ഹൃദയത്തോടെന്നും ചേർന്നു നിന്ന ഒരു കവി മറയുന്നു….. ആദർശംകൊണ്ട് പ്രപഞ്ച ശില്പം കൊത്തിയ കവി… ഒരു പൈതൽച്ചിരിയിൽ ഒളിപ്പിച്ച തീക്ഷ്ണപരിഹാസ ധ്വനികൾ കൊണ്ട് നിർദയ സ്വാർത്ഥ ഭരണകൂടങ്ങളെ പൊള്ളിച്ച കവി…. പ്രിയപ്പെട്ട നാരായണക്കുറുപ്പ് സാർ
ഇത്തുടിയുടെ നെടുസൃഷ്ടിലയത്തില്‍-
പ്പെട്ടു പരാപര നിദ്രയിലലിവു
രുദ്രാനല വിദ്ധ്വംസക ശക്തി
കൊട്ടുവടിപ്രഹരം ഞാന്‍ തെല്ലിട
നിര്‍ത്തിപ്പോയാല്‍, ശിവകോപത്തി-
ന്നഗ്നിക്കണ്ണു തുറന്നേക്കാം; എന്‍
കര്‍മ്മമിതെന്നുടെ രക്ഷാകവചം
നിര്‍ത്തുന്നില്ല, പണി ഞാന്‍ ജീവിത-
ശില്പം തീര്‍ക്കാന്‍ ഭഗവന്‍! നേടിയ
ചിറ്റുളി വീതുളി കൊണ്ടിഹ മാറി-
ച്ചെത്തിയിരുപ്പു, മിനുക്കിയിരിപ്പു…
ചിരിയില്‍ ചിന്ത നിറച്ച് കവി മടങ്ങുന്നു…. ഇനി പൂർണതയുടെ നിലാവായി മാറിയ ചിരിയും ചിന്തയും ബാക്കി ….
തിരുവനന്തപുരത്ത് ഇരുപത്തിരണ്ട് കൊല്ലം മുമ്പ് സപ്തതി ആഘോഷിക്കുമ്പോള്‍ കവി അയ്യപ്പപ്പണിക്കര്‍ പറഞ്ഞത് കുറുപ്പച്ചന്റെ പിറന്നാള്‍ ആഘോഷം പദ്മനാഭന്റെ നടയിലാണെങ്കിലും ഓണാട്ടുകരക്കാരുടെ ഒരു സ്വകാര്യ സമ്മേളനം പോലെയാണിത് എന്നാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു. അയ്യപ്പപ്പണിക്കരും ഗുപ്തന്‍നായരും സുഗതകുമാരിയും കാവാലം നാരായണപ്പണിക്കരും…. അങ്ങനെയങ്ങനെ നിറഞ്ഞ സദസും വേദിയും…. അരിപ്പാട്ടെ കുറുപ്പച്ചന് വേലായുധന്റെ വേലാണ് പറ്റിയ പിറന്നാള്‍ സമ്മാനം എന്ന് കാര്യം തമാശയാക്കി പറഞ്ഞാണ് അന്ന് തപസ്യ കലാസാഹിത്യവേദി സംഘടനാ സെക്രട്ടറി ആയിരുന്ന സഞ്ജയേട്ടന്‍ (ആര്‍. സഞ്ജയന്‍) തപസ്യയുടെ ഉപഹാരമായി ആ വേല്‍ വാങ്ങിയത്…. ആക്ഷേപഹാസ്യം നിറഞ്ഞ ആ വേല്‍പ്രഹരത്തിന്റെ കരുത്ത് അപാരമായിരുന്നു.
പ്രപഞ്ചശില്പിയുടെ കൊട്ടുവടി അപ്പടി ഏറ്റുവാങ്ങി കവിതയില്‍ പ്രയോഗിക്കുകയായിരുന്നു നാരായണക്കുറുപ്പ് സാര്‍…. സര്‍ഗക്രിയയുടെ ആഴവും പരപ്പും അറിയുകയും പഠിക്കുകയും പഠിപ്പിക്കുകയും വിമര്‍ശിക്കുകയും ചെയ്തതിനൊപ്പമാണ് ആ കൊട്ടുവടിയാല്‍ അദ്ദേഹം ശില്പങ്ങള്‍ പണിതെടുത്തത്. അപൂര്‍ണതയാണ് ശില്പരഹസ്യം എന്ന് തിരിച്ചറിഞ്ഞ നാറാണത്ത് തച്ചന്‍…
മതിവരാതെ പിന്നെയും പിന്നെയും ചിറ്റുളി വീതുളി കൊണ്ട് ചെത്തിയും മിനുക്കിയും ഭംഗിനോക്കിയും …..
നിര്‍ത്തുന്നില്ലാ പണി ഞാന്‍ ജീവിത-
ശില്പം തീര്‍ക്കാന്‍ ഭഗവന്‍
എന്ന് പ്രതിജ്ഞയെടുക്കുകയും ഈ കൊട്ടുവടിപ്രഹരത്തുടിനാദം നിലയ്ക്കില്ലിത്തിരുനടയില്‍ എന്ന് ആത്മവിശ്വാസം കൊള്ളുകയും ചെയ്ത കവി…
കവിത അദ്ദേഹത്തിന് ശിവകലയാണ്. രുദ്രാനല വിദ്ധ്വംസക ശക്തിയെയും
പരാപര നിദ്രയിലലിയിക്കുന്ന കല…. ആ കൊട്ടുവടി കൈയിലുള്ളതുകൊണ്ട്
മര്‍മ്മം നോക്കി അധര്‍മ്മത്തിന്റെ നെറുകംതലയില്‍ കവി പലപാട് പ്രഹരിച്ചു. തൊട്ടാല്‍ പൊള്ളുന്ന നര്‍മ്മം കൊണ്ട് അധികാരകേന്ദ്രങ്ങളെ വിമര്‍ശിച്ചു. ആരെയും കൂസാതെ തന്റെ പക്ഷം നെഞ്ചൂക്കോടെ വിളിച്ചുപറഞ്ഞു.
