ഉദയ്പൂര്‍(രാജസ്ഥാന്‍): രാജ്യത്തുടനീളം വിതസനത്തിന്റെ പേരില്‍ സര്‍ക്കാരുകള്‍ കൃഷിഭൂമി ഏറ്റെടുക്കുമ്പോള്‍ കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും താല്പര്യങ്ങള്‍ പരിഗണിക്കണമെന്ന് ഭാരതീയ കിസാന്‍ സംഘ്. ഇത്തരത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഏകീകൃത നിയമം നടപ്പാക്കണമെന്നും സംഘടന കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഭാരതീയ അഗ്രോ ഇക്കണോമിക് റിസര്‍ച്ച് സെന്റര്‍ ഉദയ്പൂരിലുള്ള കോളജ് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്‌നോളജിയില്‍ സംഘടിപ്പിച്ച രണ്ടുദിവസത്തെ ദേശീയ ബൗദ്ധികസഭയാണ് ഈ വിഷയങ്ങള്‍ ഉയര്‍ത്തിയത്. ബ്രിട്ടീഷ് അധിനിവേശ കാലത്തെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ പൊരുത്തക്കേടുകളും കര്‍ഷകരോടുള്ള അവഗണനയും സഭ ചര്‍ച്ച ചെയ്തതായി ബിഎഇആര്‍സി പ്രസിഡന്റ് പ്രമോദ് ചൗധരി പറഞ്ഞു.
1894ലെ ബ്രിട്ടീഷ് നിയമമാണ് വര്‍ഷങ്ങളോളം തുടര്‍ന്നത്. 2013 ല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നിട്ടും സംസ്ഥാന സര്‍ക്കാരുകള്‍ ഏകപക്ഷീയ ഭേദഗതികള്‍ വഴി അത് ദുര്‍ബലപ്പെടുത്തുകയാണ്. ഭൂമി ഏറ്റെടുക്കലിന് ശേഷം പല സംസ്ഥാനങ്ങളിലും നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് കിസാന്‍ സംഘ് ചൂണ്ടിക്കാട്ടി.
ലാന്‍ഡ് പൂളിങ് ആക്ട് പോലുള്ള നിയമങ്ങള്‍ കര്‍ഷകരുടെ സമ്മതം നേടുന്നതിനുള്ള അടവ് മാത്രമാവുകയാണ്. ഇത് തടയാന്‍ ഒരു വ്യവസ്ഥയുമില്ല. നീതി തേടി നിയമപോരാട്ടങ്ങള്‍ നടത്താന്‍ കര്‍ഷകര്‍ക്ക് സമയമോ പണമോ ഇല്ല. അതുകൊണ്ട് ഈ അനീതി അംഗീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയാണെന്ന് വിദ്വത് സഭ ചൂണ്ടിക്കാട്ടി.
നിയമങ്ങളോ ഭേദഗതികളോ നടപ്പാക്കുമ്പോള്‍ 80 ശതമാനം പേരുടെ സമ്മതം നിര്‍ബന്ധമാക്കണമെന്ന് കിസാന്‍ സംഘ് ആവശ്യപ്പെട്ടു. രേഖകള്‍ ഡിജിറ്റല്‍ ആയിരിക്കണം. യഥാര്‍ത്ഥ വിപണി മൂല്യത്തിന്റെയോ രജിസ്റ്റര്‍ ചെയ്ത വിലയുടെയോ നാലിരട്ടി നഷ്ടപരിഹാരം നല്‍കണം. ബദല്‍ ഭൂമി, പാര്‍പ്പിടം, പരിശീലനം, തൊഴില്‍ എന്നിവ ഉറപ്പാക്കാന്‍ ജില്ലാതല ‘പുനരധിവാസ ബോര്‍ഡ്’ സ്ഥാപിക്കണം.
ഗോത്രജനതയെ കുടിയിറക്കേണ്ടത് അത്യാവശ്യമാണെങ്കില്‍, അവരുടെ സംസ്‌കാരം, സമൂഹം, സാമൂഹിക പരിസ്ഥിതി എന്നിവ സംരക്ഷിക്കുന്നതിനായി എല്ലാവരെയും ഒരു സ്ഥലത്ത് പുതിയതും പൂര്‍ണ്ണവുമായ ഗ്രാമമായി പുനരധിവസിപ്പിക്കണം. വനമേഖലകളില്‍ ലഭ്യമായ തരിശുഭൂമി സര്‍വേ ചെയ്ത് അത് ഉപയോഗിക്കണം.
ഏറ്റെടുക്കുന്ന ഭൂമിയുടെ വാര്‍ഷിക വാടക നിലവിലുള്ള നിരക്കില്‍ നിശ്ചയിക്കുകയും വര്‍ഷം തോറും നല്‍കുകയും വേണം. ഒരു കര്‍ഷകന്‍ ഭൂമിക്ക് ഒറ്റത്തവണ നഷ്ടപരിഹാരം ലഭിക്കാന്‍ ആഗ്രഹിക്കുമ്പോഴെല്ലാം, നിലവിലുള്ള മാര്‍ക്കറ്റ് നിരക്കിന്റെ നാലിരട്ടി അയാള്‍ക്ക് നല്‍കണം.
ലാന്‍ഡ് പൂളിങ് നിയമങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കണം. പൊതു ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്ത ഭൂമിയുടെ പുനര്‍വില്‍പ്പനയോ കൈമാറ്റം ചെയ്യുന്നതോ കര്‍ശനമായി നിരോധിക്കണം.
ഏറ്റെടുത്ത ഭൂമി അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉപയോഗിച്ചില്ലെങ്കില്‍, അത് കര്‍ഷകന് തിരികെ നല്‍കണം. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ഡിജിറ്റലും സുതാര്യവും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതുമായിരിക്കണം, അതിനായി ‘മൊബൈല്‍ പരാതി ആപ്പ്’ വികസിപ്പിക്കുകയും വേണം.ഭൂമി ഏറ്റെടുക്കല്‍ സമയത്ത് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും എതിരെ കുറഞ്ഞ സമയപരിധിക്കുള്ളില്‍ കര്‍ശനമായ ശിക്ഷാ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കിസാന്‍ സംഘ് കേന്ദ്രസര്‍ക്കാരിന് നിവേദനം നല്കി.
ഭാരതീയ കിസാന്‍ സംഘത്തിന്റെ ദേശീയ സംഘടനാ സെക്രട്ടറി ദിനേശ് കുല്‍ക്കര്‍ണി, ഭാരതീയ ആഗ്രോ ഇക്കണോമിക് റിസര്‍ച്ച് സെന്റര്‍ പ്രസിഡന്റ് പ്രമോദ് ചൗധരി, ജനറല്‍ സെക്രട്ടറി മകരന്ദ് കര്‍ക്കരെ, അഡ്വക്കേറ്റ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീനിവാസ് മൂര്‍ത്തി, ദല്‍ഹി സംസ്ഥാന പ്രസിഡന്റ് അഡ്വ. സഞ്ജയ് പോദ്ദാര്‍, മഹാരാഷ്ട്ര അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അജയ് തല്‍ഹാര്‍, മഹാറാണ പ്രതാപ് കാര്‍ഷിക സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രതാപ് സിങ് ധാക്കഡ്, 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.















Discussion about this post