി ഒളിമ്പിക് മാതൃകയിൽ നടന്ന 67-ാമത് സംസ്ഥാന സ്‌കൂൾ കായികമേള വിജയോത്സവത്തോടെ സമാപിച്ചു. 12 വേദികളിലായി 10,000-ത്തിലധികം വിദ്യാർത്ഥികളുടെ ആവേശപങ്കാളിത്തം കണ്ട മേളയിൽ 1825 പോയിന്റ് നേടി തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിൽ നിന്ന് തിരുവനന്തപുരം ജില്ലാ സംഘത്തിന് കൈമാറി.
892 പോയിന്റ് നേടി തൃശ്ശൂർ രണ്ടാം സ്ഥാനവും, 859 പോയിന്റ് നേടി കണ്ണൂർ മൂന്നാം സ്ഥാനവും നേടി. സംസ്ഥാനത്തെ കൗമാര കായിക പ്രതിഭകളുടെ കഴിവും പരിശ്രമവും തെളിയിച്ച മേളയിൽ 34 പുതിയ മീറ്റ് റെക്കോർഡുകൾ, അതിൽ 17 അത്ലറ്റിക്സിൽ, കുറിച്ച് വിദ്യാർത്ഥികൾ തങ്ങളുടെ മേന്മ തെളിയിച്ചു.
മികച്ച സ്‌കൂൾ ജനറൽ വിഭാഗത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്. ഒന്നാം സ്ഥാനവും, പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസ്. രണ്ടാമതും, മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസ്. മൂന്നാമതും എത്തി.
മികച്ച സ്‌പോർട്‌സ് സ്‌കൂൾ വിഭാഗത്തിൽ തിരുവനന്തപുരം ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂൾ ചാമ്പ്യന്മാരായി. കൊല്ലം സായിയും വയനാട് സിഎച്ച്എസും രണ്ടാം സ്ഥാനവും, തലശ്ശേരി സായിയും കോതമംഗലം എം.എ. കോളേജ് സ്‌പോർട്‌സ് ഹോസ്റ്റലും മൂന്നാം സ്ഥാനവും പങ്കിട്ടു.
കായികമേളയുടെ സമാപനച്ചടങ്ങ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്നു. ഗവർണർ രാജേന്ദ്ര അർലേക്കർ മുഖ്യാതിഥിയായി. “ഒളിമ്പിക്‌സാണ് നമ്മുടെ ലക്ഷ്യം. സംസ്ഥാന കായികമേള അതിലേക്കുള്ള വഴി തുറക്കുന്നു,” എന്ന് ഗവർണർ പറഞ്ഞു. കായികം ഇനി പാഠ്യേതരമല്ല, കരിക്കുലത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി. “കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള യാത്രാബത്ത വർധിപ്പിക്കാൻ ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തും. പരിശീലനത്തിന് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കാനും ഫണ്ട് സമാഹരിക്കാനും തീരുമാനിച്ചിട്ടുണ്ട്,” എന്ന് മന്ത്രി വ്യക്തമാക്കി.
ഒളിമ്പ്യൻ പി. ജെ. ശ്രീജേഷ്, മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, വീണാ ജോർജ്, ജി. ആർ. അനിൽ, എം.എൽ.എമാരായ ആന്റണി രാജു, വി. ജോയ്, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. വാസുകി, ഡയറക്ടർ എൻ. എസ്. കെ. ഉമേഷ്, സി. എ. സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേളക്ക് കണ്ണൂർ ജില്ല ആതിഥ്യമൊരുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രത്‌നകുമാരി, കായികമേളയുടെ പതാക മന്ത്രി ശിവൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി.















Discussion about this post