തിരുവനന്തപുരം: കൊറോണ പടര്‍ന്നുപിടിച്ചതോടെ നിത്യവൃത്തിക്ക് വഴിയില്ലാതെ വലയുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികള്‍ നല്‍കാനൊഴിച്ച് വരുമാനമില്ലാത്തതിനാല്‍ ജീവനക്കാര്‍ ശമ്പളം നല്‍കാനടക്കം സര്‍ക്കാരിന്റെ കനിവ് കാത്തുകിടക്കുകയാണ് ഭരണസമിതി. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും ബോര്‍ഡില്‍ അനാവശ്യ ചിലവുകള്‍ വെട്ടിക്കുറയ്ക്കാനോ അടിയന്തര നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ തയ്യാറല്ല. അനധികൃത- അനാവശ്യ നിയമനങ്ങളും ഓഡിറ്റിംഗും പരിശോധനയുമില്ലാത്ത മരാമത്ത് വിഭാഗം പോലെയുള്ള വിവിധ വിഭാഗങ്ങളും ഫലത്തില്‍ ശമ്പളം വാങ്ങിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവയാണ്. ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ കീഴിലുള്ള ഭൂമി അന്യാധീനപ്പെട്ടും കൈയേറിയുമെല്ലാം ഏക്കര്‍ കണക്കിന് നഷ്ടമായിട്ടുണ്ട്.
ദേവസ്വം ഭൂമിയുടെ കൈയേറ്റത്തില്‍ അതത് ദേവസ്വം ഉപദേശക സമിതിയുടെ സഹകരണത്തോടെ പ്രാദേശിക ഉദ്യോഗസ്ഥതലത്തില്‍ ആയിരുന്നു നിയമ നടപടികള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഈ രീതി വിട്ട് ഒരു ചീഫ് സ്പെഷല്‍ തഹസില്‍ദാരുടെ ചുമതലയില്‍ ഈ ആവശ്യത്തിന് ജീവനക്കാരും മറ്റു സൗകര്യങ്ങളോടും കൂടി ഭൂസംരക്ഷണ വിഭാഗം എന്ന പേരില്‍ ഒരു വകുപ്പ് രൂപീകരിച്ചു. തുടക്കത്തില്‍ പ്രാദേശികമായി തുടര്‍ന്നുവന്ന നടപടികള്‍ ത്വരിതപ്പെടുത്തി കുറച്ച് ഭൂമി തിരികെ പിടിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി ഈ വകുപ്പ് നിര്‍ജീവമാണ്. എന്നാല്‍ ഓഫീസ് പരിപാലത്തിനായി കഴിഞ്ഞവര്‍ഷം മാര്‍ച്ച് വരെ ചിലവിട്ടത് മൂന്നുകോടി ഇരുപതുലക്ഷം രൂപയാണ്. മാത്രമല്ല കൈയേറ്റങ്ങള്‍ തുടരുകയും ചെയ്യുന്നു. ദേവസ്വം വിജിലന്‍സിനും കാലാനുസൃതമായ മാറ്റഹ്ങള്‍ വരുത്തിയിട്ടുണ്ട്. വര്‍ഷാവര്‍ഷം മൂന്നുകോടിയിലധികം രൂപ ചിലവിടുന്നുണ്ടെങ്കിലും ഭരണമുന്നണിയുടെ ആളുകളെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ മാത്രമായാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നതെന്നാണ് ചില ജീവനക്കാര്‍ തന്നെ പറയുന്നത്. നിലവില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേവസ്വം വിജിലന്‍സ് പുനഃസംഘടിപ്പിക്കണമെന്ന് ഹൈ്‌ക്കോടതി വിധിയുണ്ട്. എന്നാല്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തിലൊഴിച്ച് മറ്റൊരു കോടതി വിധിയും പാലിക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലാത്ത അവസ്ഥയാണ്. അതിനാല്‍ ഉടനൊന്നും ദേവസ്വം വിജിലന്‍സ് പുനഃസംഘടിപ്പിക്കാന്‍ സാധ്യതയുമില്ല. ദേവസ്വം ബോര്‍ഡിനെ കുത്തുപാളയെടുപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന വിഭാഗമാണ് മരാമത്ത് വിഭാഗം.
