കൊച്ചി: ഭാരതമാതാവ് എന്ന ഭാരതീയ സങ്കല്പം ജാതിമത വര്‍ണ വര്‍ഗ വ്യത്യാസങ്ങള്‍ക്ക് അതീതമായി നാമെല്ലാവരും നമ്മുടെ രാജ്യത്തിന്റെ അമ്മയുടെ മക്കളാണ് എന്ന് ഊട്ടിയുറപ്പിക്കുന്നതാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. അഭിഭാഷക പരിഷത്ത് കേരള ഹൈക്കോടതി ശാഖയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ നിയമദിനാഘോഷത്തില്‍ ഭരണഘടനയിലെ സാംസ്‌കാരിക ദേശീയത എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ഭാരതമാതാവിനോട് ഇപ്പോള്‍ പലരും തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും കാണിക്കുന്നു. പരിപാടികളില്‍ ഭാരതമാതാവിന്റെ ചിത്രം വയ്‌ക്കുന്നത് പലരും വിലക്കുന്നു. ഭാരതമാതാവിനെ ആഘോഷിച്ചില്ലെങ്കില്‍ മറ്റെന്താണ് ആഘോഷിക്കുകയെന്നും ഗവര്‍ണര്‍ ചോദിച്ചു. ഇതാരാണ് ഈ സ്ത്രീ എന്ന് രാജ്ഭവനില്‍ വന്നു ചിലര്‍ ചോദിക്കുകവരെയുണ്ടായി. സംസ്‌കാരവും ദേശീയതയും രണ്ടല്ല. ഭാരതത്തില്‍ രണ്ടും ഒന്നാണ്. പരസ്പര പൂരകങ്ങളാണ്. ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടും സംന്യാസികളെ ഇല്ലാതാക്കിയിട്ടും സംസ്‌കാരത്തിന് ഒന്നും സംഭവിച്ചില്ല. വിദ്യാഭ്യാസ സമ്പ്രദായം തകര്‍ന്നാല്‍ സ്വത്വം നഷ്ടപ്പെടും. സാംസ്‌കാരിക അധിനിവേശം കുടുംബങ്ങളില്‍ പോലും സംഭവിച്ചു. മാതാപിതാ എന്നതിന് പകരം ഡാഡി മമ്മി എന്നുള്ള പദങ്ങള്‍ സാംസ്‌കാരിക അധിനിവേശത്തിന്റെ ചിഹ്നങ്ങളാണ്. പ്രവൃത്തിയില്‍ നിന്ന് ധര്‍മം ഇല്ലാതായാല്‍ നാമില്ലാതായി. സെക്യൂലറിസം എന്നത് മതനിരപേക്ഷതയല്ല, ധര്‍മനിരപേക്ഷതയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
സീനിയര്‍ അഭിഭാഷകന്‍ ബി.ജി. ഹരീന്ദ്രനാഥ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി എന്നിവര്‍ സംസാരിച്ചു. ഹൈക്കോടതി ഡെ. സോളിസിറ്റര്‍ ജനറല്‍ അഡ്വ. ഒ.എം. ശാലീന, അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് പ്രസിഡന്റ് അഡ്വ. എന്‍. അനില്‍കുമാര്‍, അഡ്വ. കെ.എസ്. ഭരതന്‍, അഡ്വ. രാഹുല്‍ വേണുഗോപാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


















Discussion about this post