ബെംഗളൂരു: സംഘശാഖകളില്‍ ഏത് മതസ്ഥര്‍ക്കും പങ്കെടുക്കാമെന്നും എല്ലാവരും ഭാരതമാതാവിന്റെ മക്കളാണെന്നും സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ബസനശങ്കരി പിഇഎസ് സര്‍വകലാശാലയില്‍ സംഘശതാബ്ദി വ്യാഖ്യാനമാലയുടെ രണ്ടാം ദിനം സദസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുസ്ലീങ്ങളെ സംഘത്തില്‍ അനുവദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി, മതം പരിഗണിക്കാതെ ആര്‍ക്കും ശാഖയില്‍ വരാമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘത്തില്‍ ബ്രാഹ്‌മണരില്ല, ദളിതരില്ല, ക്രിസ്ത്യാനികളും മുസ്ലീങ്ങളുമില്ല. എല്ലാവരും ഹിന്ദുക്കളാണ്, ഭാരതമാതാവിന്റെ മക്കളാണ്. എല്ലാവരുടെയും സവിശേഷകളെ ആദരിക്കുമ്പോള്‍ത്തന്നെ അവയ്ക്കതീതമായി നമ്മള്‍ ഒന്നെന്ന ഭാവമാണ് സംഘം പുലര്‍ത്തുന്നത്. ശാഖയിലൂടെ വ്യക്തിനിര്‍മാണമാണ് സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം, സര്‍സംഘചാലക് പറഞ്ഞു.
ആര്‍എസ്എസ് എന്തുകൊണ്ട് രജിസ്റ്റര്‍ ചെയ്ത സംഘടനയല്ല എന്ന ചോദ്യത്തിന്, ഭരണഘടനാ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന, നിയമപരമായി അംഗീകരിക്കപ്പെട്ട സംഘടനയാണ് സംഘമെന്നും രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
സംഘത്തില്‍ ഒരുതരത്തിലുള്ള വിവേചനങ്ങളുമില്ല. ഭാരതമാതാവിന് പ്രണാമം അര്‍പ്പിക്കുന്ന ആരെയും സംഘം സ്വാഗതം ചെയ്യുന്നു. 1933 മുതല്‍ രാഷ്ട്ര സേവിക സമിതിയിലൂടെ സ്ത്രീകളും സംഘത്തിന്റെ ഭാഗമാണ്. ദൈനംദിന ശാഖ ഒഴികെ, സേവ, മഹിളാ സമന്വയം തുടങ്ങി മറ്റ് സംഘ പ്രവര്‍ത്തനങ്ങളില്‍ പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പുരുഷന്മാരും സ്ത്രീകളും ബുദ്ധിപരമായും മാനസികമായും തുല്യരും പരസ്പര പൂരകങ്ങളുമാണ്. സ്ത്രീകളുടെ പങ്കാളിത്തമില്ലാതെ ഭാരതത്തിന്റെ വിമോചനം അസാധ്യമാണ്. അമ്മയാണ് ആദ്യ അദ്ധ്യാപികയെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു. കുടുംബങ്ങളും ഗൃഹസ്ഥരുമാണ് സമൂഹത്തെ നിലനിര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംഘം എപ്പോഴും എതിര്‍പ്പുകള്‍ നേരിട്ടിട്ടുണ്ട്. വസ്തുതാപരവും സത്യസന്ധവുമായ വിമര്‍ശനങ്ങള്‍ക്ക് മാത്രമേ പ്രതികരിക്കേണ്ടതുള്ളൂ. സംഘം രാഷ്ട്രത്തിന് ഗുണകരമായ നയങ്ങളെയാണ് പിന്തുണയ്ക്കുന്നത്, വ്യക്തികളെയോ പാര്‍ട്ടികളെയോ അല്ല. രാജ്യനീതിയെയല്ല, രാഷ്ട്രനീതിയെയാണ് സംഘം പിന്തുണയ്ക്കുന്നത്. ഭാരതത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ പാര്‍ട്ടികളെയും ആര്‍എസ്എസ് പിന്തുണയ്ക്കുന്നു. രാഷ്ട്രീയം നമ്മെ വിഭജിക്കാതിരിക്കാന്‍ നാം സ്വയം പരിഷ്‌കരിക്കുകയും വിദ്യാഭ്യാസം നേടുകയും വേണം. സമൂഹത്തെ ഒന്നിപ്പിക്കുകയാണ് സംഘം ചെയ്യുന്നത്. നല്ല രാഷ്ട്രീയം ഒരു നല്ല സമൂഹത്തിലൂടെ മാത്രമേ സാധ്യമാകൂ. മനസ്സില്‍ നിന്നാണ് അഴിമതി ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍സംഘചാലക് കൂട്ടിച്ചേര്‍ത്തു.
