തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഒമ്പതിനും രണ്ടാം ഘട്ടം ഡിസംബർ 11നും നടക്കും. ഇതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഡിസംബർ 13ന് വോട്ടെണ്ണൽ നടക്കും.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും തെരഞ്ഞെടുപ്പ് നടക്കും. മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. എന്നാൽ ഇവിടെയും പെരുമാറ്റച്ചട്ടം ബാധകമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എം ഷാജഹാൻ അറിയിച്ചു.
1199 തദ്ദേശ സ്ഥാപനങ്ങളിലായി 23576 വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 28413061 വോട്ടർമാരിൽ 13412470 പുരുഷ വോട്ടർമാരും 15018010 സ്ത്രീ വോട്ടർമാരും 281 ട്രാൻസ് ജെൻഡർ വോട്ടർമാരുമാണുള്ളത്. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷൻ പൂർത്തിയാക്കിയിട്ടുണ്ട്. 70,000 പോലീസുകാർ ഉൾപ്പടെ രണ്ടര ലക്ഷത്തോളം ജീവനക്കാർ തെരെഞ്ഞെടുപ്പ് ജോലികളിൽ പങ്കെടുക്കും. രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്.
ഗ്രാമപഞ്ചായത്തിൽ സ്ഥാനാർത്ഥികൾക്ക് പരമാവധി 25000 രൂപ ചെലവഴിക്കാം. ബ്ലോക്ക് പഞ്ചായത്തിൽ 75000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും ഒന്നരലക്ഷം രൂപയുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. പരിധിയിൽ കൂടുതൽ ചെലവഴിച്ചാൽ അഞ്ച് വർഷത്തേക്ക് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും. ജാതി, മതം അടക്കം പറഞ്ഞുകൊണ്ടുള്ള പ്രചാരണം ഒഴിവാക്കണമെന്നതടക്കമുള്ള നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.
















Discussion about this post