പിഡബ്ല്യുഡി മാന്വല്‍ പ്രകാരമാണ് ദേവസ്വം ബോര്‍ഡ് മരാമത്തു വിഭാഗം പ്രവര്‍ത്തിക്കുന്നത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പിഡബ്ല്യുഡിക്കു തുല്യവും എന്നാല്‍ സ്റ്റാഫ് പാറ്റേണ്‍ അംഗീകരിച്ചിട്ടില്ല. അംഗീകരിച്ചാല്‍ വിവിധ ഗ്രേഡിലുള്ള എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ നിലവിലുള്ള ജീവനക്കാര്‍ അന്‍പതു ശതമാനത്തിലും കുറയും. ഷോപ്പിംഗ് കോംപ്ലക്സുകളില്‍നിന്നും ലഭിക്കേണ്ട വാടക ലക്ഷങ്ങള്‍ കുടിശികയായാലും സദ്യാലയങ്ങള്‍ ഇല്ലാത്തിടത്ത് ലക്ഷങ്ങളുടെ കസേരകള്‍ വാങ്ങിക്കൂട്ടിയാലും ചരിത്ര പ്രാധാന്യമുള്ള ശിലാപാളികള്‍ തല്ലിപ്പൊളിച്ച് ക്ഷേത്രങ്ങളുടെ തിരുമുറ്റത്ത് ടൈല്‍സ് പാകിയാലും ഇവിടെ ആരും ചോദിക്കാനില്ല. എത്ര കോടികള്‍ വേണമെങ്കിലും അവര്‍ക്കു ചിലവഴിക്കാം. ദേവസ്വം ബോര്‍ഡ് വാദിയായും എതിര്‍കക്ഷിയായും വരുന്നതും ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതുമായ കേസുകളുടെ തോല്‍വികളും സാമ്പത്തിക കുറ്റങ്ങള്‍ക്കും മറ്റും ശിക്ഷണ നടപടികള്‍ക്ക് വിധേയരാകുന്ന ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കുന്ന അന്വേഷണ കമ്മീഷന്‍ നടപടികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരാല്‍ സാക്ഷ്യപ്പെടുത്താത്ത പ്രാദേശിക അഭിഭാഷകരുടെ ഫീസ് സംബന്ധിച്ച ബില്ലുകള്‍ തുടങ്ങി വെട്ടിപ്പുകള്‍ നടത്താനുള്ള മേഖലകള്‍ വളരെ വിപുലമാണ് ഇവിടെ.
ദേവസ്വം ബോര്‍ഡില്‍ കോടികളുടെ ബാധ്യതയില്‍ സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഡിറ്റ് സംവിധാനമുണ്ട്. തുടക്കത്തില്‍ രണ്ടോ മൂന്നോ ജീവനക്കാരുമായി ഒറ്റമുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ യൂണിറ്റ് ഇന്ന് വാഹനങ്ങള്‍ സഹിതം എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടി ജോയിന്റ് ഡയറക്ടര്‍ തസ്തിക ഉള്‍പ്പെടെ വിവിധ ഗ്രേഡിലുള്ള ഒട്ടനവധി ഉദ്യോഗസ്ഥരടക്കമുള്ള ഒരു ചെറിയ വകുപ്പായിത്തന്നെ പ്രവര്‍ത്തിക്കുന്നു. റിപ്പോര്‍ട്ട് നേരിട്ട് ഹൈക്കോടതിക്കു സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. അടിയന്തര സ്വഭാവമുള്ള ഏതൊരു ബജറ്റ് ഹെഡില്‍ നിന്നും കോടികള്‍ വകമാറി മരാമത്തുവകുപ്പിലേക്കു പോകും. ഇവിടെ ഒരു ധനവകുപ്പിന്റെയും അനുവാദം ആവശ്യമില്ല. ഒരു ട്രഷറി നിയന്ത്രണവുമില്ല. സാമ്പത്തിക നടപടികള്‍ മാത്രമുള്ള ഈ വകുപ്പില്‍ അപൂര്‍വമായുള്ള ടെസ്റ്റ്് ഓഡിറ്റ് മാത്രമാണുള്ളത്. ഇതിനെല്ലാം പുറമെയാണ് അനധികൃത നിയമനങ്ങള്‍ നടത്തി ബോര്‍ഡില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ചിലര്‍ മനപൂര്‍വം മിനക്കെട്ടിറങ്ങിയിരിക്കുന്നത്. ഇതെല്ലാം ദേവസ്വം ബോര്‍ഡിനെയും ക്ഷേത്രങ്ങളെയും അപകടത്തില്‍ നിന്ന് അപകടത്തിലേക്ക് നയിക്കുന്നതാണെന്നു വ്യക്തമായിട്ടും ദേവസ്വം വകുപ്പോ സര്‍ക്കാരോ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയാറായിട്ടില്ല.
Discussion about this post