ഭാരതം എപ്പോഴും സമാധാനം ആഗ്രഹിക്കുന്നതെന്നും പാകിസ്ഥാന്‍ ഭാരതത്തെ ദ്രോഹിക്കാന്‍ ശ്രമിച്ചുകൊണ്ട് സ്വയം ദ്രോഹിക്കുകയാണെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. അവരുടെ അതിക്രമങ്ങളെ കരുതിയിരിക്കണം. അക്രമങ്ങള്‍ക്ക് ഉചിതമായ മറുപടി നല്കണം. ഭാരതത്തോട് സഹകരിച്ചുപോകുന്നതാണ് സമാധാനത്തിനും പുരോഗതിക്കും നല്ലതെന്ന് അവര്‍ മനസിലാക്കണമെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
യോഗ്യരുടെ അതിജീവനമല്ല, മറ്റുള്ളവരെ അതിജീവിക്കാന്‍ സഹായിക്കുന്നവരാണ് യോഗ്യരെന്നതാണ് സംഘത്തിന്റെ അഭിപ്രായമെന്ന് സാമ്പത്തിക അസമത്വത്തെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
ഇന്ന് നിലനില്‍ക്കുന്നത് ജാതി വ്യവസ്ഥയല്ല, ജാതി സംബന്ധിച്ച ആശയക്കുഴപ്പങ്ങളാണ്. പരസ്പര സ്‌നേഹത്തിലൂടെയും ബഹുമാനത്തിലൂടെയും അതിനെ മറികടക്കാന്‍ കഴിയും ജാതി രാഷ്ട്രീയം ഐക്യത്തിന് തടസമാണ്. സ്‌നേഹത്തിലൂടെയും സഹകരണത്തിലൂടെയും വിവേചനം ഇല്ലാതാക്കാന്‍ കഴിയും. പൂര്‍ണ സമത്വം കൈവരിക്കുന്നതുവരെ സംവരണം തുടരണം.
ലവ് ജിഹാദ് പോലുള്ള പ്രശ്‌നങ്ങളെ നേരിടാന്‍ വീട്ടില്‍നിന്ന് സംസ്‌കാരങ്ങള്‍ ശക്തിപ്പെടുത്തണം. എല്ലാ മുസ്ലീങ്ങളെയും ഒരു ബ്രാക്കറ്റില്‍ ഉള്‍പ്പെടുത്തരുത്. പല മുസ്ലീങ്ങളും അത്തരം പ്രവൃത്തികളെ അംഗീകരിക്കുന്നില്ല. മുസ്ലീം സമൂഹവും സ്വന്തം അംഗങ്ങളെ ബോധവല്‍ക്കരിക്കണം. ആരെയും മതം മാറ്റാനോ ഒരു സമൂഹത്തെയും വിഭജിക്കാനോ നമ്മള്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ നമ്മുടെ വീട് ശക്തമായിരിക്കണം. എല്ലാവരെയും ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. എന്ത് ചെയ്താലും അത് രാജ്യത്തിനുവേണ്ടി ചെയ്യുക എന്നതാണ് ആഹ്വാനം.
ഭാരതം ഹിന്ദുരാഷ്ട്രമാണ്. അത് മതേതരമാണ്. മറ്റ് പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടരുന്നവര്‍ പോലും ഹിന്ദു ഉത്സവങ്ങളും ആചാരങ്ങളും ആചരിക്കുന്നു. മാതൃഭൂമിയും ഭാരതമാതാവുമൊന്നും അധിനിവേശാനന്തര ആശയങ്ങളല്ല, സനാതന നിര്‍മ്മിതികളാണ്. ഓരോ ഹിന്ദുവും ഈ സത്യം തിരിച്ചറിയുന്ന നിമിഷം തന്നെ അഖണ്ഡഭാരതം സാക്ഷാത്കരിക്കാന്‍ കഴിയും.
ഇടതുപക്ഷത്തിന് ആശയം നഷ്ടപ്പെട്ടു; ഇപ്പോള്‍ അത് അധികാര രാഷ്ട്രീയം മാത്രമാണ്, അദ്ദേഹം പറഞ്ഞു. വോക്കിസം പോലുള്ള അന്യഗ്രഹ പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരെ അവബോധം വളര്‍ത്തണം. ഭാരതീയ മൂല്യങ്ങള്‍ ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ പരിശ്രമിക്കണം.
സമൂഹത്തിനുവേണ്ടി എന്തെങ്കിലും നല്ലത് ചെയ്യുന്ന ആരും സംഘത്തില്‍ ചേരാത്ത സംഘത്തിന്റെ അംഗമാണ്. സംഘത്തിലെല്ലാം സ്വയംസേവകരിലൂടെയാണ് സംഭവിക്കുന്നത്. സംഘത്തിന്റെ പ്രവര്‍ത്തനം കാര്യകര്‍ത്താക്കളെ സൃഷ്ടിക്കുക എന്നതാണ്, അവരുടെ പ്രവര്‍ത്തനമാകട്ടെ രാഷ്ട്രത്തിനുവേണ്ടിയാണ്, അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ദക്ഷിണ മധ്യ ക്ഷേത്ര സംഘചാലക് ഡോ. പി.വാമന്‍ ഷേണായ്, കര്‍ണാടക ദക്ഷിണ പ്രാന്ത സംഘചാലക് ഉമാപതി ജി.എസ് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.
















Discussion about this post