ആധുനിക ഭാരതത്തിന്റെ ശില്പികളിൽ, വേറിട്ട പ്രവർത്തനം കൊണ്ടും ചിന്തകൾ കൊണ്ടും വ്യത്യസ്തമായ വ്യക്തിത്വത്തിന്റെ ഉടമയാണ് ഡോ. ബി.ആർ. അംബേദ്കർ. ഭാരതത്തിന്റെ ചരിത്രത്തെയും ഭാവിയെയും വർത്തമാനകാല യാഥാർത്ഥ്യങ്ങൾക്കുള്ളിൽ വസ്തുനിഷ്ഠമായി വിലയിരുത്തി നിലപാടുകൾ സ്വീകരിച്ചിരുന്നു എന്നതിലാണ് അംബേദ്കറുടെ പ്രസക്തി.
ഭരണഘടനാ നിർമാണ സഭയിലെ തന്റെ പ്രസംഗത്തിൽ, കോൺഗ്രസ്, സോഷ്യലിസ്റ്റുകൾ, മുസ്ലീം ലീഗ്, ഹിന്ദുമഹാസഭ തുടങ്ങിയ വ്യത്യസ്ത ചിന്താധാരയിലുള്ളവരെ യുക്തമായി വിമർശിക്കാനും സമന്വയത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനും ചർച്ചകളിൽ അദ്ദേഹം വഹിച്ച പങ്കും മുന്നോട്ട് വെച്ച വീക്ഷണവും തന്നെയാണ് അംബേദ്കറെ വായിക്കാനുള്ള അളവുകോൽ. ഗാന്ധിജിയുമായി പല രാഷ്‌ട്രീയ കാര്യങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നിട്ടും, ഭരണഘടനയുടെ കരടു തയ്യാറാക്കുന്ന ചുമതല അംബേദ്കറെത്തന്നെ ഏൽപിക്കാൻ ഗാന്ധി നിർദേശിച്ചത് അദ്ദേഹത്തിന്റെ ദേശീയ പ്രതിബന്ധതയിലുള്ള വിശ്വാസംമൂലമായിരുന്നു.
സമരസതയുടെ വക്താവ്
അംബേദ്കറിന് ഭാവി ഭാരതത്തെക്കുറിച്ച് ശുഭാപ്തി വിശ്വാസത്തോടൊപ്പം ഉത്കണ്ഠകളും ഉണ്ടായിരുന്നു. പ്രത്യേകിച്ചും ഭാരതത്തിന്റെ ചരിത്രത്തെ വിലയിരുത്തുന്നതിലൂടെ ഉണ്ടാകാൻ പോകുന്ന വൈരുദ്ധ്യങ്ങളെ സംബന്ധിച്ച്. 1950 ജനുവരി 26 ന് അവസാന ഭരണഘടനാ നിർമാണ സഭയിലെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ”ഭാരതം സ്വതന്ത്ര രാജ്യമാകാൻ പോകുന്നു. പക്ഷേ ആ സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ടു പോകാൻ നമുക്ക് സാധിക്കുമോ, അതോ വീണ്ടും അത് നഷ്ടപ്പെടുമോ എന്നതാണ് എന്റെ ചിന്ത. ചരിത്രം ആവർത്തിച്ചേക്കാം. മുമ്പ് ജാതിയും മതങ്ങളുമായിരുന്നു നമ്മളുടെ ആഭ്യന്തര ശത്രുക്കളെങ്കിൽ ഇന്ന് നിരവധി രാഷ്‌ട്രീയ ചിന്താഗതികളും പാർട്ടികളും നമ്മുടെ ഏകതയെ തകർക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു. പാർട്ടികൾ അവരുടെ പാർട്ടിയെ, അതിലൂടെ ജാതിയെ, മതത്തെ, സങ്കുചിത സ്വത്വത്തെ ഈ നാടിനു മുകളിൽ പ്രതിഷ്ഠിച്ചാൽ നമ്മൾ എന്നന്നേക്കുമായി തകർന്നു പോകും. നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാൻ ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തോടൊപ്പം തുല്യനീതിയും സാഹോദര്യവും നിലനിൽക്കേണ്ടതാണ്.” ഇത് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസമായിരുന്നു. സാഹോദര്യത്തിലൂടെ മാത്രമേ കെട്ടുറപ്പുള്ള സമൂഹം സൃഷ്ടിക്കാൻ സാധിക്കൂ, എന്നതിനാൽ സ്വാതന്ത്ര്യവും തുല്യനീതിയും നിലനിൽക്കുന്ന സമൂഹ രചനയുടെ അടിസ്ഥാനമായി അദ്ദേഹം വിവിധ സമൂഹങ്ങൾക്കിടയിലുള്ള സാഹോദര്യത്തെയാണ് പ്രാധാന്യത്തോടെ കണ്ടത്.
