ന്യൂദൽഹി: സ്ത്രീകൾ സമൂഹത്തെ നിലനിർത്തുന്ന ശക്തികളാണെന്ന് രാഷ്ട്ര സേവികാ സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി. വിജ്ഞാൻ ഭവനിൽ നടന്ന വനിതാ ചിന്തകരുടെ ദ്വിദിന ദേശീയ സമ്മേളനമായ ഭാരതിയുടെ ഉദ്ഘാടന സഭയിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു ശാന്തക്ക.
ഭാരതീയ സംസ്കാരത്തിൽ സ്ത്രീകൾക്ക് വളരെയധികം മൂല്യമുണ്ട്. സാക്ഷാൽ നാരായ ണിയാകാൻ പ്രാപ്തിയുള്ള നാരിമാരാണവർ. മംഗളാചരണമായാലും വേദപാരായണമായാലും ഓപ്പറേഷൻ സിന്ദൂറായാലും, എല്ലാ മേഖലകളിലും ഭാരതീയ സ്ത്രീകൾ സമാനതകളില്ലാത്ത ധൈര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
നാരിയിൽ നിന്ന് നാരായണിയിലേക്ക് ഒഴുകുന്ന അമൃത് രാജ്യമെമ്പാടും വ്യാപിപ്പിക്കണം. ശരിയായ ചർച്ചയിലൂടെ സ്ത്രീശക്തിയുടെ പുതിയ മാനങ്ങൾ ഉറപ്പിക്കുകയാണ് രണ്ട് ദിവസത്തെ ഭാരതി ദേശീയ സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ സ്ത്രീകൾ പാരമ്പര്യത്തിന്റെ മാത്രമല്ല, മാറ്റത്തിന്റെയും വാഹകരാണെന്ന് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. തീരുമാനമെടുക്കൽ, ധൈര്യം, കഠിനാധ്വാനം എന്നിവയ്ക്ക് ലിംഗഭേദമില്ല. ഇന്ന്, ഭാരതീയസ്ത്രീകൾ എല്ലാ മേഖലകളിലും പുരുഷന്മാരെക്കാൾ മികച്ചുനിൽക്കുന്നു. സ്ത്രീകൾ സ്വന്തം ലക്ഷ്യങ്ങൾ സ്ഥാപിക്കാൻ തുടങ്ങിയിരിക്കുന്നു. സ്ത്രീകൾ അവരുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പ്രതീക്ഷകൾ നിറവേറ്റണമെന്ന് രേഖാ ഗുപ്ത പറഞ്ഞു.
മുഴുവൻ കുടുംബത്തിന്റെയും ആരോഗ്യം പരിപാലിക്കുന്നതിനൊപ്പം, സ്ത്രീകൾ സ്വന്തം ആരോഗ്യവും ശ്രദ്ധിക്കണം. പെൺമക്കൾക്ക് മികച്ച അന്തരീക്ഷം നൽകണമെന്നും അവർക്ക് പറക്കാൻ തുറന്ന ആകാശം നൽകണമെന്നും അമ്മമാരോട് ദൽഹി മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
സമ്മേളനം നാളെ സമാപിക്കും. രാഷ്ട്രപതി ദ്രൗപദി മുർമു സമാപന പ്രഭാഷണം നടത്തും. ഭാരതീയ വിദ്വത് പരിഷത്ത്, രാഷ്ട്ര സേവിക സമിതി, സന്നദ്ധ സംഘടനയായ ശരണ്യ എന്നിവ ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
















Discussion about this post