ന്യൂദല്‍ഹി: ക്ഷേത്രങ്ങള്‍ ഭക്തസമൂഹത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ചരിത്രപ്രസിദ്ധമായ ഹര്‍ജിയില്‍ സുപ്രീം കോടതി ജൂലൈയില്‍ വാദം കേള്‍ക്കും. ക്ഷേത്രങ്ങളുടെ നടത്തിപ്പ് ഹിന്ദു സമൂഹത്തിന് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വാമി ദയാനന്ദ സരസ്വതി 2012ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം കേള്‍ക്കാന്‍ തീരുമാനമായത്. പ്രധാനമായും തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വാമി ദയാനന്ദ സരസ്വതി ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയയ്ക്കുകയും അവരുടെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. പലതവണ വാദം കേള്‍ക്കാന്‍ തീയതി നിശ്ചയിച്ചെങ്കിലും അത് മാറ്റിവയ്ക്കുകയായിരുന്നു.
ഒടുവില്‍, 2025 ഏപ്രിലില്‍ കേസ് കോടതിയില്‍ വന്നു. ഹര്‍ജി നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള നിയമങ്ങളെ വെല്ലുവിളിക്കുന്നതാണെന്നും ഈ നിയമങ്ങള്‍ ഏകീകൃതമല്ലെന്നും സര്‍ക്കാരുകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ഹര്‍ജി തള്ളി അതത് സംസ്ഥാനങ്ങളിലെ നിയമങ്ങളെ ചോദ്യം ചെയ്യേണ്ടത് അതത് ഹൈക്കോടതികളിലാണെന്നുമുള്ള വാദം അംഗീകരിച്ച സുപ്രീം കോടതി 13 വര്‍ഷമായി നിലനിന്ന ഹര്‍ജി തള്ളുകയായിരുന്നു.
ഹര്‍ജി തള്ളാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചു. നീണ്ട കോടതി നടപടികള്‍ക്ക് ശേഷം ഹര്‍ജി അതിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ കേള്‍ക്കേണ്ടതുണ്ടെന്ന് മെയ് 18ന്റെ ഉത്തരവില്‍ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ഹര്‍ജി തള്ളിക്കൊണ്ടുള്ള 2025 ഏപ്രിലിലെ ഉത്തരവ് പിന്‍വലിച്ചുകൊണ്ടാണ് ജൂലൈയില്‍ വാദം കേള്‍ക്കാനുള്ള തീരുമാനം.
കേസ് ഹിന്ദുസമൂഹം വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. ആലോക് കുമാര്‍ പറഞ്ഞു. ക്ഷേത്രങ്ങളുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം പൂര്‍ണമായും ഇല്ലാതാക്കണമെന്നും ഹിന്ദുക്കളുടെ പണം ഹിന്ദു സമൂഹത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.


















Discussion about this post