ഇസ്ലാമിസ്റ്റ് – കമ്മ്യൂണിസ്റ്റ് വീക്ഷണങ്ങളെ നിരാകരിച്ച രാഷ്‌ട്രീയ തത്വദർശി
മനുസ്മൃതിയെ നഖശികാന്തം എതിർത്തിരുന്ന വ്യക്തിയാണ് അംബേദ്കർ. എങ്കിലും, ജനാധിപത്യത്തെയും ഫെഡറൽ സംവിധാനത്തെയും, ഭരണഘടന നിർമാണ സഭയിൽ അദ്ദേഹം അവതരിപ്പിച്ചത് ഭാരതീയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. ജനാധിപത്യത്തെ അംബേദ്കർ വിശേഷിപ്പിച്ചത് ഭരണസംവിധാനം എന്ന രീതിയിലല്ല, ജീവിത രീതി ആയിട്ടാണ്. ജനങ്ങൾ ജനങ്ങൾക്കുവേണ്ടി തെരഞ്ഞെടുക്കുന്ന ജനങ്ങളുടെ സർക്കാർ എന്ന പരിമിതമായ വീക്ഷണത്തിൽ നിന്നു വ്യത്യസ്തമായി, നമ്മുടെ നിത്യ വ്യവഹാരങ്ങളിൽ എല്ലാം വ്യത്യസ്ത അഭിപ്രായങ്ങളെ കേൾക്കുകയും ഒരുമിച്ചിരുന്നു തീരുമാനങ്ങൾ എടുക്കുകയും അതിനനുസരിച്ച് നടപ്പാക്കുകയും ചെയ്യുന്ന ജീവിതരീതിയും ഭരണരീതിയും ആണ് നമ്മുടെ ജനാധിപത്യം. ഇവിടെ അഭിപ്രായങ്ങളെ കേൾക്കുന്നതിൽ തുല്യ നീതിയും, അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിൽ സുതാര്യതയും. തീരുമാനങ്ങൾ എടുക്കുന്നതിൽ യുക്തിഭദ്രതയും, പദ്ധതികൾ നടപ്പാക്കുന്നതിൽ പ്രായോഗികതയും വേണമെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഭരണഘടനാ നിർമാണ സഭയിലെ ആദ്യ പ്രസംഗത്തിൽത്തന്നെ അദ്ദേഹം അതു വ്യക്തമാക്കുന്നുമുണ്ട്.
അവകാശങ്ങൾക്കെതിരെ കയ്യേറ്റം നടക്കുമ്പോൾ അതിന് പരിഹാരം കാണാൻ ജനങ്ങൾക്ക് ഉപകരിക്കുന്ന പരിഹാര മാർഗങ്ങൾ നിർദ്ദേശിച്ചില്ലെങ്കിൽ അവകാശങ്ങൾക്ക് അർത്ഥമില്ലെന്ന്” അദ്ദേഹം പറയുന്നു. അതുകൊണ്ട് ”സാമ്പത്തികവും സാമൂഹികവും രാഷ്‌ട്രീയവുമായ നീതി യാഥാർത്ഥ്യമാക്കാൻ ഭരണകൂടത്തിന് സാധിക്കുന്ന വ്യവസ്ഥകൾ ഉണ്ടാവുകയാണ് വേണ്ടത്” എന്ന് വിലയിരുത്തുന്നു. ഒപ്പം തന്നെ, ”ഈ മഹാരാജ്യത്തിന്റെ സാമൂഹികവും രാഷ്‌ട്രീയവും സാമ്പത്തികവുമായ ഭാവി പരിണാമത്തെയും അന്തിമ രൂപത്തെയും കുറിച്ച് തന്റെ മനസ്സിൽ സംശയത്തിന്റെ കണിക പോലും ഇല്ല” എന്നും ”ഇന്ന് രാഷ്‌ട്രീയമായും സാമൂഹികമായും സാമ്പത്തികമായും ഭിന്നിച്ചു നിൽക്കുകയാണെങ്കിൽക്കൂടി, അതിൽ, താൻ സ്വയം ‘തമ്മിലടിക്കുന്ന ചേരികളുടെ’ ഒരു വക്താവായി അറിയപ്പെടുമ്പോഴും, ”കാലവും സാഹചര്യവും ഒത്തു വരുമ്പോൾ ഈ രാജ്യം ഒന്നായിത്തീരുന്നതിനെ തടയാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന്” നീണ്ടകരഘോഷങ്ങൾക്കിടയിൽ പ്രസംഗത്തിൽ അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. ഭാരതമാണ് ഒന്നാമത് എന്നതിൽ യാതൊരു വിട്ടുവീഴ്ചയ്‌ക്കും അദ്ദേഹം തയ്യാറായിരുന്നില്ല.
