കൊച്ചി: ജീവിതം സമാജത്തിന്റെ വളര്‍ച്ചയ്ക്കായി സമര്‍പ്പിച്ച സ്വര്‍ഗീയ എം. ശിവദാസന്‍ എല്ലാ തലത്തിലും മാതൃകയാക്കേണ്ട വ്യക്തിത്വമാണെന്ന് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍. മുന്‍ വിഭാഗ് പ്രചാരകും മാതൃകാപ്രചരണാലയം മുന്‍ ജനറല്‍ മാനേജരുമായിരുന്ന എം. ശിവദാസന്‍ അനുസ്മരണം യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയ്ക്ക് ശേഷം സംഘവുമായി ബന്ധപ്പെട്ട കേസുകള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം ഏറെ മികവ് പുലര്‍ത്തിയിരുന്നു. കേസുകള്‍ ആഴത്തില്‍ പഠിച്ച് പോയിന്റുകള്‍ കണ്ടെത്തിയിരുന്നത് വക്കീലന്മാര്‍ക്കിടയില്‍ പോലും ചര്‍ച്ചയായിരുന്നു. സംഘം ഏല്‍പിക്കുന്ന ജോലി കൃത്യമായി ചെയ്തിരുന്ന ശിവദാസന്റെ മാനേജുമെന്റിലെ കഴിവ് എടുത്തുപറയേണ്ടതാണ്. പ്രചാരകനായി തുടങ്ങിയ അദ്ദേഹം ജീവിതത്തിലുടനീളം ആ തരത്തില്‍ തന്നെയുള്ള പ്രവര്‍ത്തനമാണ് തുടര്‍ന്നത്. കേരളത്തിലെമ്പാടും യാത്ര ചെയ്ത് സകലമേഖലയിലും ഇടപെട്ട് ഏറെ അനുകരണനീയമായ കാര്യങ്ങളാണ് അദ്ദേഹം തുടര്‍ന്നതെന്നും എസ്. സേതുമാധവന്‍ അനുസ്മരിച്ചു.
ജന്മഭൂമിയുടെ ചുമതലയിലേക്കെത്തിയ അദ്ദേഹം പത്രത്തിന് കൂടുതല്‍ കൃത്യത കൊണ്ടുവരുന്നതിനൊപ്പം അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധക്കൊടുത്താണ് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയതെന്ന് ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാര്‍ അനുസ്മരിച്ചു. വാര്‍ത്തയുടെ കാര്യങ്ങളിലടക്കം ഏത് കാര്യവും അന്വേഷിച്ച് കണ്ടെത്തി കൃത്യമായ വിവരം കൈമാറിയിരുന്നു. നിഷ്‌കാമ കര്‍മ്മം നടത്തി കടന്നുപോയ അദ്ദേഹത്തിന്റെ ജീവിതദര്‍ശനത്തിന് നാശമില്ലെന്നും കാവാലം ശശികുമാര്‍ അനുസ്മരിച്ചു.
എളമക്കര ആര്‍എസ്എസ് പ്രാന്തകാര്യാലയത്തിലെ മാധവ്ജി മണ്ഡപത്തില്‍ നടന്ന യോഗത്തില്‍ കൊച്ചി മഹാനഗര്‍ സംഘചാലക് അഡ്വ. പി. വിജയകുമാര്‍ അധ്യക്ഷനായി. സഹകാര്‍ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാജശേഖരന്‍, രാഷ്ട്രധര്‍മ്മ പരിഷത്ത് പ്രസിഡന്റ് പി. കുട്ടികൃഷ്ണന്‍ എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തി.



















Discussion about this post