മൈസൂരു: കരാറുകളുടെ അടിസ്ഥാനത്തിലല്ല സാമൂഹിക ബന്ധങ്ങള്‍ രൂപപ്പെടുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതത്തിന്റെ സമാജ സങ്കല്പവും പാശ്ചാത്യന്റെ സൊസൈറ്റി എന്ന ചിന്തയും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. നമ്മള്‍ ഒരുമ, സഹകരണം, കര്‍ത്തവ്യബോധം, പരസ്പരധാരണ എന്നിവയുടെ ആധാരത്തില്‍ സമാജമെന്ന നിലയില്‍ ഒത്തുചേരുമ്പോള്‍ അവര്‍ അത് സാമൂഹിക കരാര്‍ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ സമാജിക സമരസത: രാഷ്ട്രവികാസത്തിന്റെ കരുത്ത് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
ഭാരതം എന്നത് നമുക്ക് ആവാസസ്ഥാനമായ ഭൂമി മാത്രമല്ല, അത് നമുക്ക് അമ്മയാണ്, മാതൃഭൂമിയാണ്. നമ്മളെല്ലാം ആ അമ്മയുടെ മക്കളാണ്. ഇത് ഭരണപരമായി രൂപം കൊണ്ട ഘടനയല്ല. ഭൂമി, ജനങ്ങള്‍, സംസ്‌കൃതി ഇതെല്ലാം നമുക്ക് രാഷ്ട്രമാണ്. ഒരുമയുടെ ദര്‍ശനവും ജീവിതവും ഈ രാഷ്ട്രത്തിന്റെ പാരമ്പര്യമാണ്. അത് നമ്മുടെ ജീനിലുള്ളതാണ്. എന്നാലും ഇപ്പോഴും വിവേചനവും അസമത്വവും മനസുകളില്‍ നിലനില്‍ക്കുന്നു എന്നത് വാസ്തവമാണ്. അത് പൂര്‍ണമായും മാറണം. അതിന് പെരുമാറ്റത്തില്‍ വലിയ തോതില്‍ മാറ്റമുണ്ടാവണം. അതോടൊപ്പം എല്ലാത്തരം ഭിന്നതകളും ഇല്ലാതാവാന്‍ സമൂഹികമായ ഇടപെടലുകളും വൈകാരികമായ ഏകാത്മഭാവവും ഉണ്ടാവണം, സര്‍സംഘചാലക് പറഞ്ഞു.
സമത്വവും സമരസതയും കൂടാതെ സമൂഹജീവിതത്തില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ തുല്യത നിലനിന്നുപോവില്ലെന്ന് ഭരണഘടനയെ സംബന്ധിച്ച പ്രസംഗങ്ങളില്‍ ഡോ.ബി.ആര്‍. അംബേഡ്കര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു. രാഷ്ട്രത്തിന്റെ ഐക്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് സൗഹാര്‍ദം അനിവാര്യമായ ഘടകമാണ്.
വികസനം എന്നതുകൊണ്ട് ലക്ഷ്യമാക്കേണ്ടത് സമൂഹത്തിലെ ചിലരുടെ മാത്രം പുരോഗതി എന്നല്ല, മറിച്ച് അവസാനത്തെ ആളിന്റെയും പുരോഗതിയാണ് അതിന് മാനദണ്ഡമാകേണ്ടതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. സര്‍വേ ഭവന്തു സുഖിനഃ എന്നതാണ് ഭാരതീയ കാഴ്ചപ്പാട്. മത, സാമുദായിക സൗഹാര്‍ദങ്ങള്‍ മനുഷ്യത്വത്തിന്റെ അതിജീവനത്തിന് അനിവാര്യമാണ്. പെരുമാറ്റത്തിലൂടെ ജാതിഭിന്നതകള്‍ക്ക് അതീതമായി നമുക്ക് ഉയരാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. സാമാജിക സമരസത എന്നത് രാഷ്ട്രത്തിന്റെ സമഗ്രവികസനത്തിനുള്ള മാതൃകാവ്യവസ്ഥയാണ്. അത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിപാടിയില്‍ ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായ ച എന്ന പുസ്തകത്തിന്റെ പ്രകാശനം അദ്ദേഹം നിര്‍വഹിച്ചു. സുട്ടൂര്‍ മഠത്തിലെ ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജിയും പങ്കെടുത്തു.























Discussion about this post