ന്യൂദൽഹി: ജസ്റ്റിസ് സൂര്യകാന്ത് ഭാരതത്തിന്റെ 53-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് ഭൂഷൺ ആർ. ഗവായിയുടെ പിൻഗാമിയായാണ് ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ ചീഫ് ജസ്റ്റിസാവുന്നത്. രാഷ്‌ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് ഗവായിയുടെ ശുപാർശയെത്തുടർന്ന്, “ഭരണഘടനയുടെ ആർട്ടിക്കിൾ 124 ലെ ക്ലോസ് (2) പ്രകാരം നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച്”, ജസ്റ്റിസ് സൂര്യകാന്തിനെ ഭാരതത്തിന്റെ അടുത്ത ചീഫ് ജസ്റ്റിസായി രാഷ്‌ട്രപതി നേരത്തെ നിയമിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യമന്ത്രി അമിത് ഷാ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. 2027 ഫെബ്രുവരി 9 വരെയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ കാലാവധി. ഹരിയാനയിൽ നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് സൂര്യകാന്ത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി, ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം, പെഗാസസ് ചാര സോഫ്റ്റ്‍വെയർ കേസ് അടക്കം നിർണായക വിധിന്യായങ്ങളുടെ ഭാഗമായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്.
ഹരിയാനയിലെ ഹിസാറിനടുത്തുള്ള ഒരു ചെറിയ കർഷക കുടുംബത്തിലാണ് 1962 ഫെബ്രുവരി 10ന് ജസ്റ്റിസ് സൂര്യകാന്ത് ജനിച്ചത്. 2000 ജൂലൈയിൽ ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി നിയമിതനായ അദ്ദേഹം, 2004 ജനുവരി 9 ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 2018 ഒക്ടോബർ മുതൽ 2019 മെയ് 24 ന് സുപ്രീം കോടതിയിലേക്ക് എത്തുന്നതു വരെ അദ്ദേഹം ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു.
2024 നവംബർ മുതൽ സുപ്രീം കോടതി ലീഗൽ സർവീസ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു. നേരത്തെ നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയിൽ രണ്ട് തവണ അംഗമായിരുന്നു. മനുഷ്യാവകാശങ്ങൾ, ഭരണഘടനാപരമായ വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആയിരത്തിലധികം വിധിന്യായങ്ങളുടെ ഭാഗമാണ് ജസ്റ്റിസ് സൂര്യകാന്ത്.
2023ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞത് ശരിവച്ചത് ഉൾപ്പെടെയുള്ള സുപ്രധാന വിധിയുടെ ഭാഗമായിട്ടുണ്ട്. 2027 ഫെബ്രുവരി 9ന് ആണ് സൂര്യകാന്ത് വിരമിക്കുക.













Discussion about this post