കോഴിക്കോട്: പ്രകടനങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ പങ്കെടുക്കുന്നതിനെതിരെ കാന്തപുരം. മുസ്ലിംലീഗ്, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകളുടെ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ പങ്കെടുത്തതിനെതിരെയാണ് സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
‘മുസ്ലിം സമുദായത്തിന്റെ പേരില്‍ സംഘപ്പിടിക്കുന്ന രാഷ്‌ട്രീയ സംഘടനകളുടെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി അന്യസ്ത്രീ പുരുഷന്മാര്‍ കൂടിച്ചേര്‍ന്നും കെട്ടിപ്പിടിച്ചും പരസ്പരം കൈകൊട്ടിയും തെരുവിലിറങ്ങി പ്രകടനം നടത്തുന്നതും അഴിഞ്ഞാടുന്നതും മതം അനുവദിക്കാത്ത രീതിയിലുള്ള ആഭാസങ്ങള്‍ നടത്തുന്നതും അംഗീകരിക്കാവുന്നതല്ലെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞത്.
അന്യ സ്ത്രീപുരുഷന്മാര്‍ കൂടിച്ചേര്‍ന്ന് പ്രകടനം നടത്തരുതെന്നാണ് കാന്തപുരം വിഭാഗത്തിന്റെ ഫത്വ. ആഹ്ലാദ പ്രകടനത്തെ അഴിഞ്ഞാട്ടമെന്നാണ് പ്രസ്താവനയില്‍ ആക്ഷേപിച്ചിരിക്കുന്നത്. മതം അനുവദിക്കാത്ത ആഭാസമാണെന്നാണ് ഇതിന് കാന്തപുരം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സ്ത്രീകള്‍ക്ക് അവരുടേതായ സമ്പൂര്‍ണ സ്വാതന്ത്ര്യവും മാന്യതയും ഇസ്ലാം വകവെച്ചു നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് സ്ത്രീകളുടെ പൊതുരംഗത്തെ ഇടപെടലിനെ കാന്തപുരം നിഷേധിക്കുന്നത്. ഇത്തരം പ്രകടനങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും ഇത്തരം പ്രവണതകള്‍ മേലില്‍ ഉണ്ടാവാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത കാണിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ ചേര്‍ക്കുന്നതിനും വിലക്കുണ്ടായിരുന്നു. കാന്തപുരം വിഭാഗത്തിന് സ്വാധീനമുള്ള മേഖലകളില്‍ സിപിഎം വനിതാ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ ഫോട്ടോയില്ലാതെയാണ് പുറത്തിറക്കിയിരുന്നത്.
















Discussion about this post