വിദ്യാഭ്യാസ നയം
കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം സമൂഹത്തിലെ എല്ലാവരെയും ഉൾച്ചേർക്കുന്നതിനെക്കുറിച്ച് പരാമർശിക്കുക മാത്രമല്ല, പരമ്പരാഗത വിജ്ഞാനത്തെയും തൊഴിൽ മേഖലകളേയും കളിയെയും കലയേയുമെല്ലാം ആധുനിക വിജ്ഞാനവുമായും ആവശ്യങ്ങളുമായും ബന്ധിപ്പിക്കുന്നുമുണ്ട്. വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലൂടെ സമൂഹത്തിലെ മുഴുവൻ അംഗങ്ങൾക്കും വിദ്യാഭ്യാസ പ്രക്രിയയിൽ പങ്കാളികളാകാനുള്ള മന:സ്ഥിതി സൃഷ്ടിക്കാൻ അവസരം ഒരുക്കുകയും ചെയ്യുന്നു. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളും, പ്രത്യേകിച്ചു ദളിത് ആദിവാസി വിഭാഗങ്ങളും പെൺകുട്ടികളും വിദ്യാഭ്യാസം പൂർത്തിയാകാതെ കൊഴിഞ്ഞു പോകുന്ന സ്ഥിതി നിലനിൽക്കുകയാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഷ പൂർണമായും ആംഗലേയ അപ്രമാദിത്വത്തിൽ തുടരുന്നത് ഗ്രാമീണ സമൂഹത്തിന്റെയും പട്ടികജാതി-പട്ടിക വർഗ്ഗ പിന്നാക്ക സമുദായങ്ങളുടെയും വിദ്യാഭ്യാസ പുരോഗതിയിൽ തടസവും, അവരിൽ അപകർഷതാബോധവും ജനിപ്പിക്കുന്നവയാണ്. ഇവിടെയാണ്, അംബേദ്കർ സൂചിപ്പിച്ച അവകാശങ്ങളും അവസരങ്ങളും ഭരണഘടനയിൽ ഉറപ്പു നൽകുമ്പോഴും അത് പ്രായോഗിക തലത്തിൽ അനുഭവവേദ്യമാകുന്ന വ്യവസ്ഥകൾ ഉണ്ടാക്കാൻ നാം പരിശ്രമിച്ചിട്ടില്ലെങ്കിൽ നിയമങ്ങൾ കേവലം ഏട്ടിലെ പശുക്കൾ മാത്രമായി അവശേഷിക്കും എന്ന നിലപാടിനെ പ്രസക്തമാക്കുന്നത്.
