ഭോപ്പാല്‍: ഭാരതം എല്ലാ മേഖലകളിലും പുരോഗമിക്കുകയാണെന്ന് മുന്‍ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍. ഭാരതം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ ശക്തവും ആത്മവിശ്വാസമുള്ളതും നിര്‍ണ്ണായകവുമായ ഒരു രാഷ്‌ട്രമായി ഉയര്‍ന്നുവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ രചിച്ച ‘ഹം ഓര്‍ യഹ് വിശ്വം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഹം ഓര്‍ യഹ് വിശ്വം’ വെറുമൊരു പുസ്തകമല്ലെന്നും ഭാരതത്തിന്റെ മഹത്തായ ഭൂതകാലത്തിലേക്കുള്ള കണ്ണാടിയാണെന്നും ജഗ്ജീപ് ധന്‍ഖര്‍ അഭിപ്രായപ്പെട്ടു. രാഷ്‌ട്രനിര്‍മാണത്തിനുള്ള വഴികാട്ടിയാണീ പുസ്തകം. എട്ട് വര്‍ഷത്തെ അനുഭവസമ്പത്തിന്റെ സമാഹാരമാണിത്. മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയെക്കുറിച്ചുള്ള രണ്ട് സുപ്രധാന ലേഖനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതത്തിന് സാംസ്‌കാരിക വൈവിധ്യം ഉണ്ടെന്ന് അവകാശപ്പെടുന്നതിനുപകരം വൈവിധ്യമാര്‍ന്ന രൂപങ്ങളില്‍ പ്രകടിപ്പിക്കപ്പെടുന്ന ഒരു സംസ്‌കാരമുണ്ടെന്ന് പറയുന്നതാണ് ശരിയെന്ന് മന്‍മോഹന്‍ വൈദ്യ അഭിപ്രായപ്പെട്ടു. ഈ വൈവിധ്യങ്ങള്‍ ഒരൊറ്റ സാംസ്‌കാരിക വേരിന്റെ ശാഖകളാണ്, അതിനുള്ള ബദലുകളല്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെ അറിയാനും ഭാഗമാകാനുമുള്ള താല്പര്യം സമൂഹത്തില്‍ വര്‍ധിച്ചു വരികയാണ്. ജോയിന്‍ ആര്‍എസ്എസ് പ്ലാറ്റ്ഫോമിലൂടെ നിരവധി പേര്‍ സംഘത്തിലേക്ക് എത്തുന്നു. ഇത് വിശാലമായ സാമൂഹിക പരിവര്‍ത്തനത്തെയും സംഘടനയിലുള്ള വര്‍ധിച്ചുവരുന്ന താല്‍പ്പര്യത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൃന്ദാവനിലെ ആനന്ദം ആശ്രമത്തിലെ പീഠാധീശ്വര്‍ ഋതേശ്വര്‍ മഹാരാജ്, ദൈനിക് ജാഗരണ്‍ ഗ്രൂപ്പ് എഡിറ്റര്‍ വിഷ്ണു ത്രിപാഠി, സുരുചി പ്രകാശന്‍ ചെയര്‍മാന്‍ രാജീവ് തുലി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.














Discussion about this post