കണ്ണൂരിലെ പുന്നാട്ട് അശ്വിനികുമാര്‍ എന്ന ഹിന്ദുസംഘടനാപ്രവര്‍ത്തകനെ മതതീവ്രവാദികള്‍ കൊന്നുകളഞ്ഞപ്പോള്‍ പൊള്ളുന്ന കണ്ണീര് പൊഴിഞ്ഞത് ഈ ഒരു കവിയില്‍ നിന്ന് മാത്രമാണ്.
അശ്വനി കുമാരാ… നീയശ്വത്ഥവൃക്ഷം എന്ന് പാടാന്‍ ഒരു കവിയേ മലയാളത്തിൽ ഉണ്ടായിരുന്നുള്ളൂ…..
കശ്മീരില്‍ തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്ന ഹാന്‍സ് ക്രിസ്ത്യന്‍ ഓസ്‌ത്രോ എന്ന കഥകളിപ്രേമിയായ വിദേശയുവാവിനായി
‘ഗീതാരഹസ്യം മൊഴിഞ്ഞു നീ പോയിപോല്‍
ശൈലമുകളല്ല, ശക്രലോകത്തല്ല.
ചെന്നു ജിഹാദിന്‍ ചുടലക്കളങ്ങളില്‍
എന്ന് എഴുതാന്‍ ചങ്കൂറ്റമുള്ള ഒരു തൂലികയേ മലയാളത്തില്‍ പിറന്നുള്ളൂ….
ന്യൂജന്‍ എഴുത്തുകാരില്‍ പലര്‍ക്കും കഞ്ചാവാണ് പാബ്ലോ നെരൂദ എന്ന് വിളിച്ചുപറയാന്‍ ഒരു നാരായണക്കുറുപ്പിന് മാത്രമേ കഴിയൂ….
പത്താം നൂറ്റാണ്ടിൽ കൂടിയാട്ടത്തിലെ സംസ്കൃതം കലർന്ന മലയാളം മുതൽ പോയ നൂറ്റാണ്ടിൽ വേലുത്തമ്പി ദളവ കുണ്ടറ വിളംബരത്തിലൂടെ ഗർജിച്ച പ്രൗഢമലയാളം വരെ ആയിരത്താണ്ടിൻ്റെ ഭാഷാ വസന്തത്തെ ഒറ്റയടിക്ക് വെട്ടിനിരത്തിയാണ് ഹെർമൻ ഗുണ്ടർട്ട് റബർ നട്ട് വിളയിച്ചെടുത്തതാണ് മലയാളമെന്ന് ചിലർ വാദിക്കുന്നത് എന്ന് ക്രുദ്ധനാകാൻ അദ്ദേഹത്തിനേ കഴിയുമായിരുന്നുള്ളൂ.
അഴിഞ്ഞു പോയ ചങ്ങല പിന്നെയും വലിച്ച് കാലിൽ കെട്ടി അടിമത്തത്തിൻ്റെ സുഖം നുകരുന്നവരെ സാംസ്‌കാരിക നായകരെന്നല്ല പ്രാകൃത മൂഢരെന്നേ സഹതപിക്കാനാവൂ എന്ന് വിളിച്ചു പറയാൻ ഒരു കവിയേ മലയാളത്തിൽ ഉണ്ടായുള്ളൂ….
തപസ്യയെ രണ്ടാമൂഴം നയിക്കാന്‍ നിയുക്തനായപ്പോള്‍ പേരൂര്‍ക്കട ഇന്ദിര നഗറിലെ വീട്ടില്‍ കണ്ട് സംസാരിക്കവേ അദ്ദേഹത്തിന്റെ ചോദ്യം കവിക്കെന്തിന് സംഘടന എന്നായിരുന്നു. ഒപ്പം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു,
തപസ്യ സംഘടനയല്ല സാധനയാണ്… കവിയെ, കഥാകൃത്തിനെ, ശില്പിയെ, ചിത്രകാരനെ, നര്‍ത്തകനെ, അഭിനേതാവിനെ മാത്രമല്ല ആകെയീ സര്‍ഗപ്രപഞ്ചത്തെത്തന്നെ നിലനിര്‍ത്തുന്ന തപസ്യ…. അകം അങ്ങനെ വികസിക്കണം. അകന്നുപോകാത്ത വിധം എല്ലാവരും അടുക്കണം… അപ്പോഴാണല്ലോ തപസ്യ തപസ്യയാകുന്നത്….
കവി പാഠമാണ്….
ഓളത്തിന്മേല്‍ നടന്നപ്പുറം
അമൃതപുരോത്തുംഗമാം സ്ഥാനമെത്താന്‍
കാലിന്നെത്രയ്‌ക്കെളുപ്പം! നളിനനിര
ചേര്‍ക്കുന്നിതാ നവ്യമാര്‍ഗ്ഗം….
(പത്മപാദന്‍)
കവി നാരായണക്കുറുപ്പിന് , പ്രിയപ്പെട്ട കുറുപ്പ് സാറിന്
ഹൃദയം കൊണ്ട് പ്രണാമം
