75 വർഷത്തിലധികമായി തുടരുന്ന വിദ്യാഭ്യാസ പദ്ധതിയിലെ കൊളോണിയൽ മന:സ്ഥിതിയെ തുടച്ചുനീക്കാനും ഭാരതീയ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ അഭിസംബോധന ചെയ്യാനുമുള്ള ഇച്ഛാശക്തിയാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥിയുടെ ഇഷ്ടാനുസരണം കോഴ്സുകൾ തിരഞ്ഞെടുക്കാനും, ഏതുസമയത്തും കോഴ്സുകൾ മാറ്റിയെടുക്കാനും, പുറത്തേക്ക് പോകാനും അകത്തേക്ക് വരാനും, സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും തന്നെ മാറി പഠിക്കാനും, അവസരം നൽകാൻ പുതിയ വ്യവസ്ഥകൾ തയ്യാറാക്കുന്നത്. വിദ്യാർത്ഥികൾക്കുണ്ടാകുന്ന അക്കാദമിക് ക്രെഡിറ്റ് ബാങ്കിലൂടെ കൊഴിഞ്ഞുപോക്കിനേയും വിദ്യാഭ്യാസ തുടർച്ച ഇല്ലാതാക്കുന്നതിനെയും ഇന്ന് ഫലപ്രദമായി അഭിസംബോധന ചെയ്യുന്നു. വിദ്യാഭ്യാസത്തെ തൊഴിലുമായി ബന്ധിപ്പിക്കുന്നതും, വിദ്യാഭ്യാസത്തിന്റെ ഭാഷ വിദ്യാർത്ഥിയുടെ ഇഷ്ട ഭാഷയാക്കുന്നതും, വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം തങ്ങളുടെ പരിസരങ്ങളിൽ നിന്ന് ആരംഭിക്കുന്നതും എല്ലാം അംബേദ്കർ മുന്നോട്ടുവെച്ച സാമൂഹ്യ നീതി നിർവ്വഹണ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരങ്ങളാണ്.
സാമൂഹ്യ പരിഷ്‌കരണ രംഗത്ത് നിലപാടുകൾ സ്വീകരിക്കുന്നതിനുവേണ്ടി, അംബേദ്കർ ഭാരതത്തിന്റെ ചരിത്രത്തെയും ദർശനങ്ങളെയും ഇതിഹാസപുരാണങ്ങളെയും ആഴത്തിൽ പഠിച്ച് വിശകലനം ചെയ്തു. ആര്യൻ ആക്രമണവാദ സിദ്ധാന്തത്തെ വസ്തുനിഷ്ഠമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിരാകരിക്കുന്നത്. ജാതി ശ്രേണികളുടെ രൂപീകരണവും അതുണ്ടാക്കിയ സാമൂഹ്യ സാമ്പത്തിക വിഭജനങ്ങളും, അതിനെ ദൂരീകരിക്കാനുള്ള ഭാരതീയ ശ്രമങ്ങളിൽ കാലോചിതമായി സ്വീകരിക്കേണ്ട രീതിയേയും അദ്ദേഹം രാഷ്‌ട്രീയ പ്രവർത്തനത്തിലൂടെയും വിവിധ പ്രസ്ഥാനങ്ങളുമായും വ്യക്തികളുമായും നടത്തിയ ആശയവിനിമയത്തിലൂടെയും പ്രതിപാദിച്ചിട്ടുണ്ട്. ആ ചിന്തകളും വീക്ഷണങ്ങളും പുതിയ പാഠപുസ്തകങ്ങളിലും കാണാം.
ബ്രിട്ടീഷ് അധിനിവേശത്തെ മാത്രം വൈദേശിക അധിനിവേശമായി കാണുന്ന നിലവിലെ പാഠപുസ്തകങ്ങളുടെ സമീപനത്തെ മാറ്റി നിർത്തി, അംബേദ്കറുടെ വീക്ഷണത്തിലൂടെയാണ് പുതിയ പാഠപുസ്തകങ്ങൾ സമീപിക്കുന്നത്. യൂറോപ്യൻ അധിനിവേശത്തെ ക്രിസ്തുമത വിശ്വാസത്തിന്റെ പേരിൽ ന്യായീകരിക്കാൻ തയ്യാറാക്കാത്തതു പോലെ, ഇസ്ലാമിക അധിനിവേശത്തെയും മതത്തിന്റെ പേരിൽ ന്യായീകരിക്കേണ്ടതില്ല എന്ന നിലപാടാണ് പാഠപുസ്തകങ്ങൾ പിന്തുടരുന്നത്. ഇസ്ലാമിക ഭരണം ഭാരതീയ സമൂഹത്തിൽ ഏൽപ്പിച്ച ആഘാതത്തേ വസ്തുനിഷ്ഠമായി വിലയിരുത്തുകയും കൃത്യമായി വിളിച്ചു പറയുകയും ചെയ്ത അംബേദ്കറെ പോലുള്ള മറ്റൊരു വ്യക്തിയും ഭാരതീയ രാഷ്‌ട്രീയത്തിൽ ഉണ്ടായിട്ടില്ല. വസ്തുതകൾ അവതരിപ്പിക്കുകയും, അതിന്റെ വിവിധ വശങ്ങൾ യുക്തിഭദ്രമായി സംവാദത്തിന് വിടുകയും ചെയ്യുന്ന രീതിയാണ് പുതിയ പാഠപുസ്തകങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ഇതുതന്നെയാണ് അംബേദ്കറുടെ നിലപാടും.
ഭാരതത്തിന്റെ സാംസ്‌കാരിക ഏകത, സാമ്പത്തിക സാധ്യത എന്നിവ ചരിത്രപശ്ചാത്തലത്തിലാണ് അംബേദ്കൻ അപഗ്രഥിച്ചത്്. ഹിന്ദുമതത്തിലെ ജാതി വിവേചനത്തെ എത്ര തീഷ്ണമായി വിമർശിക്കുന്നുണ്ടോ അതിലും ഒട്ടും കുറയാത്ത രൂക്ഷഭാഷയിലാണ് ഇസ്ലാം മതത്തിന്റെ അപരമതനിന്ദയേയും വേരിടൽ വാദത്തേയും അദ്ദേഹം വിമർശിക്കുന്നത്. മാപ്പിളലഹളയെ കർഷക ലഹളയായും സ്വാതന്ത്ര്യസമരമായും വിമോചന സമരമായും വ്യാഖിനിക്കുന്ന പാഠഭാഗത്തെ ഇസ്ലാമിക ഭീകരതയുടേയും പാകിസ്ഥാൻ രൂപീകരണത്തിന്റെ ബിജാവാപവുമായാണ് അംബേദ്കർ വിലയിരുത്തുന്നത്. ചരിത്രപഠനം പാഠപുസ്തകങ്ങളിൽ ഒതുങ്ങാതെ അന്വേഷണമായി മാറുമ്പോൾ, ആധുനിക ഭാരതത്തെ പഠിക്കാനുള്ള ഏറ്റവും പ്രധാന സോഴ്സ് ബുക്കായി അംബേദ്കർ മാറും. അത് ഇന്ന്വരെ ചിലർ വളർത്തിയെടുത്ത പല ആഖ്യാനങ്ങളെയും പൊളിച്ചെഴുതും. ഭാരതത്തെ പഠിക്കാനുള്ള തുറന്ന പുസ്തകമാണ് ഡോ. അംബേദ്കറുടെ ജീവിതവും രചനകളും. അത് വ്യക്തിയുടെ നിയമപാലനവും ധാർമ്മിക മൂല്യബോധവും തുടങ്ങി സാമ്പത്തിക സ്വാശ്രയത്വവും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്ന സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും വ്യവസ്ഥയിൽക്കൂടി പരിണമിച്ച്, സമ്പൂർണ്ണ പ്രകൃതിയുടെയും സ്ഥായിയായ ഉന്നമനത്തിന്റെയും ജീവിതക്രമത്തിലേക്ക് പരിണമിക്കുന്നു. ബുദ്ധം ശരണത്തിൽ നിന്നു സംഘം ശരണത്തിലേക്കും അവിടെ നിന്നു ധർമ്മം ശരണത്തിലേക്കും ഉദ്ക്രമിക്കുന്ന ബൗദ്ധപഥമാണ് അംബേദ്കർ വിഭാവനം ചെയ്യുന്നത്. നിർഭയത്വം, നിസ്സങ്കോചം, നിസ്വാർത്ഥം, നൈരന്തര്യം തുടങ്ങിയ ശാശ്വതമൂല്യങ്ങൾ ജീവിതത്തിലും സുഹൃദ് – രാഷ്‌ട്രീയ വ്യവസ്ഥകളിലും പുനസ്ഥാപിക്കുക എന്നതാണ് അംബേദ്കറിനു നാം സമർപ്പിക്കേണ്ട ശ്രദ്ധാഞ്ജലി.
(ശിക്ഷാസംസ്‌കൃതി ഉത്ഥാൻ ന്യാസ് ദേശീയ സംയോജകനാണ് ലേഖകൻ)



















Discussion about this post